Sub Lead

ശൗര്യചക്ര ജേതാവിന്റെ മാതാവിനെയും നാടുകടത്തും; രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ഷമീമയാണ് നാടുവിടേണ്ടത്

ശൗര്യചക്ര ജേതാവിന്റെ മാതാവിനെയും നാടുകടത്തും; രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ഷമീമയാണ് നാടുവിടേണ്ടത്
X

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് നാടുകടത്താനുള്ള പാകിസ്താന്‍ പൗരന്‍മാരുടെ പട്ടികയില്‍ ശൗര്യചക്ര ജേതാവിന്റെ മാതാവും. 2022 മേയില്‍ കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട, ജമ്മുകശ്മീര്‍ പോലിസിലെ പ്രത്യേക ഓപ്പറേഷണല്‍ ഗ്രൂപ്പിലെ അംഗമായിരുന്ന, മുദാസിര്‍ അഹമദ് ശെയ്ഖിന്റെ മാതാവായ ഷമീമ അക്തറിനെയാണ് നാടുകടത്താന്‍ പോവുന്നത്. പാകിസ്താന്‍ പൗരത്വമുള്ള ഇവരെ പഞ്ചാബിലെ വാഗ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി.

2023ല്‍ മുദാസിര്‍ അഹമദ് ശെയ്ഖിന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നല്‍കിയിരുന്നു. യുദ്ധേതരഘട്ടത്തില്‍ ശത്രുക്കള്‍ക്കെതിരായുള്ള വീരതയോടും ആത്മത്യാഗത്തോടും കൂടി പോരാടുന്നവര്‍ക്ക് നല്‍കുന്ന സൈനിക ബഹുമതിയാണ് ശൗര്യ ചക്ര. യുദ്ധസമയത്തുനല്‍കുന്ന വീര ചക്രക്ക് തത്തുല്യമായ ബഹുമതിയാണിത്. 2023 മേയില്‍ ഷമീമ അക്തര്‍ ഈ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങി.

പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരുകാരിയാണ് ഷമീമയെന്ന് മുദാസിറിന്റെ അമ്മാവന്‍ മുഹമ്മദ് യൂനുസ് പറഞ്ഞു. മുദാസിര്‍ മരിച്ചതിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരിക്കലും ലഫ്റ്റനന്റ് ഗവര്‍ണര്‍ രണ്ടു തവണയും വീട് സന്ദര്‍ശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 45 വര്‍ഷമായി ഇന്ത്യയിലാണ് ഷമീമ ജീവിക്കുന്നതെന്നും മുഹമ്മദ് യൂനുസ് വിശദീകരിച്ചു. കശ്മീരി പോലിസ് സേനയിലെ ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് മഖ്‌സൂദാണ് ഷമീമയുടെ ഭര്‍ത്താവ്. മുദാസിര്‍ കൊല്ലപ്പെട്ടതിന് ശേഷം ബാരാമുല്ലയിലെ ടൗണ്‍ ചത്വരത്തിന്റെ പേര് ഷഹീദ് മുദാസിര്‍ ചൗക്ക് എന്നാക്കിയിരുന്നു.

2010ല്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി പാകിസ്താന്‍ നിയന്ത്രണത്തിലുള്ള കശ്മീരില്‍ നിന്നും തിരികെയെത്തിയ 60 സായുധരുടെ ഭാര്യമാരും തിരിച്ചയക്കുന്നവരുടെ പട്ടികയിലുണ്ട്.

Next Story

RELATED STORIES

Share it