Sub Lead

സയണിസ്റ്റുകളും ആര്‍എസ്എസ്സും ഒരുപോലെ ചിന്തിക്കുന്നവര്‍; ബസ്സിന്റെ ആഢംബരം പരിശോധിക്കാന്‍ മാധ്യമങ്ങളെ ക്ഷണിച്ച് മുഖ്യമന്ത്രി

സയണിസ്റ്റുകളും ആര്‍എസ്എസ്സും ഒരുപോലെ ചിന്തിക്കുന്നവര്‍; ബസ്സിന്റെ ആഢംബരം പരിശോധിക്കാന്‍ മാധ്യമങ്ങളെ ക്ഷണിച്ച് മുഖ്യമന്ത്രി
X
മഞ്ചേശ്വരം: ഫലസ്തീനികളെ കൂട്ടക്കശാപ്പ് നടത്തുന്ന സയണിസ്റ്റുകളും ആര്‍എസ്എസ്സും ഒരുപോലെ ചിന്തിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച നവകേരളാ സദസ്സിലും ഫലസ്തീന്‍ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. ഇസ്രായേല്‍ സയണിസ്റ്റുകളും ആര്‍എസ്എസും ഒരുപോലെ ചിന്തിക്കുന്നവരാണ്. വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഒരു ഭാഷ, ഒരു മതം, ഒരു നികുതി, ഒരു വ്യക്തിനിയമം, ഒരു തിരഞ്ഞെടുപ്പ് എന്ന ഒരുപാട് 'ഒരു' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയാണ്. യഥാര്‍ഥപ്രശ്‌നങ്ങളെ മറച്ചുവയ്ക്കാനാണിത്. ലോകം ഫലസ്തീനിലെ ജനതയ്‌ക്കൊപ്പമാണ്. അവര്‍ക്ക് സ്വന്തം രാജ്യത്ത് ജീവിക്കാനാവുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും അതിക്രൂരമായി കൊല ചെയ്യപ്പെടുകയാണ്.

ഐസിയുവില്‍ കഴിയുന്നവരെ അടക്കം കൂട്ടക്കശാപ്പ് ചെയ്യുന്നു. എല്ലാം ചെയ്യുന്നത് ഇസ്രായേലാണ്. സയണിസ്റ്റ് ഭീകരതയാണ് നടമാടുന്നത്. ആ ഇസ്രായേലുമായി നമ്മുടെ രാജ്യത്തിന് ദീര്‍ഘകാലം ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം തൊട്ട് ദീര്‍ഘകാലം ഇസ്രായേലിനെ രാഷ്ട്രമെന്ന നിലയ്ക്ക് അംഗീകരിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ കാലത്ത് തന്നെ ഇതിന് മാറ്റം വന്നു. നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഇസ്രായേലിനെ അംഗീകരിക്കേണ്ടി വന്നു. ഇപ്പോള്‍ വലിയ തോതില്‍ മോദി സര്‍ക്കാര്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഇസ്രായേലിനെ പിന്താങ്ങുന്നു. കൂട്ടക്കൊല നടക്കുമ്പോഴാണ് അതിനെ ന്യായീകരിച്ച് ഇസ്രായേലിനെ പിന്താങ്ങിക്കൊണ്ട് മോദിയുടെ പ്രസ്താവന വന്നത്. ഇസ്രായേലിലെ സയണിസ്റ്റുകളും ആര്‍എസ്എസും ഒരേ പോലെ ചിന്തിക്കുന്നവരാണ്. അവര്‍ അത്രകണ്ട് മാനസിക ഐക്യമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, നവകേരളാ സദസ്സിന് ഉപയോഗിക്കുന്ന ബസ് ആഢംബരമാണെന്ന വിവാദത്തിനും അദ്ദേഹം മറുപടി നല്‍കി. ആഢംബര ബസ്സ് കാണാന്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുകയും ചെയ്തു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നിന്നാണ് ഞങ്ങള്‍ ആദ്യമായി ബസില്‍ കയറിയത്. എത്ര പരിശോധിച്ചിട്ടും ബസിന്റെ ആഡംബരം മനസ്സിലായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 'നവകേരള സദസ്സിനെതിരേ വിവാദമുണ്ടാക്കാനാണ് ശ്രമം നടന്നത്. അതിന് നേതൃത്വം കൊടുത്തവര്‍ പരിപാടി സ്ഥലത്തില്ല. എന്നാല്‍ പ്രചാരണം കൊടുക്കാന്‍ പങ്കാളികളായവര്‍ ഇക്കൂട്ടത്തിലുണ്ട്. ബസിന്റെ ആഡംബരത്തെ കുറിച്ചാണ് വിവാദങ്ങള്‍. ഞങ്ങളും ആദ്യമായിട്ടാണ് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നിന്ന് ആ ബസില്‍ കയറിയത്. ബസിന്റെ ആഡംബരം എത്ര പരിശോധിച്ചിട്ടും മനസ്സിലായില്ല. പരിപാടിക്ക് ശേഷം ഞങ്ങള്‍ എല്ലാവരും അതേ ബസില്‍ കയറിയാണ് കാസര്‍കോട്ടേയ്ക്ക് പോവുക. മാധ്യമ പ്രവര്‍ത്തകര്‍ ഞങ്ങള്‍ കയറിയ ശേഷം ആ ബസില്‍ ഒന്ന് കയറണം. നമ്മളും നിങ്ങളും എപ്പോഴും ലോഹ്യത്തിലാണല്ലോ. നിങ്ങള് എന്തൊക്കെ കൊടുത്താലും നിങ്ങളുമായി നല്ല ബന്ധമാണല്ലോ പുലര്‍ത്തി പോരുന്നത്. നിങ്ങള്‍ക്ക് ആ ബസ് പരിശോധിക്കാം. ഇതിനായി മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it