Sub Lead

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
X
ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണിത്. ധരിക്കുന്ന വസ്ത്രത്തിന്റെയും ജാതിയുടെയും പേരില്‍ ബിജെപി ജനങ്ങളെ വേര്‍തിരിക്കുകയാണെന്നും സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് പുറത്ത് പോവാമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് നിരോധനം സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായും സിദ്ധരാമയ്യ അറിയിച്ചു. ഒരാള്‍ എന്ത് വസ്ത്രം ധരിക്കണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടമാണ്. അതില്‍ എതിര് പറയാന്‍ കഴിയില്ല. നിങ്ങള്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ. ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ. അതെന്തിന് ഞാന്‍ അറിയണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബിജെപി സര്‍ക്കാര്‍രിന്റെ ഭരണകാലത്ത് 2022 ജനുവരിയിലാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിനു തുടക്കമിട്ടത്. ഉഡുപ്പിയിലെ പ്രീ-യൂനിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറുന്നത് തടയുകയായിരുന്നു. വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പരാതിയുമായെത്തിയതോടെ ദേശീയതലത്തില്‍ തന്നെ വലിയ കോളിളക്കങ്ങളുണ്ടായി. ബിജെപി സര്‍ക്കാരാവട്ടെ ഫെബ്രുവരിയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കുകയും ചെയ്തു. 2022 മാര്‍ച്ച് 15ന് ഹിജാബ് ഇസ് ലാമില്‍ നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനം ശരിവച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയതോടെ മുസ് ലിം വിദ്യാര്‍ഥിനികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതിയില്‍ ഭിന്നവിധിയുണ്ടായതിനെ തുടര്‍ന്ന് ഇപ്പോഴും നിയമനടപടികള്‍ തുടരുകയാണ്. ഇതിനിടെയാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലെത്തിയത്.

Next Story

RELATED STORIES

Share it