Sub Lead

ബൈസാരനിലെ സുരക്ഷാപിഴവിനെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച മോദി ഭരണകൂടം മാപ്പ് പറയണം; ജുഡീഷ്യല്‍ അന്വേഷണം നടത്തണം

ബൈസാരനിലെ സുരക്ഷാപിഴവിനെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച മോദി ഭരണകൂടം മാപ്പ് പറയണം; ജുഡീഷ്യല്‍ അന്വേഷണം നടത്തണം
X

മലപ്പുറം: പഹല്‍ഗാമിലെ ബൈസാരനില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ട ദുരന്തം നേരിടാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തെ കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ചതിനെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ശക്തമായി അപലപിച്ചു. ബൈസാരനിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ണായകമായ വസ്തുതകള്‍ മറച്ചുവെച്ചെന്ന പുതിയ വെളിപ്പെടുത്തലുകളോടെ സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ന്നിരിക്കുന്നു.

2025 ഏപ്രില്‍ 20ന് ബൈസാരന്‍, പോലിസ് അനുമതിയില്ലാതെ വിനോദസഞ്ചാരികള്‍ക്കായി തുറന്നുവെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ പറഞ്ഞത്. ഇതിന് പ്രാദേശിക ഭരണകൂടത്തെയാണ് കുറ്റപ്പെടുത്തിയത്. എന്നാല്‍, ജമ്മു കാശ്മീര്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ ഇന്ന് വ്യക്തമാക്കിയതുപോലെ, മഞ്ഞുകാലം ഒഴികെയുള്ള മാസങ്ങളില്‍ ബൈസാരന്‍ തുടര്‍ച്ചയായ് സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ടായിരുന്നു. ഇതിന് പോലിസിന്റെ അനുമതി ഒരിക്കലും ആവശ്യമായിരുന്നില്ല എന്നും അവര്‍ വെളിപ്പെടുത്തി. ഈ വ്യക്തമായ വൈരുദ്ധ്യം കേന്ദ്രസര്‍ക്കാര്‍ സ്വന്തം പരാജയങ്ങള്‍ മറച്ചുവയ്ക്കാന്‍ നടത്തിയ ശ്രമം അനാവരണം ചെയ്യുന്നു. പ്രത്യേകിച്ച് 2019 മുതല്‍ അമിത്ഷായുടെ നേരിട്ട് സുരക്ഷാ മേല്‍നോട്ടത്തിലുള്ള മേഖലയില്‍.

ഭീകരതയ്‌ക്കെതിരെ തുറന്ന സംഭാഷണത്തിനും സംയുക്ത നടപടികള്‍ക്കും വേണ്ടി ചേര്‍ന്ന യോഗത്തില്‍ പോലും സര്‍ക്കാര്‍ കാപട്യം കാണിച്ചതിനെ അംഗീകരിക്കാനാകില്ല. ഇത് സര്‍ക്കാരിന്റെ വിശ്വാസ്യതയെ മാത്രമല്ല, ജമ്മു കാശ്മീരിലെ ഗുരുതരമായ സുരക്ഷാ സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള സര്‍ക്കാരിന്റെ കഴിവിനെയും കടുത്ത സംശയത്തിന്റെ നിഴലിലാക്കുന്നു. ബൈസാരന്‍ പോലുള്ള പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രത്തില്‍ സുരക്ഷാ സാന്നിധ്യം, നിരീക്ഷണം, അതിവേഗ പ്രതികരണ സംവിധാനം എന്നിവയുടെ അഭാവം കാരണം ഭീകരാക്രമണം നടന്നത് ഗൗരവമായ പിഴവുമാണ്. അതിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ഉത്തരവാദിയാണ്.

സര്‍വകക്ഷി യോഗത്തെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചതിന് സര്‍ക്കാരില്‍ ഉടനെ മാപ്പ് പറയണം എന്ന് എസ്ഡിപിഐ ആവശ്യപ്പെടുന്നു. കൂടാതെ, സംഭവിച്ച ദുരന്തത്തിന് വഴിയൊരുക്കിയ സുരക്ഷാപിഴവുകളും സര്‍ക്കാരിന്റെ വൈരുദ്ധ്യമുള്ള മൊഴികള്‍ക്ക് പിന്നിലുള്ള സത്യവും പുറത്തുകൊണ്ടുവരുന്നതിന് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കണം. ഇന്ത്യന്‍ ജനതയും പ്രത്യേകിച്ച് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളും ആ ഉത്തരവാദിത്തവും സുതാര്യതയുമാണ് പ്രതീക്ഷിക്കുന്നത്, രാഷ്ട്രീയ കപടതയല്ലെന്നും മുഹമ്മദ് ഷെഫി പറഞ്ഞു.

Next Story

RELATED STORIES

Share it