Sub Lead

മത പരിവര്‍ത്തന ആരോപണം; എട്ട് ക്രൈസ്തവരെ വെറുതെ വിട്ടു

കുട്ടികളെ മതപരിവര്‍ത്തനത്തിനായി നാഗ്പൂരിനടുത്തുള്ള ഒരു ക്യാംപിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കുട്ടികളും രക്ഷിതാക്കളും തള്ളി.

മത പരിവര്‍ത്തന ആരോപണം; എട്ട് ക്രൈസ്തവരെ വെറുതെ വിട്ടു
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ നിന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി 60 കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ കുറ്റാരോപിതരായ എട്ട് ക്രിസ്ത്യാനികളെ രത്‌ലാമിലെ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കി.കുട്ടികളെ മതപരിവര്‍ത്തനത്തിനായി നാഗ്പൂരിനടുത്തുള്ള ഒരു ക്യാംപിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കുട്ടികളും രക്ഷിതാക്കളും തള്ളി. 2017 മെയ് മാസത്തില്‍ 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ എട്ട് മുതിര്‍ന്നവരോടൊപ്പം ജാബുവ ജില്ലയിലെ മേഘ്‌നഗറില്‍ നിന്ന് ട്രെയിനില്‍ കയറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഹിന്ദുത്വ സംഘടനകള്‍ അറിയിച്ചതിനെതുടര്‍ന്ന് പോലിസെത്തി രത്‌ലം സ്‌റ്റേഷനില്‍ വച്ച് ഇവരെ തടഞ്ഞു നിര്‍ത്തുകയും സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന എട്ടു പേര്‍ക്കെതിരേ ഇന്ത്യന്‍ശിക്ഷാ നിമയത്തിലെ മതസ്വാതന്ത്ര്യ നിയമ പ്രകാരമുള്ള വിവിധ വകുപ്പുകള്‍ ചാര്‍ത്തി കേസ് എടുക്കുകയുമായിരുന്നു. ആണ്‍കുട്ടികളെ രത്‌ലാമിലെ ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റിയതോടെ സംഘത്തിലുണ്ടായിരുന്ന 28 പെണ്‍കുട്ടികള്‍ക്ക് ഒരു രാത്രി മുഴവുന്‍ സ്‌റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ കഴിയേണ്ടി വന്നിരുന്നു. പെണ്‍കുട്ടികളെ പിന്നീട് ജാവോറയിലെ ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. മുതിര്‍ന്നവരുടെ പക്കല്‍ കുട്ടികളുമായി ബന്ധപ്പെട്ട ഒരു രേഖയുമില്ലെന്നും കുട്ടികളെ നാഗ്പൂരിനടുത്തുള്ള ക്യാംപിലേക്ക് കൊണ്ടുപോകുന്നത് എന്തിനാണെന്ന് വിശദീകരിക്കാനായില്ലെന്നും പോലിസ് അവകാശപ്പെട്ടിരുന്നു.

ഇത് മനുഷ്യക്കടത്ത്, നിര്‍ബന്ധിത ബാലവേല, ബാല മോഷണം എന്നിവയായിരിക്കാമെന്നും പോലിസ് പറഞ്ഞിരുന്നു. തന്റെ കൗമാരക്കാരനായ മകനെ എങ്ങോട്ടാണ് കൊണ്ടുപോവുന്നതെന്ന് തനിക്കറിയാമെന്ന് 14കാരന്റെ പിതാവ് പോലിസിന് മുന്നിലെത്തി മൊഴി നല്‍കിയിട്ടും കേസ് ഒഴിവാക്കാന്‍ പോലിസ് വിസമ്മതിക്കുകയായിരുന്നു.

അറസ്റ്റിലായ എട്ടുപേര്‍ വിവിധ പ്രൊട്ടസ്റ്റന്റ് സഭകളിലെ അംഗങ്ങളും ചിലര്‍ കുട്ടികളുടെ ബന്ധുക്കളുമായിരുന്നുവെന്ന് ജാബുവ ജില്ലയിലെ നിരവധി ഗ്രാമങ്ങള്‍ സഞ്ചരിച്ച് കുട്ടികളുടെ കുടുംബങ്ങളുമായി സംസാരിച്ച് മാധ്യമങ്ങള്‍ നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്നും കുട്ടികളെ കൊണ്ടുപോവാന്‍ തങ്ങള്‍ സമ്മതം നല്‍കിയിരുന്നുവെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയിരുന്നു.

മാതാപിതാക്കളടക്കം 20 സാക്ഷികളില്‍ ആരും പ്രോസിക്യൂഷന്‍ വാദത്തെ പിന്തുണച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വിവേക് കുമാര്‍ ശ്രീവാസ്തവയെ പ്രതികളെ കുറ്റവിമുക്തരാക്കിയത്. മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന എഡിഎഫ് ഇന്റര്‍നാഷണല്‍ എന്ന നിയമസഹായ വേദിയാണ് പ്രതികള്‍ക്കു വേണ്ടി ഹാജരായത്.


Next Story

RELATED STORIES

Share it