Sub Lead

മഹാരാഷ്ട്രയില്‍ പള്ളി തകര്‍ക്കാന്‍ ബുള്‍ഡോസറുമായെത്തി; പ്രതിഷേധം തീര്‍ത്ത് മുസ്‌ലിംകള്‍

മഹാരാഷ്ട്രയില്‍ പള്ളി തകര്‍ക്കാന്‍ ബുള്‍ഡോസറുമായെത്തി;   പ്രതിഷേധം തീര്‍ത്ത് മുസ്‌ലിംകള്‍
X

മുംബൈ: അനധികൃത കൈയേറ്റം ആരോപിച്ച് ഹിന്ദുത്വരുടെ പരാതിയില്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതിനു മുമ്പ് പള്ളി പൊളിക്കാനെത്തിയ മുനിസിപ്പല്‍ അധികൃതരെ മുസ് ലിംകള്‍ ചെറുത്തു. മഹാരാഷ്ട്ര കോലാപൂരിലെ ലക്ഷതീര്‍ഥ് വസഹത് കോളനിയിലാണ് സംഭവം. കോലാപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ കൈയേറ്റ വിരുദ്ധ സംഘമാണ് അലിഫ് അഞ്ജുമാന്‍ മദ്‌റസയും സമീപത്തെ പള്ളിയും പൊളിക്കാനെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള മുസ് ലിംകള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി.

ഡല്‍ഹി അഖോഞ്ചി മസ്ജിദും മദ്‌റസയും പുലര്‍ച്ചെയെത്തി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതിനു സമാനമായ രീതിയിലാണ് മഹാരാഷ്ട്ര കോലാപൂരിലെ ലക്ഷതീര്‍ഥ് വസഹത് കോളനിയിലും മുനിസിപ്പല്‍ അധികൃതരെത്തിയത്. ബുധനാഴ്ച രാവിലെ ഏഴോടെയാണ് മൂന്ന് ജെസിബി, ഒരു ഡമ്പര്‍, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ എന്നിവയുമായി ടൗണ്‍ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥരെത്തിയത്. മദ്‌റസയുടെ ഷീറ്റുകളും ഒരുഭാഗവും പൊളിച്ചുമാറ്റിയെങ്കിലും വിവരമറിഞ്ഞ് പ്രദേശവാസികളെത്തി പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പോലിസ് പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പ്രദേശത്തേക്ക് പോവുന്നവരെ കര്‍ശന പരിശോധന നടത്തിയാണ് കടത്തിവിട്ടത്. ഇതേസമയം, സമീപത്തെ ഛത്രപതി ശിവാജി ചൗക്കില്‍ ഹിന്ദുത്വര്‍ പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടും പ്രകടനം നടത്തി. എന്നാല്‍, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നടപടി പാതിവഴിയില്‍ നിര്‍ത്തി അധികൃതര്‍ മടങ്ങുകയായിരുന്നു.

ലക്ഷതീര്‍ഥ് വസഹത് കോളനിയിലെ അലിഫ് അഞ്ജുമാന്‍ മദ്‌റസയും പള്ളിയും നിയമവിരുദ്ധമായാണ് നിര്‍മിച്ചതെന്നും അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ബജ്‌റംഗ്ദളാണ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് മദ്‌റസ ട്രസ്റ്റിന് കോര്‍പറേഷന്‍ അധികൃതര്‍ കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ഇതോടെ, ട്രസ്റ്റ് അധികൃതര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഹരജിയില്‍ കോടതി വാദം കേട്ട കോടതി നടപടികള്‍ തല്‍ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു. ജനുവരി 23ന് നടന്ന ഹിയറിങില്‍ നടപടി നിയന്ത്രിക്കണമെന്ന അപേക്ഷ കോടതി തള്ളി. ഇതിനെതിരേ മദ്‌റസ അധികൃതര്‍ നല്‍കിയ അപ്പീല്‍ ഫെബ്രുവരി രണ്ടിന് കോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ രണ്ടുദിവസം മുമ്പെത്തി പൊളിച്ചുനീക്കാന്‍ ശ്രമിച്ചത്. കോടതിയില്‍ വാദം കേള്‍ക്കാനിരിക്കുന്ന കേസില്‍ പൊളിച്ചുനീക്കാനെത്തിയതാണ് മുസ്‌ലിംകള്‍ ചോദ്യം ചെയ്തത്. അതേസമയം,

പ്രദേശവാസികളില്‍ നിന്നോ സമൂഹത്തില്‍ നിന്നോ പരാതികളില്ലെന്നും പുറത്തുനിന്നുള്ളവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ലക്ഷതീര്‍ഥ് വസഹത് സമാധാന സമിതി വ്യക്തമാക്കി. ആശങ്കകള്‍ കണക്കിലെടുത്ത് കൈയേറ്റ നടപടികള്‍ നീട്ടണമെന്ന് കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ആനന്ദ് റാവു ഖേദ്കര്‍, യുവരാജ് ഖണ്ഡഗാലെ, സമാധാന സമിതി അംഗങ്ങള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it