Sub Lead

നവകേരള ബസ് ഇനി ഗരുഡപ്രീമിയം; കോഴിക്കോട്-ബെംഗളൂരു യാത്രയ്ക്ക് 1117 രൂപ

നവകേരള ബസ് ഇനി ഗരുഡപ്രീമിയം; കോഴിക്കോട്-ബെംഗളൂരു യാത്രയ്ക്ക് 1117 രൂപ
X
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവ കേരള സദസ്സിനു വേണ്ടി ഉപയോഗിച്ച ബസ് പൊതുജനങ്ങള്‍ക്കു വേണ്ടി മെയ് അഞ്ചുമുതല്‍ ഓടിത്തുടങ്ങും. ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് സര്‍വീസ് നടത്തുക. ടിക്കറ്റിന് 1117 രൂപയും അഞ്ച് ശതമാനം ആഡംബര നികുതിയുമാണ് ഈടാക്കുക. ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസ്സില്‍ 26 പുഷ് ബാക്ക് സീറ്റുകളാണ് ഉള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് മാത്രം ബസ്സിനുള്ളില്‍ കയറാനായി പ്രത്യേകം തയ്യാറാക്കിയ യാത്രക്കാര്‍ക്ക് തന്നെ ഓപറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാര്‍ക്ക് യൂറിനലിനായി ശുചിമുറി, വാഷ്‌ബേസിന്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

യാത്രക്കിടയില്‍ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസ്സിലുണ്ടാവും.

രാവിലെ 04.00ന് കോഴിക്കോടു നിന്നു യാത്രതിരിച്ച് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പ്പേട്ട്, മൈസൂര്‍, മാണ്ട്യ വഴി 11.35ന് ബെംഗളൂരു എത്തിച്ചേരുകയും ഉച്ചയ്ക്ക് 2.30ന് ബെംഗളൂരവില്‍നിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള ബസില്‍ കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു(സാറ്റ്‌ലെറ്റ്, ശാന്തിനഗര്‍) എന്നിവയാണ് സ്‌റ്റോപ്പുകള്‍. സര്‍വീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസ്സുകള്‍ക്കുള്ള അഞ്ചു ശതമാനം ലക്ഷ്വറി ടാക്‌സും നല്‍കണം. 2024 മെയ് ഒന്നിന് വൈകീട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്ടേക്ക് സര്‍വീസായി പോവും. ഈ ട്രിപ്പില്‍ ടിക്കറ്റ് എടുത്ത് പരമാവധി ആളുകള്‍ക്ക് യാത്രചെയ്യാമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

Next Story

RELATED STORIES

Share it