Sub Lead

എംഎല്‍എമാരെ വിലക്കെടുത്ത് നാല് സംസ്ഥാന ഭരണകൂടങ്ങളെ അട്ടിമറിച്ചു; ഡല്‍ഹിയും പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ ഒരുങ്ങി ബിജെപി

ലോക്‌സഭയില്‍ അവതരിപ്പിച്ച പുതിയ ബില്‍ വഴി കേന്ദ്രം ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ തലസ്ഥാന പ്രദേശ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചു.

എംഎല്‍എമാരെ വിലക്കെടുത്ത് നാല് സംസ്ഥാന ഭരണകൂടങ്ങളെ അട്ടിമറിച്ചു; ഡല്‍ഹിയും പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ ഒരുങ്ങി ബിജെപി
X

ന്യൂഡല്‍ഹി: എംഎല്‍എമാരെ വിലക്കെടുത്ത് നാല് സംസ്ഥാന ഭരണകൂടങ്ങളെ അട്ടിമറിച്ച ബിജെപി ഡല്‍ഹി സര്‍ക്കാരിനെ പൂര്‍ണ നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ആക്ടിവിസ്റ്റ് ധ്രൂവ് രതി. ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനുള്ള നീക്കത്തിനെതിരേയായിരുന്നു വിമര്‍ശനം. ബിജെപി സര്‍ക്കാര്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

'എംഎല്‍എമാരെ വിലക്ക് വാങ്ങി ബിജെപി കുറഞ്ഞ് നാല് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിച്ചു. എന്നാല്‍, അവര്‍ക്ക് ആം ആദ്മി എംഎല്‍എമാരെ വിലക്കെടുക്കാനായില്ല. അതിനാല്‍, എല്ലാ അധികാരങ്ങളും ഡല്‍ഹി സര്‍ക്കാരില്‍ നിന്നും ലഫ്റ്റനന്റ് ഗവര്‍ണറിലേക്ക് മാറ്റാനുള്ള നിയമ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് ഡല്‍ഹി സര്‍ക്കാരിനെ അര്‍ത്ഥ ശൂന്യമാക്കും. അധികാരം ഇല്ലാതാക്കും.' ധ്രൂവ് രതി വിമര്‍ശിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സ്വാതന്ത്ര്യവും അവസരവും ലഭിക്കാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ധ്രൂവ് രതി കുറ്റപ്പെടുത്തി.

ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന പുതിയ കേന്ദ്രനീക്കത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. ലോക്‌സഭയില്‍ അവതരിപ്പിച്ച പുതിയ ബില്‍ വഴി കേന്ദ്രം ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ തലസ്ഥാന പ്രദേശ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചു.

'തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതിനു പിന്നാലെ (നിയമസഭയില്‍ 8 സീറ്റ്, കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഒന്നുമില്ല) ലോക്‌സഭയില്‍ അവതരിപ്പിച്ച ഒരു ബില്ലിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധിയ്ക്ക് എതിരാണ് ഈ ബില്‍. ബിജെപിയുടെ ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.' കെജ്രിവാള്‍ തിങ്കളാഴ്ച ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1991ലെ ദേശീയ തലസ്ഥാന പ്രദേശ നിയമത്തിന്റെ ഭേദഗതിയാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. ഡല്‍ഹി മന്ത്രിസഭാംഗങ്ങളുടെയും ഗവര്‍ണറുടെയും അധികാരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ നിര്‍വചിക്കാനാണ് നിയമമെന്നാണ് ബിജെപി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. 1991ലെ നിയമം അനുസരിച്ച് ഡല്‍ഹിയിലെ ഭരണപരമായ കാര്യങ്ങളിലെ അധികാരം ഡല്‍ഹി സര്‍ക്കാരിനും ക്രമസമാധാന, പോലീസ് അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാരിനുമാണ്.

പുതിയ ബില്‍ അനുസരിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന നിയമനിര്‍മാണങ്ങളില്‍ ബില്ലുകള്‍ 14 ദിവസം മുന്‍പേ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയയ്ക്കണമെന്നും ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ഇത് കേന്ദ്രസര്‍ക്കാരിനോ രാഷ്ട്രപതിയ്‌ക്കോ കൈമാറാനോ അധികാരമുണ്ടാകുമെന്നുമാണ് പുതിയ ബില്ലില്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഡല്‍ഹി നിയമസഭയ്ക്ക് ബില്ലുകള്‍ പാസാക്കാനുള്ള പൂര്‍ണ അധികാരം നഷ്ടപ്പെട്ടേക്കുമെന്നാണ് ആശങ്ക. അതേസമയം, വിഷയത്തില്‍ കേന്ദ്രത്തിന്റെയോ രാഷ്ട്രപതിയുടെയോ മറുപടി വൈകുകയാണെങ്കില്‍ അടിയന്തര സാഹചര്യങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനാകുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അടക്കമുള്ളവര്‍ ബിജെപിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഡല്‍ഹി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടേണ്ട കാര്യമില്ലെന്ന് 2018ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനു വിരുദ്ധമാണ് പുതിയ ബില്‍ എന്നാണ് വിമര്‍ശനം. ഇതു സംബന്ധിച്ച നീക്കത്തിന് ഫെബ്രുവരിയില്‍ തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇത് 'ജനാധിപത്യത്തിന്റെ കൊലപാതകമാ'ണെന്നായിരുന്നു കെജ്രിവാള്‍ വിമര്‍ശിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ 'അധികാരങ്ങള്‍ കവര്‍ന്നെടുത്ത്' ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുകയാണെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചത്.

Next Story

RELATED STORIES

Share it