Sub Lead

ഭാര്യയുടെ പീഡനമാണ് മരണകാരണമെന്ന് ശവപ്പെട്ടിയില്‍ എഴുതി സംസ്‌കാരം; ആത്മഹത്യ ചെയ്ത യുവാവിന്റെ അവസാന ആഗ്രഹം സാധിച്ചുകൊടുത്ത് ബന്ധുക്കള്‍

ഭാര്യയുടെ പീഡനമാണ് മരണകാരണമെന്ന് ശവപ്പെട്ടിയില്‍ എഴുതി സംസ്‌കാരം; ആത്മഹത്യ ചെയ്ത യുവാവിന്റെ അവസാന ആഗ്രഹം സാധിച്ചുകൊടുത്ത് ബന്ധുക്കള്‍
X

ബംഗളൂരു: ആത്മഹത്യ ചെയ്ത യുവാവിന്റെ ശവപ്പെട്ടിയില്‍ ''ഭാര്യയുടെ പീഡനമാണ് എന്റെ മരണത്തിന് കാരണം'' എന്നെഴുതി ബന്ധുക്കള്‍. ബംഗളൂരു സ്വദേശിയായ പെടാരു ഗൊല്ലാപ്പള്ളിയുടെ ശവപ്പെട്ടിയിലാണ് ബന്ധുക്കള്‍ ഇങ്ങനെ എഴുതിയത്. തുടര്‍ന്ന് മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെടാരു വീട്ടില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് മരിക്കുന്നതെന്ന് ഇയാളുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു.

രണ്ടുവര്‍ഷം മുമ്പാണ് പെടാരു വിവാഹിതനായത്. മൂന്നുമാസത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി. പിന്നീട് ഭാര്യ വിവാഹമോചന ഹരജി നല്‍കി. 20 ലക്ഷം രൂപ ജീവനാംശമായി വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് പെടാരു ആത്മഹത്യ ചെയ്തത്. ഞായറാഴ്ച്ച പ്രാര്‍ത്ഥനക്കായി എല്ലാവരും ദേവാലയത്തില്‍ പോയ സമയത്താണ് പെടാരു ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ഈശയ്യ പറഞ്ഞു.

ആത്മഹത്യാക്കുറിപ്പില്‍, പെടാരു തന്റെ മരണത്തിന് ഭാര്യയെ ഉത്തരവാദിയാക്കി ഇങ്ങനെ പറഞ്ഞു, 'അച്ഛാ, ക്ഷമിക്കണം. എന്റെ ഭാര്യ എന്നെ കൊല്ലുകയാണ്. അവള്‍ എന്റെ മരണം ആഗ്രഹിക്കുന്നു. ഭാര്യയുടെ പീഡനമാണ് എന്റെ മരണത്തിന് കാരണം എന്നു ശവപ്പെട്ടിയില്‍ എഴുതണം.''

പെടാരുവിന്റെ ഭാര്യക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഈശയ്യ ആവശ്യപ്പെട്ടു. '' ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ആ സ്ത്രീയെ അറസ്റ്റ് ചെയ്യണം. പെടാരുവിനെ അവളും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. അന്ന് തന്നെ ഞങ്ങള്‍ കേസ് കൊടുത്തതാണ്. പോലിസ് നടപടികളൊന്നും സ്വീകരിച്ചില്ല.''-ഈശയ്യ മാധ്യമങ്ങളോട് പറഞ്ഞു. ഈശയ്യയുടെ പരാതിയില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലിസ് പറഞ്ഞു.

കഴിഞ്ഞ മാസം, 34 കാരനായ ടെക്കി അതുല്‍ സുഭാഷ് ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ആത്മഹത്യ ചെയ്തിരുന്നു. വിവാഹമോചനം, ജീവനാംശം, കുട്ടികളുടെ സംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള നിയമപരമായ തര്‍ക്കങ്ങളില്‍ ഭാര്യയും കുടുംബവും തനിക്കെതിരെ വ്യാജ കേസുകള്‍ ഫയല്‍ ചെയ്തതായും കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായും സുഭാഷ് മരണക്കുറിപ്പില്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it