Sub Lead

മോശമായി പെരുമാറിയാല്‍ പണി പാളും; സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം

ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച സര്‍ക്കാര്‍, പുതിയ വ്യവസ്ഥകള്‍ അടങ്ങുന്ന സര്‍ക്കുലര്‍ പുറത്തിറക്കി.

മോശമായി പെരുമാറിയാല്‍ പണി പാളും; സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം
X

തിരുവനന്തപുരം: ജനങ്ങളോട് മോശമായി പെരുമാറിയാലും ഫയലുകള്‍ വൈകിപ്പിച്ചാലും സ്ഥാനക്കയറ്റം തടയാവുന്ന രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ പെരുമാറ്റം സര്‍വീസ് റൂളിന്റെ ഭാഗമാക്കും. ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച സര്‍ക്കാര്‍, പുതിയ വ്യവസ്ഥകള്‍ അടങ്ങുന്ന സര്‍ക്കുലര്‍ പുറത്തിറക്കി.

ഫയല്‍ താമസിപ്പിക്കുക, മോശമായി പെരുമാറുക, ജോലി സമയത്ത് സീറ്റില്‍ ഇല്ലാതിരിക്കുക, ഫണ്ട് വൈകിപ്പിക്കുക എന്നിവ പരിഗണിച്ചാണ് സ്ഥാനക്കയറ്റമുണ്ടാവുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രകടനമാവും സ്ഥാനക്കയറ്റത്തിനായി മേലുദ്യോഗസ്ഥര്‍ പരിഗണിക്കുക.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് എന്ന് തിരിച്ചായിരുന്നു നിലവില്‍ സ്ഥാനക്കയറ്റം നിര്‍ണയിക്കുന്നത്. നേരത്തെ, ഗസറ്റഡ് ഓഫിസര്‍മാര്‍ക്ക് പതിമൂന്നും നോണ്‍ ഗസറ്റഡ് ഓഫിസര്‍മാര്‍ക്ക് ഒന്‍പതുമാണ് സ്ഥാനക്കയറ്റത്തിനുള്ള സ്‌കോര്‍. ഇനിയത് രണ്ട് പേര്‍ക്കും ഇരുപതാവും. നിലവിലെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് തയ്യാറാക്കല്‍ കോളം പൂരിപ്പിക്കല്‍ മാത്രമാണെന്നും ജോലിയുടെ അളവും മേന്മയും മാനദണ്ഡമാക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി സൂചിപ്പിക്കുന്നു.

നിലവില്‍ ഉദ്യോഗസ്ഥന്റെ ജോലി ഭാരമോ നിലവാരമോ വിലയിരുത്താന്‍ വ്യവസ്ഥയില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാര്യക്ഷമത വിലയിരുത്തുന്നതിലുള്ള വ്യക്തതയില്ലായ്മ മേലുദ്യോഗസ്ഥരുടെ പക്ഷപാതിത്വം, ജോലി മെച്ചപ്പെടുത്താനുള്ള നടപടികളുടെ അഭാവം എന്നീ കാരണങ്ങളും രീതി ഭേദഗതി ചെയ്യാനുള്ള കാരണമായി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രേഡ് അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്ന നിലവിലെ രീതി സംഖ്യാടിസ്ഥാനത്തിലേക്കു മാറ്റാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ശുപാര്‍ശ നല്‍കി. കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിനു മുന്നോടിയാണ് നടപടി.

നിലവിലെ ഗ്രേഡിങ് സംവിധാനത്തില്‍ അപാകമുള്ളതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്‌പെഷലൈസ്ഡ് കാറ്റഗറി ഒഴികെ എല്ലാ ഗസറ്റഡ് ഓഫീസര്‍മാരുടെയും പ്രവര്‍ത്തന മികവ് ഇത്തരത്തില്‍ വിലയിരുത്താനാണ് നിര്‍ദേശം.

