Sub Lead

താനൂരില്‍ യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യാ മാതാവ് മരണപ്പെട്ടു

താനൂരില്‍ യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യാ മാതാവ് മരണപ്പെട്ടു
X

മലപ്പുറം: താനൂര്‍ മൂലക്കലില്‍ വേര്‍പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും നേരെ യുവാവ് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യാ മാതാവ് മരണപ്പെട്ടു. താനൂര്‍ മൂലക്കല്‍ പണ്ടാരവളപ്പ് മുത്തംപറമ്പില്‍ ജയ(50)യാണ് വ്യാഴാഴ്ച വൈകീട്ടോടെ മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ഇവരെ ആക്രമിച്ചതിന് ശേഷം പോലിസില്‍ കീഴടങ്ങിയ കെ.പുരം പൊന്നാട്ടില്‍ പ്രദീപ്(38) റിമാന്‍ഡിലാണ്. തിങ്കളാഴ്ച രാത്രി ഏഴോടെ മൂലക്കല്‍ ചേന്ദംകുളങ്ങര റോഡിലാണ് ആക്രമണമുണ്ടായത്. പ്രദീപിന്റെ ഭാര്യയായിരുന്ന രേഷ്മ(30)യെയും പിതാവ് വേണു(55)വിനെയും ഇരുമ്പു വടിയുമായി ആക്രമിച്ചശേഷം സമീപത്തെ ഭാര്യവീട്ടിലെത്തി ഭാര്യമാതാവ് ജയയെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലിസ് സംഘമാണ് ജയയെ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ആക്രമണത്തിനു ശേഷം പോലിസ് സ്‌റ്റേഷനിലെത്തിയ പ്രതി താന്‍ ഭാര്യയും മാതാപിതാക്കളെയും കൊലപ്പെടുത്തിയെന്ന് പറഞ്ഞാണ് കീഴടങ്ങിയത്. മൂന്ന് പേരും അക്രമത്തില്‍ മരണപ്പെട്ടെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്. വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യ കൂടെ താമസിക്കാന്‍ തയ്യാറാവാത്തതും കുട്ടിയെ വിട്ടു നല്‍കാത്തതുമാണ് ആക്രമണത്തിനു കാരണം. ഗുരുതരമായി പരിക്കേറ്റ ഭാര്യ രേഷ്മ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രേഷ്മയുടെ പിതാവ് വേണുവിനെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണപ്പെട്ട ജയ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ താനാളൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. രഞ്ജിത് മകനാണ്. സംഭവത്തില്‍ പ്രദീപിനെതിരേ നേരത്തെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. ഇപ്പോള്‍ കൊലക്കുറ്റം കൂടി ഉള്‍പ്പെടുത്തിയതായി എസ്‌ഐ ജലീല്‍ കറുത്തേടത്ത് അറിയിച്ചു.

Next Story

RELATED STORIES

Share it