Sub Lead

വാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി

വാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
X

കൊച്ചി: ഹേമാ കമ്മിറ്റി മുമ്പാകെ നല്‍കിയ നടിയുടെ മൊഴി പുറത്തുവനന്തിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വിമന്‍ ഇന്‍ സിനിമാ കലക്റ്റീവ്(ഡബ്ല്യുസിസി) രംഗത്ത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത് എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡബ്ലുസിസി പ്രതികരിച്ചത്. ചാനല്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറംലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണെന്നും

ഇക്കാര്യത്തില്‍ താങ്കള്‍ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാര്‍ത്താ ആക്രമണം തടയണമെന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നുവെന്നും കുറിപ്പിലുണ്ട്. ഹേമാ കമ്മിറ്റി മുമ്പാകെ നടി നല്‍കിയ മൊഴി ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ഗാന ചിത്രീകരണത്തിനിടയിലും അല്ലാതെയും പ്രമുഖ നടനില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമുള്ള മൊഴിയാണ് പുറത്തായത്. ഈ നടനില്‍ നിന്ന് പലര്‍ക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. നടിമാരുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പതിവാണെന്ന് നടി പറഞ്ഞതായും ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ പുറത്തുവന്ന മൊഴിയിലുണ്ട്. ഒരു സംവിധായകന്‍ ബലാല്‍സംഗത്തിന് ശ്രമിച്ചെന്ന മൊഴിയും പുറത്തായിട്ടുണ്ട്. ഹേമാ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തുവരരുതെന്ന് കാണിച്ച് കഴിഞ്ഞ ദിവസവും ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അറിയിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേകാന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. ഇതുവഴിയാണ് മൊഴികള്‍ പുറത്തുവന്നതെന്നാണ് വിവരം.

ഡബ്ല്യുസിസി പുറപ്പെടുവിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്

താങ്കള്‍ നിയോഗിച്ച ഹേമാ കമ്മറ്റി മുമ്പാകെ സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ നല്‍കിയ മൊഴികള്‍ ഇപ്പോള്‍ സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ പരിധിയിലേക്ക് കൊണ്ടുവന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപോര്‍ട്ടര്‍ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങള്‍ താങ്കളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചത്. എന്നാല്‍ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമാ കമ്മറ്റിയും സര്‍ക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ എത്തുന്നത് കമ്മിറ്റി റിപോര്‍ട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു. പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിതപൂര്‍ണവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതയ്‌ക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തില്‍ താങ്കള്‍ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാര്‍ത്ത ആക്രമണം തടയണമെന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു.

വിശ്വസ്തതയോടെ

ഡബ്ല്യുസിസി

Next Story

RELATED STORIES

Share it