ഉദ്യോഗസ്ഥരുടെ പെരുമാറ്റം സര്‍വീസ് റൂളിന്റെ ഭാഗമാക്കണം എന്നതടക്കമുള്ള ശുപാര്‍ശകളാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ നല്‍കിയിരുന്നത്. ജനങ്ങളോടുള്ള പെരുമാറ്റം അടിസ്ഥാനമാക്കി ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ മാനദണ്ഡങ്ങള്‍ മാറും.

ഓഫിസിലെത്തുന്നവരോട് മോശമായി പെരുമാറിയാല്‍ സ്ഥാനക്കയറ്റം മുടങ്ങും. കാര്യക്ഷമത ഇല്ലെങ്കിലും ഫയല്‍ അകാരണമായി താമസിപ്പിച്ചാലും ജോലി സമയത്ത് സീറ്റില്‍ ഇല്ലാതിരുന്നാലും ഫണ്ട് വൈകിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങളുണ്ടായാലും സ്ഥാനക്കയറ്റത്തെ ബാധിക്കും.

മേലുദ്യോഗസ്ഥരായിരിക്കും ഒരാളുടെ കാര്യങ്ങള്‍ പരിശോധിക്കുക. മൂന്ന് വര്‍ഷത്തെ പ്രകടനം വിലയിരുത്തും. ഉദ്യോഗസ്ഥര്‍ക്ക് എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഗ്രേഡ് നല്‍കുകയാണ് ഇതുവരെ ചെയ്തിരുന്നത്. കാര്യക്ഷമത വിലയിരുത്തുന്നതിലുള്ള വ്യക്തതയില്ലായ്മ, മേലുദ്യോഗസ്ഥരുടെ പക്ഷപാതം, ജോലി മെച്ചപ്പെടുത്താനുള്ള നടപടികളുടെ അഭാവം, ഉയര്‍ന്ന ഗ്രേഡ് നല്‍കുന്നതിന് വ്യക്തമായ കാരണം നല്‍കാതിരിക്കുക തുടങ്ങിയ പോരായ്മകള്‍ ഇതിനുണ്ടായിരുന്നു. അതിനാലാണ് നിലവിലുള്ള രീതി മാറ്റുന്നത്.

ഒന്ന് മുതല്‍ പത്ത് വരെയുള്ള നമ്പര്‍ ഗ്രേഡുകളാണ് ഇനി നല്‍കുക. വളരെ മോശം ഇടപെടലുകളാണെങ്കില്‍ ഒന്ന്, രണ്ട് നമ്പര്‍ ഗ്രേഡിലായിരിക്കും. മൂന്ന്, നാല് നമ്പര്‍ ഗ്രേഡുകള്‍ ശരാശരിക്ക് താഴെ. അഞ്ചാണെങ്കില്‍ ശരാശരി. ആറ്, എഴ്, എട്ട് നമ്പറുകള്‍ മികച്ചതും ഒന്‍പത്, 10 നമ്പറുകള്‍ ഏറ്റവും മികച്ചത് എന്ന രീതിയിലാണ് ഇനി മാര്‍ക്കുകള്‍ നല്‍കുക.

സ്‌കോര്‍ അഞ്ചോ അതില്‍ കുറവോ ആണെങ്കില്‍ അത്തരം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം. ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയായിരിക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള കലണ്ടര്‍ വര്‍ഷം. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

റിപ്പോര്‍ട്ടിന് രണ്ടു ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്ത് ജീവനക്കാരുടെ വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അവധികള്‍, പങ്കെടുത്ത പരിശീലന പരിപാടികള്‍, പുരസ്‌കാരങ്ങള്‍. രണ്ടാം ഭാഗത്തില്‍ നേതൃഗുണം, പ്രശ്‌നപരിഹാരം, തീരുമാനമെടുക്കാനുള്ള കഴിവ്, സമ്മര്‍ദം അതിജീവിക്കല്‍ തുടങ്ങി 20 ഇനങ്ങള്‍.

Next Story

RELATED STORIES

Share it