Sub Lead

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ രാത്രി ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ ഉത്തരവിറങ്ങി; ആദ്യയാത്ര 20ന്

നിലവില്‍ രാത്രി 8.50ന് നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസും രാത്രി 9.20ന് നിലമ്പൂരിലെത്തുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചറുമാണു രാത്രി സമയത്ത് ഈ പാതയിലൂടെയുള്ള അവസാനത്തെ ട്രെയിന്‍

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ രാത്രി ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ ഉത്തരവിറങ്ങി; ആദ്യയാത്ര 20ന്
X

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത രാത്രി ഗതാഗതത്തിനു തുറന്നുകൊടുക്കാന്‍ ഉത്തരവിറങ്ങി. ഇതോടെ കേരളത്തിലെ ഹരിത ഇടനാഴിയായി അറിയപ്പെടുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ അടക്കമുള്ളവരുടെ ഏറെനാളായുള്ള മുറവിളികള്‍ക്ക് പരിഹാരമായി. ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പ്പാത രാത്രി ഗതാഗതത്തിന് 2020 ജനുവരി 20 മുതല്‍ തുറക്കാന്‍ മദ്രാസിലെ ദക്ഷിണ റെയില്‍വെ ഡിവിഷന്‍ ആസ്ഥാനത്ത് നിന്നാണ് പ്രിന്‍സിപ്പല്‍ ചീഫ് ഓപറേഷന്‍സ് മാനേജര്‍ നീനു ഇഫ്ത്തീരിയ ഒപ്പുവച്ച ഉത്തരവിറക്കിയത്. ഇത് അനുവദിച്ച് ദക്ഷിണ റെയില്‍വേ കഴിഞ്ഞ ഡിസംബര്‍ 19ന് ഉത്തരവ് ഇറക്കിയിരുന്നു. രാത്രികാല സര്‍വീസ് പൂര്‍ണതയിലെത്തിക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം അഭിനന്ദനവുമായി യാത്രക്കാര്‍ ആഘോഷം ഒരുക്കിയിട്ടുണ്ട്. റെയില്‍വേ മന്ത്രാലയം, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് യാദവ് എന്നിവര്‍ക്കും പ്രത്യേക താല്‍പര്യമെടുത്ത ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ പ്രിയംവദ വിശ്വനാഥ്, പ്രിന്‍സിപ്പല്‍ ചീഫ് ഓപറേറ്റിങ് മാനേജര്‍ നീനു ഇട്ടിയവിര, മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഓപറേറ്റിങ് മാനേജര്‍ അനന്തരാമന്‍, പ്രിന്‍സിപ്പല്‍ ചീഫ് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജര്‍ ടി ശിവകുമാര്‍,

ഡല്‍ഹിയിലും ചെന്നൈയിലും നേരിട്ട് ഇടപെടല്‍ നടത്തിയ പി വി അബ്ദുല്‍ വഹാബ് എംപി, നിലമ്പൂര്‍-മൈസൂര്‍ റെയില്‍വേ ആക്്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍, അനുകൂല റിപോര്‍ട്ട് നല്‍കിയ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ പ്രതാപ് കുമാര്‍ ഷാമി, ഓപറേഷന്‍സ് മാനേജര്‍ അശോക് കുമാര്‍, കൊമേഴ്‌സ്യല്‍ മാനേജര്‍ ജെറിന്‍ ആനന്ദ്, ഡിവിഷനല്‍ എന്‍ജിനീയര്‍(കോ-ഓഡിനേഷന്‍) അനന്തരാമന്‍, പേഴ്‌സനല്‍ മാനേജര്‍ ലിബിന്‍രാജ് എന്നിവര്‍ക്കും ഈ ആവശ്യത്തിനു വേണ്ടി ജനറല്‍ മാനേജര്‍ക്ക് കത്തയച്ച എംപിമാരായ രാഹുല്‍ ഗാന്ധി, പി കെ കുഞ്ഞാലിക്കുട്ടി, റെയില്‍വേ ഉപദേശക സമിതികളില്‍ ആവശ്യം ഉയര്‍ത്തിയ ചെന്നൈയിലെ സോണല്‍ ഉപദേശകസമിതി അംഗങ്ങളായ ഷിജു ഏബ്രഹാം വാഴനശ്ശേരില്‍, പി കൃഷ്ണകുമാര്‍, പാലക്കാട് ഡിവിഷനല്‍ ഉപദേശക സമിതിയംഗം ഡോ. ബിജു നൈനാന്‍ എന്നിവരുടെ ഇടപെടലുകളെയും യാത്രക്കാര്‍ അഭിനന്ദിച്ചു.

നിലവില്‍ കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകളില്‍ രാത്രി യാത്രയില്ലാത്ത ഏക സെക്്ഷനാണ് നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാത. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ഈ പാതയില്‍ സര്‍വീസില്ല. ഇത് തിരുവനന്തപുരത്തേക്ക് അടക്കം യാത്ര ചെയ്യുന്നവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. നിലവില്‍ രാത്രി 8.50ന് നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസും രാത്രി 9.20ന് നിലമ്പൂരിലെത്തുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചറുമാണു രാത്രി സമയത്ത് ഈ പാതയിലൂടെയുള്ള അവസാനത്തെ ട്രെയിന്‍. രാത്രികാല സര്‍വീസ് ആരംഭിക്കുമ്പോള്‍ ആദ്യം ഗുണം ലഭിക്കുന്നതു കൊച്ചുവേളി-നിലമ്പൂര്‍-രാജ്യറാണി എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കാണ്. ദിവസവും പുലര്‍ച്ചെ 4.30ന് ഷൊര്‍ണൂരില്‍ എത്തുന്ന ട്രെയിന്‍ നിലവില്‍ രാവിലെ 7.50ന് ആണ് നിലമ്പൂരിലെത്തുക. രാവിലെ 6 വരെ പാത അടഞ്ഞുകിടക്കുന്നതാണ് കാരണം. രാജ്യറാണി മണിക്കൂറുകളോളം ഷൊര്‍ണൂരില്‍ പിടിച്ചിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. രാത്രി ഗതാഗതം തുടങ്ങുന്നതോടെ പുലര്‍ച്ചെ 5.30ന് തന്നെ രാജ്യറാണി നിലമ്പൂരിലെത്തുകയും തുടര്‍ യാത്ര നടത്തുകയും ചെയ്യാം.




Next Story

RELATED STORIES

Share it