Sub Lead

മുസ്‌ലിം ലീഗ് യുഡിഎഫില്‍ ഉറച്ചു നില്‍ക്കും: എംകെ മുനീര്‍

അടുത്ത തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലും കേരളത്തിലും ഭരണമാറ്റമുണ്ടാകും. ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ചല്ല മുന്നോട്ട് പോകുന്നത്.

മുസ്‌ലിം ലീഗ് യുഡിഎഫില്‍ ഉറച്ചു നില്‍ക്കും: എംകെ മുനീര്‍
X

റിയാദ്: കേരളത്തിലെ എല്ലാ മുന്നണികളിലും പ്രശ്‌നങ്ങളുണ്ടെന്നും മുസ്്‌ലിം ലീഗ് യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും ഒരു വഞ്ചിയില്‍ മാത്രമേ സഞ്ചരിക്കൂവെന്നും ലീഗ് നേതാവ് എംകെ മുനീര്‍ എംഎല്‍എ. യുഡിഎഫിനെ കെട്ടിപ്പടുത്തതില്‍ നിര്‍ണായക സ്ഥാനം ലീഗിനുണ്ട്. യുഡിഎഫ് വിട്ടുപോകാന്‍ മാത്രം പ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല. ലീഗ് യുഡിഎഫ് വിടുമെന്നത് പലരുടെയും സ്വപ്‌നമാണ്. ഒലിവ് പബ്ലിക്കേഷന്‍ മാനേജിങ് ഡയരക്ടറായി റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ സംബന്ധിക്കാനെത്തിയ റിയാദ് മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപുലര്‍ ഫ്രണ്ട് അടക്കമുള്ള വര്‍ഗീയ തീവ്രവാദ പ്രസ്ഥാനങ്ങളോട് ലീഗിന് എന്നും ഒരേ നിലപാടാണ്. ലീഗുകാര്‍ക്ക് ഒരിക്കലും പോപുലര്‍ ഫ്രണ്ടുകാരനാവാന്‍ സാധിക്കില്ല. എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളെയും പിഴുതെറിയണം. പോപുലര്‍ ഫ്രണ്ടിന്റെ നിരോധനം സ്വാഗതം ചെയ്യാതിരുന്നിട്ടില്ല. എന്നാല്‍ നിരോധനം പരിഹാരമല്ല. ഇന്ത്യയില്‍ നിരോധിച്ച സംഘടനകളെല്ലാം മറ്റൊരു പേരില്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ആശയങ്ങളെ ചെറുത്തുതോല്‍പ്പിക്കുകയാണ് വേണ്ടത്. ഇസ്്‌ലാം ഒരിക്കലും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല. മധ്യമാര്‍ഗമാണ് ഇസ്്‌ലാമിന്റേത്. ആര്‍എസ്എസും പോപുലര്‍ ഫ്രണ്ടും തീവ്രവാദ പാര്‍ട്ടികളാണെന്നതാണ് ലീഗിന്റെ നിലപാട്.

അന്തരിച്ച കോടിയേരി ബാലകൃഷ്ണന്‍ നല്ല രാഷ്ട്രീയ നേതാവായിരുന്നു. എതിരഭിപ്രായമുണ്ടെങ്കിലും എളിമയും സൗഹൃദവും അദ്ദേഹം കാത്തുസൂക്ഷിക്കുമായിരുന്നു. വ്യക്തിപരമായി ഞങ്ങള്‍ നല്ല അടുപ്പമുള്ളവരായിരുന്നു. റിയാദ് പുസ്തകോല്‍സവത്തില്‍ അടുത്ത വര്‍ഷം കൂടുതല്‍ മലയാളി പ്രസാധകരെത്തും. മലയാളത്തിലെ എല്ലാ പുസ്തകങ്ങളും ലഭിക്കുന്ന വേദിയായി പുസ്തകമേള ഭാവിയില്‍ മാറും. എന്നാല്‍ മേളയുടെ പ്രചാരണത്തിന് റിയാദിലെ എല്ലാ സാംസ്‌കാരിക സംഘടനകളും സജീവമാകണം.

അടുത്ത തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലും കേരളത്തിലും ഭരണമാറ്റമുണ്ടാകും. ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ചല്ല മുന്നോട്ട് പോകുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ നിഷ്‌ക്രിയമാണ്.

സൗദിയില്‍ നിന്ന് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് എംബാം സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്ന ഇന്ത്യയിലെ എയര്‍പോര്‍ട്ട് അധികൃതരുടെ നിലപാട് എംബസിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം. വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാമെന്നും ഇക്കാര്യത്തില്‍ റിയാദ് ഗവര്‍ണറേറ്റുമായി ബന്ധപ്പെടുമെന്നും എംബസി ഡിസിഎം ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ സംബന്ധിച്ചു. റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും ജലീല്‍ ആലപ്പുഴ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it