Sub Lead

മുസ് ലിം ജനസംഖ്യാ വര്‍ധന: സര്‍ക്കാര്‍ രേഖയെ വ്യാജഭീതി പരത്താന്‍ ഉപയോഗപ്പെടുത്തുന്നു

മുസ് ലിം ജനസംഖ്യാ വര്‍ധന: സര്‍ക്കാര്‍ രേഖയെ വ്യാജഭീതി പരത്താന്‍ ഉപയോഗപ്പെടുത്തുന്നു
X

മുസ്‌ലിം ജനസംഖ്യാ വര്‍ധന എന്ന നുണ പ്രചാരണത്തിലൂടെ ഹിന്ദുസമൂഹത്തില്‍ ഭീതിപരത്താനുള്ള ശ്രമം തീവ്ര വലതു പക്ഷ വര്‍ഗീയ ശക്തികള്‍ ഏറെക്കാലമായി തുടരുന്ന ഒന്നാണ്. സര്‍ക്കാര്‍ രേഖ തന്നെ ഇത്തരത്തില്‍ വ്യാജഭീതി പരത്താന്‍ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രത്യക്ഷോദാഹരണമാണ്

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ഈ വര്‍ഷം മെയ് 7ന് പ്രസിദ്ധീകരിച്ച വര്‍ക്കിങ് പേപ്പര്‍. ഇന്‍ഡ്യയടക്കം 167 രാജ്യങ്ങളിലെ ജനസംഖ്യാ വിന്യാസത്തിലെ മതന്യൂനപക്ഷ വിഹിതം എപ്രകാരമാണ് എന്നതായിരുന്നു റിപോര്‍ട്ടിന്റെ വിഷയം. 1950 നും 2015 നും ഇടയില്‍ മുസ്‌ലിം ജനസംഖ്യ 43.1 ശതമാനം വര്‍ധിച്ചപ്പോള്‍ ഹിന്ദു ജനസംഖ്യ 7.8 ശതമാനം കുറഞ്ഞു എന്ന തെറ്റായ കണ്ടെത്തലാണ് റിപോര്‍ട്ടിലുള്ളത്.

2011ലാണ് ഇന്‍ഡ്യയില്‍ അവസാനമായി സെന്‍സസ് നടന്നത്. 2021 ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടന്നില്ല. പിന്നെയത് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു.

2011ലെ സെന്‍സസ് പ്രകാരം ഹിന്ദു ജനസംഖ്യ 96.63 കോടിയാണ്. ഇത് മൊത്തം ജനസംഖ്യയുടെ 79.8 ശതമാനം വരും. മുസ്‌ലിം ജനസംഖ്യയാവട്ടെ 17.22 കോടിയാണ്. ആകെ ജനസംഖ്യയുടെ 14.2 ശതമാനമാണിത് . സമിതിയുടെ നിഗമനങ്ങളെക്കുറിച്ച് വിശ്വസനീയമായ ചില ചോദ്യങ്ങള്‍ ഉയരുകയാണിപ്പോള്‍.



