Sub Lead

യുപിയിയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പള്ളിയില്‍ മുസ് ലിംകള്‍ക്ക് വിലക്ക്

യുപിയിയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പള്ളിയില്‍ മുസ് ലിംകള്‍ക്ക് വിലക്ക്
X

മുസഫര്‍നഗര്‍: യുപിയിയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ചതും നൂറ്റാണ്ടിലേറെയായി പ്രാര്‍ഥന നടക്കുന്നതുമായ പള്ളിയില്‍ മുസ് ലിംകള്‍ക്ക് വിലക്ക്. മുസഫര്‍നഗറിലെ ജയില്‍ വളപ്പിലെ പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നതില്‍ നിന്നാണ് മുസ് ലിംകളെ തടയുന്നത്. ജയില്‍ കോംപൗണ്ടിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്താന്‍ ഹിന്ദുക്കള്‍ക്ക് അനുമതി തുടരുമ്പോഴാണ് മുസ് ലിംകള്‍ക്കു മാത്രം വിലക്കേര്‍പ്പെടുത്തിയത്. 1838ലാണ് മുസഫര്‍നഗര്‍ ജയില്‍ വളപ്പില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഒരു ക്ഷേത്രവും മുസ് ലിം പള്ളിയും നിര്‍മിച്ചത്. ഇരുസ്ഥലത്തും ജയില്‍ വളപ്പിലും പരിസരത്തും താമസിക്കുന്ന ഹിന്ദുക്കളും മുസ് ലിംകളും 150 വര്‍ഷത്തിലേറെയായി പ്രാര്‍ഥന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മുസ് ലിംകളെ മാത്രം ജയില്‍ അധികൃതര്‍ തടഞ്ഞത്. ജയിലിനു പുറത്തെ കവാടത്തിലെ പോലിസ് എയ്ഡ് പോസ്റ്റിലെ സുരക്ഷാജീവനക്കാര്‍വിശ്വാസികളെ തിരിച്ചയക്കുകയായിരുന്നു. നൂറു വര്‍ഷത്തിലേറെയായി പള്ളിയില്‍ നമസ്‌കാരം നടത്തുന്ന സമീപവാസികള്‍ക്കാണ് ഇപ്പോള്‍ പ്രവേശനം നിഷേധിച്ചത്. ജയില്‍ പരിസരം സെന്‍സിറ്റീവ് ഏരിയയാണെന്നും സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ പ്രതിഷേധവുമായി മുസ് ലിംകള്‍ രംഗത്തെത്തിയതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ജയില്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച സമീപവാസികള്‍ ജയിലര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ജയിലര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും പ്രതിഷേധിച്ചാല്‍

ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നാട്ടുകാരനായ മുഹമ്മദ് റാഫി പറഞ്ഞു. തിങ്കളാഴ്ച രാത്രി ജയില്‍ സമുച്ചയത്തിലെ മസ്ജിദില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രദേശവാസിയായ ദിവ്യാങ് മുഹമ്മദ് ഫാബി ഖാനെ തടഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞുനിര്‍ത്തി ജയില്‍ വളപ്പിലെ മസ്ജിദില്‍ പ്രാര്‍ഥിക്കാന്‍ വരരുതെന്ന് പറഞ്ഞു. ഇതിനെ എതിര്‍ത്തപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും മുഹമ്മദ് ഫാബി ഖാന്‍ ആരോപിച്ചു. ഇതിനിടെ അവിടെയെത്തിയ ജയിലര്‍ ഇനി മസ്ജിദില്‍ നമസ്‌കാരത്തിന് വരരുതെന്ന് ആവര്‍ത്തിച്ചതായും ഫാബി ഖാന്‍ പറഞ്ഞു. പ്രാര്‍ഥനയ്ക്കു വരുന്നവരെ തടയാന്‍ ജയിലറുടെ ഉത്തരവുണ്ടെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞതായി മുഹമ്മദ് റാഫിയും പറഞ്ഞു.

അതേസമയം, മുസ് ലിംകളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജയില്‍ സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് ജയില്‍ പരിസരത്തേക്ക് പുറത്തുനിന്നുള്ളവരെ അനുവദിക്കാത്തത്. ജയില്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ ജയില്‍ വളപ്പിലാണ് താമസിക്കുന്നത്. അവരുടെ സുരക്ഷ കണക്കിലെടുത്താണ് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിച്ചതെന്നുമാണ് സൂപ്രണ്ടിന്റെ വാദം. എന്നാല്‍, ക്ഷേത്രത്തിലേക്ക് പ്രാര്‍ഥന നടത്തുന്നതില്‍ നിന്ന് പുറത്തുനിന്നുള്ള ഹിന്ദുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്താതതില്‍ സൂപ്രണ്ട് മൗനം പാലിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it