Sub Lead

റിപബ്ലിക് ദിനത്തില്‍ പാകിസ്താന് ആശംസാ സന്ദേശം; ബാഗല്‍കോട്ട് സ്വദേശിയായ യുവതി അറസ്റ്റില്‍

'ഐക്യവും സൗഹാര്‍ദവും എല്ലാ രാജ്യത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ' എന്നായിരുന്നു റിപബ്ലിക് ദിനത്തില്‍ പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നുള്ള ഉറുദു ഭാഷയിലുള്ള യുവതിയുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ്.

റിപബ്ലിക് ദിനത്തില്‍ പാകിസ്താന് ആശംസാ സന്ദേശം; ബാഗല്‍കോട്ട് സ്വദേശിയായ യുവതി അറസ്റ്റില്‍
X

ബംഗളൂരു: പാകിസ്താന്‍ റിപബ്ലിക് ദിനത്തിന്റെ പേരില്‍ വാട്‌സ് ആപ്പില്‍ ആശംസാ സന്ദേശമയച്ച യുവതിയെ അറസ്റ്റുചെയ്തു. ബാഗല്‍കോട്ട് മുധോള്‍ സ്വദേശിനിയായ കുത്മ ഷെയ്ക് (25) ആണ് അറസ്റ്റിലായത്. മാര്‍ച്ച് 23ന് പാകിസ്താന്‍ റിപബ്ലിക് ദിനത്തിന്റെ ആശംസ യുവതി വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതിനെതിരേ മുധോള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റായ അരുണ്‍കുമാര്‍ ബജന്‍ത്രി നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് മുധോള്‍ പോലിസ് പറഞ്ഞു. 'ഐക്യവും സൗഹാര്‍ദവും എല്ലാ രാജ്യത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ' എന്നായിരുന്നു റിപബ്ലിക് ദിനത്തില്‍ പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നുള്ള ഉറുദു ഭാഷയിലുള്ള യുവതിയുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ്.

പാകിസ്താന്‍ റിപബ്ലിക് ദിനത്തില്‍ സന്ദേശം പോസ്റ്റ് ചെയ്ത് സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നുമാവശ്യപ്പെട്ടാണ് അരുണ്‍കുമാര്‍ മാര്‍ച്ച് 24ന് പോലിസില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ (ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തല്‍), 505 രണ്ട് (ശത്രുതയും വിദ്വേഷവും പരത്തുന്ന പ്രസ്താവന നടത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

മുധോളിലെ മദ് റസയിലെ സീനിയര്‍ വിദ്യാര്‍ഥിനിയാണ് യുവതി. സമാധാനം സംരക്ഷിക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. 'യുവതിയുടെ പോസ്റ്റ് പാകിസ്താന്റെ റിപബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യാഖ്യാനിക്കാം. ഞങ്ങള്‍ കൃത്യസമയത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇത് അസ്വസ്ഥതകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്രതിഷേധങ്ങള്‍ക്കും ഇടയാക്കും- ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍, പോലിസിന്റെ അറസ്റ്റ് നടപടിക്കെതിരേ വിമര്‍ശനവുമായി ഒരുവിഭാഗം ആക്ടിവിസ്റ്റുകള്‍ രംഗത്തുവന്നു. ആളുകളെ അറസ്റ്റുചെയ്യുന്നതിന് മുമ്പ് പോലിസിന് അവരുടെ വിവേകവും വിധിയും ഉപയോഗിക്കേണ്ടതുണ്ടെന്ന് അത്താണി ആസ്ഥാനമായുള്ള അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ ഭീമനഗൗഡ പരഗൊണ്ട പറഞ്ഞു. പരാതിയിലെ ആരോപണങ്ങള്‍ നിയമപരമായ പരിശോധനയ്ക്ക് വിധേയമാവില്ല. പോലിസിന്റെ മുട്ടുമടക്കുന്ന ഇടപെടലുകള്‍ നിരപരാധികളെ ദ്രോഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it