Sub Lead

ഡല്‍ഹി കലാപക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിച്ച ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് അംഗീകാരം നല്‍കാതെ കേന്ദ്രം

ഡല്‍ഹി കലാപത്തിനിടെ ബിജെപിയുടെ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വേമ, കപില്‍ മിശ്ര എന്നിവര്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് പോലീസ് നടപടിക്ക് ജഡ്ജി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് 2020 ഫെബ്രുവരിയില്‍ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് എത്തിയത്. 1984ലെപ്പോലെ മറ്റൊരു സംഭവം ഈ രാജ്യത്ത് നടക്കാന്‍ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് മുരളീധര്‍ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി കലാപക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിച്ച ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് അംഗീകാരം നല്‍കാതെ കേന്ദ്രം
X

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് അംഗീകാരം നല്‍കാതെ കേന്ദ്രം. സുപ്രിം കോടതി കൊളീജിയം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്ത ജസ്റ്റിസ് എസ് മുരളീധറിന്റെ പേരാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്തത്.

എന്നാല്‍, സെപ്റ്റംബര്‍ 28ലെ പ്രമേയത്തിലൂടെ കൊളീജിയം സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശിച്ച മറ്റൊരു പേര് സര്‍ക്കാര്‍ ഇന്നലെ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് പങ്കജ് മിത്തല്‍ ഉടന്‍ തന്നെ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.

എന്നാല്‍ ജസ്റ്റിസ് മുരളീധറിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. നേരത്തെ ജസ്റ്റിസ് മുരളീധറിനെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത് വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഡല്‍ഹി ബാര്‍ അസോസിയേഷന്റെ ശക്തമായ എതിര്‍പ്പിനിടെയായിരുന്നു കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ അപ്രീതിക്ക് പാത്രമായ ജഡ്ജിയെ അര്‍ദ്ധരാത്രി സ്ഥലംമാറ്റിയത്.

ഡല്‍ഹി കലാപത്തിനിടെ ബിജെപിയുടെ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വേമ, കപില്‍ മിശ്ര എന്നിവര്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് പോലീസ് നടപടിക്ക് ജഡ്ജി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് 2020 ഫെബ്രുവരിയില്‍ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് എത്തിയത്. 1984ലെപ്പോലെ മറ്റൊരു സംഭവം ഈ രാജ്യത്ത് നടക്കാന്‍ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് മുരളീധര്‍ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.

സ്ഥലംമാറ്റത്തെ ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അസന്ദിഗ്ധമായും ശക്തമായും അപലപിച്ചിരുന്നു. ഇത്തരം സ്ഥലംമാറ്റങ്ങള്‍ നമ്മുടെ ശ്രേഷ്ഠമായ സ്ഥാപനത്തിന് ഹാനികരം മാത്രമല്ല, സാധാരണക്കാരുടെ വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകര്‍ ഒരു ദിവസത്തേക്ക് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഒരു അന്താരാഷ്ട്ര അഭിഭാഷക സംഘം അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിഷയത്തെക്കുറിച്ച് കത്തെഴുതുകയും ചെയ്തു.

എന്നാല്‍, ജഡ്ജിയുടെ സ്ഥലംമാറ്റം പതിവാണെന്നും ഫെബ്രുവരി 12ന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റിയതെന്നും അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയിരുന്നതായും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ ഇരകള്‍ക്കും നര്‍മ്മദ നദിയിലെ അണക്കെട്ടുകള്‍ മൂലം കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചാണ് ജസ്റ്റിസ് മുരളീധര്‍ അഭിഭാഷകവൃത്തി ആരംഭിച്ചത്.

1984ലെ സിഖ് വിരുദ്ധ കലാപത്തിന് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷയും 1987ല്‍ 42 മുസ്ലീം പുരുഷന്മാരെ പിടികൂടി കൊലപ്പെടുത്തിയ ഹാഷിംപുര കൂട്ടക്കൊലയ്ക്ക് പോലീസുകാരെ ശിക്ഷിച്ചതും അദ്ദേഹത്തിന്റെ സുപ്രധാന വിധികളില്‍ ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it