Sub Lead

നവജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും

നവജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും
X

ന്യൂഡല്‍ഹി: 34 വര്‍ഷം മുന്‍പുണ്ടായ അടിപിടി കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും. പട്യാല കോടതിയിലാകും സിദ്ദു കീഴടങ്ങുക. റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ സിദ്ദുവിനെ ഇന്നലെ സുപ്രീം കോടതി ഒരു വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചത്. ഉടന്‍ കീഴടങ്ങണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പട്യാലയില്‍ 1988 ഡിംസബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാകുകയും ചെയ്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഗുര്‍നാം മരിച്ചു. ഗുര്‍നാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചുവെന്നും ഇതാണ് മരണകാരണമെന്നായിരുന്നു കേസ്. എന്നാല്‍ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിന് തെളിവില്ലെന്നാണ് സിദ്ദു വാദിച്ചത്. 1999ല്‍ പഞ്ചാബിലെ സെഷന്‍സ് കോടതി ഈ കേസില്‍ സിദ്ദുവിനെ കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി.

ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കള്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വര്‍ഷത്തെ തടവിനും ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് സുപ്രീം കോടതിയില്‍ എത്തി. 2018 ല്‍ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി കേസ് സുപ്രീം കോടതി തീര്‍പ്പാക്കി. എന്നാല്‍ ഈ വിധിക്കെതിരെ മരിച്ച ഗുര്‍നാം സിങ്ങിന്റെ കുടുംബം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. സിദ്ദു കോടതിയില്‍ ഉടന്‍ കീഴടങ്ങണമെന്നും ഉത്തരവിട്ടിട്ടുണ്ട്. നിയമത്തിന് കീഴടങ്ങുന്നുവെന്നും കോടതി വിധിയെ അംഗീകരിക്കുന്നുവെന്നുമായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it