Sub Lead

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍: 2021ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 31,000 കേസുകള്‍; പകുതിയിലേറെയും ഉത്തര്‍പ്രദേശില്‍ നിന്ന്

ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ 2021ല്‍ മാത്രം ഏകദേശം 31,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.2014ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന നിരക്കാണിതെന്ന് എന്‍സിഡബ്ല്യു റിപോര്‍ട്ട് വ്യക്തമാക്കുന്നു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍: 2021ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 31,000 കേസുകള്‍; പകുതിയിലേറെയും ഉത്തര്‍പ്രദേശില്‍ നിന്ന്
X

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി ദേശീയ വനിതാ കമ്മീഷന്‍ (എന്‍സിഡബ്ല്യു) റിപോര്‍ട്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ 2021ല്‍ മാത്രം ഏകദേശം 31,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.2014ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന നിരക്കാണിതെന്ന് എന്‍സിഡബ്ല്യു റിപോര്‍ട്ട് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 2020നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കഴിഞ്ഞ വര്‍ഷമുണ്ടായിരിക്കുന്നത്. 2020ല്‍ 23,722 കേസുകളായിരുന്നത് 2021ല്‍ 31,000 ആയി വര്‍ധിക്കുകയായിരുന്നു.

രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 11,013 എണ്ണം മാനസിക പീഡനത്തിനും, 6,633 കേസുകള്‍ ഗാര്‍ഹിക പീഡനത്തിനും 4,589 കേസുകള്‍ സ്ത്രീധനവിഷയവുമായി ബന്ധപ്പെട്ടതുമാണ്. കമ്മീഷന്റെ കണക്കുപ്രകാരം പകുതിയിലധികം കേസുകളും ഉത്തര്‍പ്രദേശില്‍ നിന്നാണ്. 15,828 കേസുകളാണ് ഉത്തര്‍പ്രദേശില്‍ നിന്നുണ്ടായത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ രണ്ടാമതുള്ളത്. 3,336 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര 1,504, ഹരിയാന 1,460, ബീഹാര്‍ 1,456 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 33,906 പരാതികളായിരുന്നു 2014ല്‍ രജിസ്റ്റര്‍ ചെയ്യത്.

വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരായതിന്റെ അടിസ്ഥാനത്തിലാണ് പരാതികള്‍ വര്‍ധിച്ചതെന്നാണ് വനിതാ കമ്മീഷന്‍ മേധാവിയായ രേഖ ശര്‍മയുടെ വാദം.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഓരോ മാസത്തിലും 3,100 പരാതികളാണ് ലഭിച്ചതെന്നും 2018ല്‍, മീ റ്റൂ ക്യാംപെയ്ന്‍ കാലയളവിലായിരുന്നു ഇതിനു മുമ്പ് ഒരു മാസത്തില്‍ 3,000ലധികം പരാതികള്‍ ലഭിച്ചതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

എന്‍.സി.ഡബ്ല്യു പുറത്തു വിട്ട കണക്കുപ്രകാരം സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട 1,819 പരാതികളും ബലാത്സംഗം ബലാത്സംഗശ്രമം എന്നിവയുമായി ബന്ധപ്പെട്ട് 1,675 പരാതികളും പോലിസ് അനാസ്ഥയുടെ ഭാഗമായി 1,537 പരാതികളും സൈബര്‍ കുറ്റകൃത്യങ്ങളില്‍ 858 പരാതികളുമാണ് ലഭിച്ചത്.

Next Story

RELATED STORIES

Share it