- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരേ നിലകൊണ്ടു; ബാബരിക്ക് സംരക്ഷണമൊരുക്കിയ 'മൗലാനാ മുലായം'
ന്യൂഡല്‍ഹി: എല്ലാ കാലത്തും ദലിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ രാഷ്ട്രീയ നേതാവായിരുന്നു മുലായം സിങ് യാദവ്. ദലിത്, മുസ്ലിം ആഭിമുഖ്യവും ഏറ്റവും ദരിദ്രജനവിഭാഗങ്ങളോടുള്ള കൂറും പുലര്ത്തുയതിന്റെ പേരില്‍ അദ്ദേഹം നേരിട്ട വെല്ലുവിളികളും പരിഹാസങ്ങളും നിരവധിയാണ്. മുസ്ലിംകള് അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കൊപ്പം നിലകൊണ്ടതിനാല്‍ 'മൗലാന മുലായം' എന്ന് വിളിച്ചാണ് ബിജെപി പരിഹസിച്ചിരുന്നത്. രാജ്യത്തിനകത്തും പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നടത്തിയ നീക്കങ്ങളെ പ്രതിരോധിക്കാന്‍ എക്കാലത്തും മുന്നില്‍ നിന്ന നേതാവായിരുന്നു മുലായം.
രാജ്യത്ത് സംഘപരിവാര്‍ അഴിച്ചുവിടുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരേ അദ്ദേഹം സംവദിച്ചുകൊണ്ടിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരേ നിരന്തരം പോരാടി മതേതരത്വം ഊട്ടിയുറപ്പിക്കുന്ന നിലപാടുകള്‍ രാജ്യമെങ്ങും ജനമനസ്സുകളില്‍ ഇടംനേടാന്‍ സഹായകരമായി. യുപിയിലെ സവര്‍ണ മേധാവിത്ത രാഷ്ട്രീയത്തിന് അന്ത്യംകുറിച്ച് പിന്നാക്ക രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച മുലായത്തിന്, ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ പ്രതിരോധിക്കേണ്ടിവന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി രാജ്യത്തെ വര്‍ഗീയമായി ഭിന്നിക്കാനായി അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന എല്‍ കെ അദ്വാനി നടത്തിയ രഥയാത്രയ്ക്ക് കടിഞ്ഞാണിടാന്‍ പരസ്യമായി പ്രഖ്യാപിച്ച് ആദ്യം മുന്നോട്ടുവന്ന നേതാവാണ് മുലായം.
1990ല്‍ യുപി മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ഇത്. രഥയാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിക്കാന്‍ കാരണമാവുന്ന വര്‍ഗീയ വിദ്വേഷ നീക്കങ്ങള്‍ മുന്നില്‍ക്കണ്ടായിരുന്നു മുലായത്തിന്റെ പ്രതിരോധം. 1990 ഒക്ടോബര്‍ 30ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കര്‍സേവകര്‍ നിലയുറപ്പിച്ചപ്പോള്‍ പോലിസ് വെടിവയ്പ്പിന് ഉത്തരവിട്ടത് മുലായം ആയിരുന്നു. വെടിവയ്പ്പില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കര്‍സേവകരെ എത്തിച്ച വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസിന്റെയും നടപടി ക്രമസമാധാന പ്രശ്നത്തിലേക്ക് നീങ്ങിയതോടെയാണ് അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ് വെടിവയ്പ്പിന് ഉത്തരവിട്ടത്.
രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് എല്‍കെ അദ്വാനി നടത്തിയ രഥയാത്രയുടെ സമാപനത്തിനാണ് വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസിന്റെയും ആഹ്വാനപ്രകാരം കര്‍സേവകര്‍ അയോധ്യയിലെത്തിയത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന ആശങ്കയുള്ളതുകൊണ്ട് ഇവിടേക്ക് ആരേയും പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ സുരക്ഷാ വലയം ഭേദിക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് വെടിവയ്പ്പുണ്ടായത്. അയോധ്യയില്‍ കര്‍സേവകര്‍ക്കെതിരായ വെടിവയ്പ്പ് തെറ്റായിരുന്നില്ലെന്ന് മുലായം സിങ് യാദവ് പില്ക്കാലത്ത് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അനിവാര്യമായ നടപടിയായിരുന്നു അത്. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ അതിലുമധികം ആളുകളെ കൊല്ലേണ്ടിവന്നിരുമെങ്കില് പൊലിസ് അങ്ങനെ ചെയ്യുമായിരുന്നുവെന്നും പോലിസ് നടപടിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ ശക്തികളില്‍ നിന്ന് ബാബരി മസ്ജിദിനെ സംരക്ഷിക്കുന്നതില്‍ അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു പരാജയപ്പെട്ടപ്പോള്‍ അധികാരത്തിലിരുന്ന കാലത്തോളം മുഖ്യമന്ത്രിയെന്ന നിലയ്ക്ക് തന്നാലാവുന്ന വിധം പ്രതിരോധം തീര്‍ക്കാന്‍ മുലായം ശ്രമിച്ചിരുന്നു. 1989ല്‍ ആദ്യമായി യുപി മുഖ്യമന്ത്രിയായത് ബിജെപിയുടെ പുറമേ നിന്നുള്ള പിന്തുണയോടെയാണ് എങ്കിലും തന്റെ നിലപാട് മുലായം തുടര്‍ന്നു. ബാബരി മസ്ജിദ് വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേ കര്‍ശന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ബിജെപി പിന്തുണ പിന്‍വലിച്ചെങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെ 1991 വരെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു.
മുലാലയത്തിന്റെ ന്യൂനപക്ഷ സംരക്ഷണ നിലപാടുകള്‍ അദ്ദേഹത്തെ എക്കാലവും ബിജെപിയുടെ കണ്ണിലെ കരടാക്കി. അയോധ്യ രാമക്ഷേത്ര നിര്‍മാണ ആവശ്യം വീണ്ടും ശക്തമാക്കിയ ഹിന്ദുത്വ ശക്തികള്‍, ബിജെപി 1991ല്‍ അധികാരത്തിലെത്തിയ ശേഷമാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കുന്നത്. പിന്നാലെ ബിജെപിക്ക് അധികാരം നഷ്ടമാവുകയും 1993ല്‍ മുലായം പുതിയ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് നേരിടുകയും അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. അന്ന് സമാജ് വാദി പാര്‍ട്ടി ഒറ്റയ്ക്കാണ് അധികാരത്തില്‍ വന്നത്.
1992 ഒക്ടോബര്‍ നാലിന് രൂപീകൃതമായ സമാജ്വാദി പാര്‍ടി ദരിദ്രരുടെ പ്രശ്നങ്ങളില്‍ ഊന്നി. തിരഞ്ഞെടുപ്പ് ചിഹ്നം സാധാരണക്കാരുടെ വാഹനമായ സൈക്കിള്‍. അസമത്വത്തിനും അനീതിക്കുമെതിരേ വിദ്യാര്‍ഥി നാളുകളിലേ രോഷത്തോടെ പ്രതികരിച്ച മുലായം പില്ക്കാലത്ത് അധസ്ഥിതരുടെയും പിന്നാക്കക്കാരുടെയും നേതാവായി മാറി. ഗുസ്തിക്കാരനാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പരിശീലനത്തിനിടെ പരിചയപ്പെട്ട നട്ടു സിങഗ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി.
സോഷ്യലിസ്റ്റ് നേതാവ് രാംമനോഹര്‍ ലോഹ്യയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് വന്നത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്തര്‍പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായം വളര്‍ന്നു. ഇറ്റാവയിലെ കര്‍മക്ഷേത്ര കോളജ് വിദ്യാര്‍ഥിയായിരിക്കെ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള 'ജാന്‍' പത്രം രാഷ്ട്രീയചിന്തകളെ പിടിച്ചുലച്ചു. മല്‍സരിച്ച ഏതാണ്ട് എല്ലാ തിരഞ്ഞെടുപ്പുകളിലും വെന്നിക്കൊടി പാറിച്ച മുലായം എട്ടുവട്ടം നിയമസഭയില്‍ അംഗമായി.
2004ല്‍ ഗുന്നാവ് നിയമസഭാ സീറ്റില്‍നിന്ന് 92 ശതമാനം വോട്ടുനേടിയും ചരിത്രം തീര്‍ത്തു. 1967ല്‍ 28ാമത്തെ വയസില്‍ സോഷ്യലിസ്റ്റ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കന്നി അംഗത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തിന്റെ ഗതിതന്നെ ഈ രാഷ്ട്രീയ ചാണക്യന് നിര്‍ണയിച്ചിരുന്നു. ഹൃദയഭൂമിയുടെ നേതാജിയെന്ന വിശേഷിപ്പിച്ചിരുന്ന നേതാവാണ് ഓര്‍മയായത്.
RELATED STORIES
നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT