Sub Lead

മുസ്‌ലിം കച്ചവടക്കാര്‍ക്കുള്ള വിലക്ക്: അസംതൃപ്തി പ്രകടിപ്പിച്ച് ക്ഷേത്ര കമ്മിറ്റികളും

മുസ്‌ലിംകളെ കച്ചവടം ചെയ്യാന്‍ അനുവദിക്കരുതെന്ന് വിഎച്ച്പിക്കാര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. പക്ഷേ ഞങ്ങള്‍ അത് നിരസിച്ചു. പക്ഷേ, സാഹചര്യം മനസ്സിലാക്കി മുസ്‌ലിം വ്യാപാരികള്‍ക്ക് വിട്ടുനില്‍ക്കേണ്ടി വന്നു.

മുസ്‌ലിം കച്ചവടക്കാര്‍ക്കുള്ള വിലക്ക്: അസംതൃപ്തി പ്രകടിപ്പിച്ച് ക്ഷേത്ര കമ്മിറ്റികളും
X

ബംഗളൂരു: കര്‍ണാടകയില്‍ ക്ഷേത്ര പരിസരങ്ങളിലോ ഉല്‍സവങ്ങളിലോ മുസ്‌ലിം വ്യാപാരികള്‍ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിനുള്ള വിലക്ക് സംസ്ഥാനത്തുടനീളം വ്യാപിക്കുമ്പോള്‍, വിലക്കിനെതിരേ ക്ഷേത്ര കമ്മിറ്റികളിലും വ്യാപാരികളിലും അസംതൃപ്തി വര്‍ധിക്കുന്നു. തിങ്കളാഴ്ച രണ്ട് ബിജെപി നേതാക്കള്‍ ഈ നീക്കത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു, സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഹിജാബ് കോടതി ഉത്തരവിനെതിരേ പ്രതിഷേധിച്ച് തീരദേശ കര്‍ണാടകയിലെ മുസ്‌ലിം വ്യാപാരികള്‍ കടകളടച്ചതിന് ശേഷമാണ് ആദ്യം ബഹിഷ്‌കരണ ആഹ്വാനം വന്നത്. അന്നുമുതല്‍, അവരെ ക്ഷേത്ര പരിസരങ്ങളില്‍ നിന്നും ഉല്‍സവങ്ങളില്‍ നിന്നും ഒരു പഴയ നിയമത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തി.

ദക്ഷിണ കന്നഡയിലെ ബപ്പനാട് ദുര്‍ഗാപരമേശ്വരി, മംഗളാദേവി, പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രങ്ങള്‍ എന്നിവയും വാര്‍ഷിക ഹൊസ മാര്‍ഗുടി, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രങ്ങളും ഇത്തരത്തില്‍ ഉത്സവങ്ങളില്‍ മുസ്‌ലിം വ്യാപാരികളെ ഒഴിവാക്കിയതില്‍ ഉള്‍പ്പെടുന്നു.

മംഗലാപുരത്തിനടുത്തുള്ള ഒരു ദേവാലയമായ ബപ്പനാട് സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അവിടെയുള്ള ദുര്‍ഗാപരമേശ്വരി ക്ഷേത്രം മുസ്‌ലിം വ്യാപാരിയായ ബാപ്പ എന്നയാളുടെ സംഭാവനകള്‍ കൊണ്ടാണ് നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. മുസ്‌ലിം വ്യാപാരികളെ ഒഴിവാക്കണമെന്ന വിഎച്ച്പിയുടെ ആവശ്യം താന്‍ നിരസിച്ചതായും എന്നാല്‍ സമ്മര്‍ദ്ദം മൂലം തങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നെന്നും അതിന്റെ മാനേജ്‌മെന്റ് കമ്മിറ്റി മേധാവി പറഞ്ഞു.

കൊവിഡിന് ശേഷമുള്ള വ്യാപാരം പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ് നിരോധനം മുസ്‌ലിം വ്യാപാരികളെ ബാധിച്ചത്. തീരദേശ കര്‍ണാടകത്തില്‍ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള ആറ് മാസത്തെ ക്ഷേത്ര ഉല്‍സവ സീസണ്‍ അവസാനത്തോട് അടുക്കുകയാണ്. ഈ കാലയളവില്‍, ഈ പ്രദേശത്ത് 4050 വാര്‍ഷിക ഉത്സവങ്ങള്‍ നടക്കുന്നു. കര്‍ണാടകയ്ക്ക് പുറത്ത് നിന്നുള്ള വ്യാപാരികളും സ്റ്റാളുകള്‍ സ്ഥാപിക്കാന്‍ വരുന്നുണ്ട്.

ദക്ഷിണ കന്നഡ ജില്ലയിലെ ഹലേയങ്ങാടി ഗ്രാമത്തില്‍ നിന്നുള്ള ഹുസൈന്‍ (54) 35 വര്‍ഷമായി തന്റെ പിതാവിന്റെ വ്യാപാരം ഏറ്റെടുത്ത് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നു. 'വാര്‍ഷിക ഉത്സവ സീസണും ഉറൂസും നവംബറില്‍ ആരംഭിച്ച് ഏപ്രിലില്‍ അവസാനിക്കും. ഈ വര്‍ഷങ്ങളിലെല്ലാം, ഞങ്ങള്‍ കുറഞ്ഞത് 4050 സ്ഥലങ്ങളില്‍ കച്ചവടം നടത്തും. മതം ഞങ്ങളെ ബഹിഷ്‌കരിക്കാനുള്ള ഒരു കാരണമായി മാറുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല,' ഹുസൈന്‍ പറഞ്ഞു.

