Sub Lead

എന്‍ഐഎ ഭേദഗതി ബില്ല്: പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ വഞ്ചിച്ചു- പോപുലര്‍ ഫ്രണ്ട്

അധോരാഷ്ട്രത്തിന്റെ ഏകാധിപത്യ അജണ്ടകള്‍ക്ക് അനുസൃതമായി പാര്‍ലമെന്റ് പരുവപ്പെട്ട് വരുന്നതിന്റെ തെളിവാണ് ഏറ്റവും കുറഞ്ഞ എതിര്‍പ്പോടെ ഇരുസഭകളിലും എന്‍ഐഎ ബില്ല് പാസായതെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്‍ഐഎ ഭേദഗതി ബില്ല്: പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ വഞ്ചിച്ചു- പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: എന്‍ഐഎ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിലൂടെ കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും അവര്‍ക്ക് വോട്ട് ചെയ്ത വിജയിപ്പിച്ച ജനങ്ങളെ വഞ്ചിച്ചുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി അബ്ദുല്‍ വാഹിദ് സേട്ട്. അധോരാഷ്ട്രത്തിന്റെ ഏകാധിപത്യ അജണ്ടകള്‍ക്ക് അനുസൃതമായി പാര്‍ലമെന്റ് പരുവപ്പെട്ട് വരുന്നതിന്റെ തെളിവാണ് ഏറ്റവും കുറഞ്ഞ എതിര്‍പ്പോടെ ഇരുസഭകളിലും എന്‍ഐഎ ബില്ല് പാസായതെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. ദേശീയ സുരക്ഷയുടെ പേര് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്തി മെരുക്കുകയായിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇതുവരെയുള്ള പ്രവര്‍ത്തന പാരമ്പര്യം എന്‍ഐഎയെ ദുരുപയോഗം ചെയ്യില്ലെന്ന അമിത് ഷായുടെ ഉറപ്പ് പൊള്ളയാണന്ന് തെളിയിക്കുന്നു. നിലവിലുള്ള അധികാരങ്ങള്‍ വച്ച് തന്നെ മുസ്്‌ലിംകളോടും ദുര്‍ബല വിഭാഗങ്ങളോടും അങ്ങേയറ്റം പക്ഷപാതപരമായും മുന്‍വിധിയോടെയുമാണ് എന്‍ഐഎ പെരുമാറുന്നതെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇത്തരമൊരു ദുഷിച്ച ഏജന്‍സിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, മൊത്തം രാജ്യത്തിന്റെ തന്നെ ആശങ്കയാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.

ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന മുസ്‌ലിം ലീഗിന്റെ നടപടിയും അങ്ങേയറ്റം നിരുത്തരവാദപരമാണ്. ഇരകളാക്കപ്പെടുന്ന മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സമുദായത്തിന്റെ യഥാര്‍ത്ഥ വികാരം പ്രകടിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു എതിര്‍ത്ത് വോട്ട് ചെയ്യുന്നതിലൂടെ ലഭിക്കുക. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ തെറ്റായ നിലപാട് സ്വീകരിച്ച ലീഗ് ഏകാധിപത്യ അജണ്ടകളെ ചോദ്യം ചെയ്യുന്നതില്‍ തങ്ങളുടെ ദൗര്‍ബല്യം തെളിയിച്ചിരിക്കുകയാണ്.

എഐഎംഐഎം, സിപിഐ, സിപിഎം, നാഷനല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ പാര്‍ലമെന്റില്‍ കാണിച്ച ധീരതയെ അബ്ദുല്‍ വാഹിദ് സേട്ട് അഭിനന്ദിച്ചു. ബില്ലിനെതിരേ വോട്ട് ചെയ്തതിലൂടെ അവര്‍ തങ്ങളുടെ അടിസ്ഥാന നിലപാട് ഉയര്‍ത്തിപ്പിടിച്ചു. എതിര്‍പക്ഷത്തുള്ളവരുടെ എണ്ണം എത്ര വലുതാണെന്നതു പരിഗണിക്കാതെ സത്യം വിളിച്ചുപറയണമെങ്കില്‍ ധാര്‍മികമായ ധീരതയും യഥാര്‍ത്ഥ ജനാധിപത്യ ബോധവും ആവശ്യമാണ്. പാര്‍ലമെന്റില്‍ സ്വീകരിച്ച നിലപാടിലൂടെ ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ തങ്ങളാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണെന്നും അബ്ദുല്‍ വാഹിദ് സേട്ട് വ്യക്തമാക്കി.

Next Story

RELATED STORIES

Share it