Sub Lead

തബ്രീസ് അന്‍സാരി കൊല:പ്രതികള്‍ക്കെതിരേ കൊലക്കുറ്റം പുനസ്ഥാപിച്ചു

അനുബന്ധ കുറ്റപത്രത്തില്‍ ഈ വകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ പോലിസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

തബ്രീസ് അന്‍സാരി കൊല:പ്രതികള്‍ക്കെതിരേ കൊലക്കുറ്റം പുനസ്ഥാപിച്ചു
X

റാഞ്ചി: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബ്രീസ് അന്‍സാരിയെന്ന മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന ഹിന്ദുത്വര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പു പ്രകാരമുള്ള കൊലപാതക കുറ്റം പുനസ്ഥാപിച്ച് ജാര്‍ഖണ്ഡ് പോലിസ്. ജൂലൈ 29ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍നിന്ന് ഈ വകുപ്പ് ഒഴിവാക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് പോലിസിന്റെ ഈ നടപടി. അനുബന്ധ കുറ്റപത്രത്തില്‍ ഈ വകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ പോലിസ് കോടതിയെ സമീപിച്ചിട്ടുണ്ട്.

പ്രതികള്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തിയതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും ഭരണകൂടത്തിലും അന്വേഷണ ഏജന്‍സിയിലുമുള്ള വിശ്വാസം പുനസ്ഥാപിക്കപ്പെട്ടതായും തബ്രീസിന്റെ ഭാര്യ ഷഹിസ്ത ദി ക്വിന്റിനോട് പറഞ്ഞു. ഇത് തങ്ങള്‍ക്ക് ഒരു മികച്ച വാര്‍ത്തയാണ്. പ്രതികള്‍ കര്‍ശന ശിക്ഷ അര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

പകാശ് മണ്ഡല്‍, പപ്പു മണ്ഡല്‍, കമല്‍ മഹാട്ടോ, സുനാമോ പ്രധാന്‍, പ്രേംചന്ദ് മഹാലി, സുമന്ത് മഹാട്ടോ, മദന്‍ നായക്, ചാമു നായക്, മഹേഷ് മഹാലി, കുശാല്‍ മഹാലി, സത്യനാരായണ്‍ നായക്, ഭീംസെന്‍ മണ്ഡല്‍, വിക്രം മണ്ഡല്‍, അതുല്‍ മെഹ്‌ലി എന്നിവരാണ് കേസിലെ പ്രതികള്‍.

ജില്ലാ പോലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സാരിയുടെ ഭാര്യ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇത് പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ നീക്കമാണ്. വലിയ വര്‍ത്തയുമാണ്. എന്നാലും സിബിഐ അന്വേഷണ ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു ഇവരുടെ അഭിഭാഷകനായ അല്‍താഫ് ഹുസൈന്‍ ദി ക്വിന്റിനോട് പറഞ്ഞു.

കൊലപാതകം, കലാപം സൃഷ്ടിക്കല്‍, അന്യായമായി കൂട്ടംകൂടല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തി 13 പ്രതികള്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. എന്നാല്‍, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ കൊലക്കുറ്റം ഒഴിവാക്കുകയായിരുന്നു.

ജയ്ശ്രീം വിളിക്കാന്‍ ആവശ്യപ്പെട്ടാണ് ജാര്‍ഖണ്ഡില്‍ ഹിന്ദുത്വവാദികള്‍ മുസ്ലിം യുവാവായ തബ്രീസ് അന്‍സാരിയെ കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചത്. ജൂണ്‍ 17ന് രാത്രിയോടെയാണ് തബ്രീസ് ആക്രമണത്തിനിരയായത്. അപ്പോള്‍ തന്നെ പോലിസിനെ വിവരം അറിയിച്ചെങ്കിലും പോലിസ് സ്ഥലത്തെത്തിയത് രാവിലെയോടെ മാത്രമാണ്. ആശുപത്രിയിലെത്തിച്ച ശേഷം ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായി. തബ്രീസിനേറ്റ പരിക്ക് ഡോക്ടര്‍മാര്‍ ഗൗരവത്തിലെടുത്തില്ല. ക്രൂരമായി പരിക്കേറ്റിട്ടും പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഇതോടെയാണ് തബ്രീസിന് ജീവന്‍ നഷ്ടമായതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച സബ് ഡിവിഷണല്‍ ഓഫിസര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ 27ന് വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടും മുന്‍പാണ് തബ്രീസിന് ജീവന്‍ നഷ്ടമായത്.




Next Story

RELATED STORIES

Share it