Sub Lead

ജയ് ശ്രീറാം വിളിക്കാനുള്ള ആവശ്യം നിരാകരിച്ച മുഅദ്ദിന് മര്‍ദ്ദനം

പുലര്‍ച്ചെ സൈക്കിളില്‍ മസ്ജിദിലേക്ക് പോവുന്നതിനിടെ ചക്ബസാറില്‍ താമസിക്കുന്ന 54 കാരനായ മുഹമ്മദ് സൂഫിയുദ്ദീനെ മൂന്നു ബൈക്കുകളിലായി എത്തിയ അക്രമി സംഘം തടഞ്ഞുനിര്‍ത്തുകയും ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ജയ് ശ്രീറാം വിളിക്കാനുള്ള ആവശ്യം നിരാകരിച്ച മുഅദ്ദിന് മര്‍ദ്ദനം
X

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ജയ്ശ്രീറാം വിളിക്കാനുള്ള ആവശ്യം നിരാകരിച്ച മുഅദ്ദിന് (ബാങ്ക് വിളിക്കുന്നയാള്‍) നേരെ ആക്രമണം. ഹൂഗ്ലി ജില്ലയിലെ ചിന്‍സുര ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ സൈക്കിളില്‍ മസ്ജിദിലേക്ക് പോവുന്നതിനിടെ ചക്ബസാറില്‍ താമസിക്കുന്ന 54 കാരനായ മുഹമ്മദ് സൂഫിയുദ്ദീനെ മൂന്നു ബൈക്കുകളിലായി എത്തിയ അക്രമി സംഘം തടഞ്ഞുനിര്‍ത്തുകയും ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

'തന്റെ മത സ്വത്വത്തെക്കുറിച്ച് ഞാന്‍ അവരോട് പറഞ്ഞു, ജയ് ശ്രീറാം മുഴക്കാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്ന് അവരോട് അഭ്യര്‍ത്ഥിച്ചു. ഈ സമയത്ത്, ഒരു യുവാവ് തന്നെ കഠിനമായി തല്ലി, താന്‍ സൈക്കിളിനൊപ്പം വീണു. താന്‍ വേദന കൊണ്ട് നിലവിളിച്ചപ്പോള്‍ അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അതിരാവിലെ ആയതിനാല്‍ ചുറ്റും ആരും ഉണ്ടായിരുന്നില്ല'- സൂഫിയുദ്ദീനെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് സൂഫിയുദ്ദീന്‍ ചിന്‍സുര പോലീസ് സ്‌റ്റേഷനിലെത്തി അക്രമി സംഘത്തിനെതിരേ പരാതി നല്‍കി. 'തങ്ങള്‍ക്ക് പരാതി ലഭിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ചന്ദര്‍നഗൂരിലെ പോലീസ് കമ്മീഷണര്‍ ഗൗരവ് ശര്‍മ ടെലിഗ്രാഫിനോട് പറഞ്ഞു. മുഅദ്ദിനെ ഉപദ്രവിച്ച സംഭവത്തില്‍ തങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ടാല്‍, അവര്‍ക്കെതിരെ പോലിസ് നടപടിയെടുക്കുമെന്ന് ഉറപ്പാക്കുമെന്ന് ബിജെപിയുടെ ജില്ലാ മേധാവി ഗൗതം ചാറ്റര്‍ജി ഉറപ്പ് നല്‍കി.

ചിന്‍സുരയിലെ സാമുദായിക ഐക്യത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു. 'സൂഫിയുദ്ദീനെതിരായ ആക്രമണം നമ്മുടെ സംസ്‌കാരത്തെയും ഐക്യത്തെയും തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തെയാണ് കാണിക്കുന്നത്.സംഭവത്തെ തങ്ങള്‍ ശക്തമായി അപലപിക്കുന്നു'- തൃണമൂല്‍ നേതാവും സംസ്ഥാന കാര്‍ഷിക വിപണന മന്ത്രിയുമായ തപന്‍ ദാസ് ഗുപ്ത പറഞ്ഞു.

Next Story

RELATED STORIES

Share it