ജനസംഖ്യാ പഠനം നടത്തുന്ന സര്‍ക്കാരിതര സംഘടനയായ പോപുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യ, സമിതിയുടെ വിശകലനത്തെക്കുറിച്ച് വിലയിരുത്തിയത് സ്ഥിതിവിവരക്കണക്കുകളുടെ വ്യാഖ്യാന രീതി 'വഴിതെറ്റിക്കുന്നതും അടിസ്ഥാനരഹിതവും' ആണെന്നാണ്. ഇതുമായി ബന്ധപ്പെട്ടു വന്ന മാധ്യമ വാര്‍ത്തകളെയും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട സ്ഥിതിവിവര കണക്കുകളെയും കുറിച്ചും പോപുലേഷന്‍ ഫൗണ്ടേഷന്‍ ആശങ്കകള്‍ പങ്കുവച്ചു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാ വിവരങ്ങളെക്കുറിച്ചാണ് ചോദ്യങ്ങള്‍ ഉയരുന്നത്. സമിതിയുടെ പേപ്പറില്‍ "Share of religious minorities: A cross coutnry analysis(1950-2015)എന്ന ശീര്‍ഷകത്തിനു താഴെയുള്ള നിരീക്ഷണം ഇങ്ങനെയാണ്: ഹിന്ദു ജനസംഖ്യ 1950 ല്‍ 84.68 ശതമാനമായിരുന്നു. 2015 ല്‍ അത് 78.06 ശതമാനമായി കുറഞ്ഞു. മുസ്‌ലിം ജനസംഖ്യ 1950 ല്‍ 9.84 ശതമാനമായിരുന്നത് 2015 ല്‍ 14.09 ശതമാനമായി വര്‍ധിച്ചു. ജൈന വിഭാഗത്തിന്റേത് 1950 ല്‍ 0.45 ശതമാനമായിരുന്നത് 2015 ല്‍ 0.36 ശതമാനമായി കുറഞ്ഞു. സിഖ് ജനസംഖ്യ 1950 ല്‍ 1.24 ശതമാനമായിരുന്നെങ്കില്‍ 2015 ല്‍ അത് 1.85 ശതമാനമായി വര്‍ധിച്ചു. 1950 ല്‍ 0.03 ശതമാനമുണ്ടായിരുന്ന പാര്‍സികള്‍ 2015 ല്‍ 0.004 ശതമാനമായി കുറഞ്ഞു. 1950 നും 2015 നു ഇടയില്‍ വിവിധ മതവിഭാഗങ്ങളുടെ ജനസംഖ്യയിലുണ്ടായ വ്യത്യാസം സമിതിയുടെ റിപോര്‍ട്ടില്‍ ശതമാനക്കണക്കിലാണ് കാണിച്ചിരിക്കുന്നത്. അതായത് ഓരോ വിഭാഗവും 1950 ല്‍ ഇത്ര ശതമാനമുണ്ടായിരുന്നു. 2015 ല്‍ ഇത്ര ശതമാനം ഉണ്ട് എന്ന രീതിയില്‍. അപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ ജനസംഖ്യാ വിഹിതത്തില്‍ 4.25 ശതമാനം വര്‍ധന എന്നത് 1950 ലെ മുസ്‌ലിം ജനസംഖ്യയോട് താരതമ്യം ചെയ്ത് 43 .15 ശതമാനത്തിന്റെ വര്‍ധന ഉണ്ടെന്ന് സ്ഥാപിക്കാനാണ് റിപോര്‍ട്ടിലെ ശ്രമം. ഈ രീതി പ്രകാരം ഹിന്ദുജനസംഖ്യയില്‍ 7.82 ശതമാനം കുറഞ്ഞപ്പോള്‍ ക്രിസ്ത്യാനികള്‍ 5.38 ശതമാനവും സിഖുകാര്‍ 6.58 ശതമാനവും വര്‍ധിച്ചതായുമുള്ള വ്യാഖ്യാനമാണ് റിപോര്‍ട്ടില്‍ ഇടം പിടിച്ചത്. പാര്‍സികള്‍ക്കാവട്ടെ 85 ശതമാനത്തിന്റെ കുറവാണു താനും. എന്നാല്‍ ബുദ്ധവിഭാഗത്തിന്റെ കണക്കില്‍ ഇത്തരമൊരു രീതിയല്ല അവലംബിച്ചത്. മറ്റു വിഭാഗങ്ങളുടെ കണക്കിലുള്ള രീതി ബുദ്ധ വിഭാഗത്തിന്റെ കാര്യത്തിലും സ്വീകരിച്ചാല്‍ 2015 ല്‍ 1,520 ശതമാനത്തിന്റെ വര്‍ധനയാണ് കണക്കാക്കേണ്ടത്. യഥാര്‍ഥത്തില്‍ ബുദ്ധന്മാരുടെ ജനസംഖ്യ 0.05 ശതമാനത്തില്‍ നിന്ന് ആകെ ജനസംഖ്യയുടെ 0.81 ശതമാനം മാത്രമേ വര്‍ധിച്ചിട്ടുള്ളൂ. ശ്രദ്ധേയമായ ഒരു വര്‍ധന എന്നു മാത്രമാണ് റിപോര്‍ട്ടില്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശം.



മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യയിലെ ആനുപാതിക വ്യത്യാസത്തെ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുമായി താരതമ്യപ്പെടുത്തുക വഴി തെറ്റായ നിഗമനങ്ങളിലാണ് റിപോര്‍ട്ട് എത്തിച്ചേരുന്നത്.




ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനു നടുവിലാണ് റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. കോണ്‍ഗ്രസ് മുസ്‌ലിംകളോട് കടുത്ത ചായ്‌വ് പ്രകടിപ്പിക്കുന്നുവെന്ന് ബിജെപി നേതാക്കള്‍ വ്യാപകമായി പ്രചാരണം നടത്തിയത് ഹിന്ദുക്കളില്‍ അരക്ഷിത ബോധം കുത്തിവയ്ക്കുന്നതിന് തന്നെയായിരുന്നു. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും യോഗി ആദിത്യനാഥിന്റെയുമെല്ലാം തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ പ്രകടമായി തന്നെ മുസ്‌ലിംകള്‍ക്കെതിരേ വെറുപ്പ് പടര്‍ത്തുന്ന തരത്തിലായിരുന്നു. സാമ്പത്തിക ഉപദേശക സമിതിയുടെ റിപോര്‍ട്ട് ഏതെങ്കിലും മതവിഭാഗത്തിനെതിരേ വിദ്വേഷമോ വിവേചനമോ പുലര്‍ത്താന്‍ ഒരിക്കലും ദുരുപയോഗപ്പെടുത്തിക്കൂടാത്തതാണ്.

പോപുലേഷന്‍ ഫൗണ്ടേഷന്റെ നിരീക്ഷണങ്ങള്‍ ഇപ്രകാരമാണ്:

1. പ്രജനന നിരക്ക് വിദ്യാഭ്യാസവും വരുമാന നിലവാരവുമായാണ് ബന്ധപ്പെട്ടു നില്‍ക്കുന്നത്, അല്ലാതെ മതവുമായല്ല.

മികച്ച വിദ്യാഭ്യാസവും ആരോഗ്യ പരിചരണവും സാമ്പത്തിക വികസനവും ഉള്ളിടത്ത് എല്ലാ മതവിഭാഗങ്ങളിലും പ്രജനന നിരക്ക് കുറവായിരിക്കും. ഉദാ: കേരളം, തമിഴ്‌നാട്

2. മുസ്‌ലിംകളിലെ ജനസംഖ്യ വളര്‍ച്ചാനിരക്ക് 19811991 ദശകത്തില്‍ 32.9 ശതമാനമായിരുന്നത് 20012011 ദശകത്തില്‍ 24.6 ശതമാനമായി കുറയുകയാണുണ്ടായത്. ഹിന്ദുക്കളില്‍ ഇത് യഥാക്രമം 22.7 ശതമാനവും 16.8 ശതമാനവുമാണ്

3. ജനസംഖ്യാ വര്‍ധന പ്രജനന നിരക്ക്, വിദ്യാഭ്യാസം, വരുമാനം എന്നിവയുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. മൊത്ത പ്രജനന നിരക്ക് മുസ്‌ലിം സ്ത്രീകളില്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാ മതവിഭാഗങ്ങളിലും ഇതു കുറഞ്ഞുവരുന്നുണ്ട്.

1950നു ശേഷം ഇന്‍ഡ്യയിലെ എല്ലാ പ്രബല മതവിഭാഗങ്ങളിലും ജനസംഖ്യാ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന യാഥാര്‍ഥ്യം ഈ റിപോര്‍ട്ട് പരിശോധിക്കുന്നേയില്ല.

കേന്ദ്ര സര്‍ക്കാരിന്റെ തന്നെ രേഖകള്‍ തെറ്റായ കണക്കുകള്‍ ഉദ്ധരിച്ചും തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങള്‍ ചമച്ചും മുസ്‌ലിം ജനസംഖ്യാവര്‍ധന എന്ന ഭീതി ജനിപ്പിച്ച് വര്‍ഗീയതയ്ക്ക് ആയുധമാക്കുന്നതിന്റെ ഉദാഹരണമാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപോര്‍ട്ട് എന്ന് വ്യക്തമാണ്.

Next Story

RELATED STORIES

Share it