ഹിന്ദുക്കളായ സഹ കടയുടമകള്‍ക്കും സംഭവിക്കുന്ന കാര്യങ്ങളില്‍ വിഷമമുണ്ടെന്ന് ഹുസൈന്‍ പറയുന്നു. 'ഈ സമയത്ത് കുറഞ്ഞത് ആറുമാസമെങ്കിലും ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നു. ഞങ്ങള്‍ ഭക്ഷണം പങ്കിടുന്നു, പരസ്പരം ജോലി ചെയ്യുന്നു. ഈ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഒരിക്കലും ഈ മുസ്‌ലിം വിരുദ്ധ പ്രചാരണത്തില്‍ ചേരില്ല, കാരണം അവര്‍ക്ക് ഞങ്ങളുടെ വേദന അറിയാം. പുറത്തുനിന്നുള്ളവരാണ് ക്ഷേത്രം അധികാരികളെ സമ്മര്‍ദ്ദത്തിലാക്കുന്നത്,' ഹുസൈന്‍ പറഞ്ഞു.

നിരോധനം അവസാനത്തെ കടമ്പയാണെന്നും 25 വര്‍ഷമായി തുടരുന്ന കളിപ്പാട്ട വില്‍പ്പന വ്യവസായം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായും മംഗളൂരു സ്വദേശി സുലൈമാന്‍ (55) പറയുന്നു. 'ഇത് സങ്കടകരമാണ് ഞങ്ങള്‍ ക്ഷേത്ര കമ്മിറ്റി അംഗങ്ങളെ കാണുമ്പോള്‍, അവര്‍ സമ്മര്‍ദ്ദത്തിലാണെന്ന് പറഞ്ഞ് വിട്ടുനില്‍ക്കാന്‍ ഞങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. മുസ്‌ലിംകളെ ഉല്‍സവങ്ങളില്‍ കച്ചവടം ചെയ്യാന്‍ അനുവദിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ചില ഹിന്ദു സംഘടനകള്‍ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്,' സുലൈമാന്‍ പറഞ്ഞു.

കുറഞ്ഞത് 400 വര്‍ഷമെങ്കിലും പഴക്കമുള്ള ക്ഷേത്രത്തിലെ വാര്‍ഷിക ഉല്‍സവത്തില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് ആദ്യമാണെന്ന് ബപ്പനാട് ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിന്റെ ഭരണത്തലവനായ മഹാവീര്‍ പറയുന്നു.

'ക്ഷേത്ര ഭരണകൂടത്തിന്റെ ഭാഗമായി ഞങ്ങള്‍ ഒരു മുസ്‌ലിമിനെയും ഉല്‍സവത്തില്‍ നിന്ന് വിലക്കിയിട്ടില്ല. കാരണം ഈ ക്ഷേത്രം സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തെ പ്രതീകപ്പെടുത്തുന്നു. അതെ, മുസ്‌ലിംകളെ കച്ചവടം ചെയ്യാന്‍ അനുവദിക്കരുതെന്ന് വിഎച്ച്പിക്കാര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. പക്ഷേ ഞങ്ങള്‍ അത് നിരസിച്ചു. പക്ഷേ, സാഹചര്യം മനസ്സിലാക്കി മുസ്‌ലിം വ്യാപാരികള്‍ക്ക് വിട്ടുനില്‍ക്കേണ്ടി വന്നു. രജിസ്റ്റര്‍ ചെയ്തവരില്‍ ചിലര്‍ അപേക്ഷ പിന്‍വലിച്ചു, മറ്റുള്ളവര്‍ അപേക്ഷിക്കാതിരുന്നു,' മഹാവീര്‍ പറയുന്നു

കൊവിഡ് വന്നതിന് ശേഷമാണ് മുസ്‌ലിംകളെ തടയാനുള്ള ആഹ്വാനങ്ങള്‍ ആദ്യം ആരംഭിച്ചതെന്ന് മഹാവീര്‍ പറഞ്ഞു. വിദ്വേഷ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ ജനുവരിയില്‍ കട്ടീലിലെ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍ വച്ചാണ് ഞങ്ങള്‍ ഇത് ആദ്യമായി നേരിട്ടത്. അതിനുശേഷം അത് മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു,' അദ്ദേഹം പറഞ്ഞു.

കര്‍ണാടക ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് നിയമം, 2002 ലെ 12ാം ചട്ടമാണ് മുസ്‌ലിം വ്യാപാരികളെ വിലക്കുന്നതിനായി ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ 'സ്ഥലത്തിന് സമീപമുള്ള സ്ഥലമോ കെട്ടിടമോ സ്ഥലമോ ഉള്‍പ്പെടെയുള്ള ഒരു വസ്തുവും അഹിന്ദുക്കള്‍ക്ക് പാട്ടത്തിന് നല്‍കില്ല,' എന്നാണ് ചട്ടത്തില്‍ പറയുന്നത്.

Next Story

RELATED STORIES

Share it