Sub Lead

ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തടസ്സമില്ല: ബോംബൈ ഹൈക്കോടതി

ജന്മദിന ആഘോഷത്തിന് അനുമതി നല്‍കരുതെന്ന് മറ്റൊരു സമുദായത്തിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുമതി നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയെന്നും പോലിസ് അറിയിച്ചു.

ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തടസ്സമില്ല: ബോംബൈ ഹൈക്കോടതി
X

മുംബൈ: മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിനും റാലി നടത്തുന്നതിനും യാതൊരു തടസ്സവുമില്ലെന്ന്‌ ബോംബൈ ഹൈക്കോടതി. മൗലാനാ ആസാദിന്റെയും ടിപ്പുസുല്‍ത്താന്റെയും ജന്മദിന ആഘോഷത്തിന് പൂനെ പോലിസ് അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ട്ടി നേതാവ് ഫയാസ് ശെയ്ഖ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ രേവതി മോഹിത്, ശിവകുമാര്‍ ദിഗെ എന്നിവരടങ്ങിയ ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ടിപ്പുവിന്റെ ജന്മദിന ആഘോഷം പൊതുസ്ഥലത്ത് നടത്തരുതെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നതായി ഫയാസ് ശെയ്ഖിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജന്മദിന ആഘോഷത്തിന് അനുമതി നല്‍കരുതെന്ന് മറ്റൊരു സമുദായത്തിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുമതി നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയെന്നും പോലിസ് അറിയിച്ചു.

എന്നാല്‍, റാലി നടത്താന്‍ നിയമപരമായ എന്തെങ്കിലും തടസമുണ്ടോയെന്ന് കോടതി പോലിസിനോട് ചോദിച്ചു. ഇല്ലെന്നാണ് പോലിസ് മറുപടി നല്‍കിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് മുന്‍തീരുമാനമെന്നും പോലിസ് വിശദീകരിച്ചു. റാലി കടന്നുപോവുന്ന പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന തോന്നിയാല്‍ പോലിസിന് റൂട്ട് മാറ്റാന്‍ അധികാരമുണ്ടെന്ന് കോടതി ഇതിന് മറുപടി നല്‍കി. ആരെങ്കിലും റാലിക്കെതിരേ അക്രമം നടത്തിയാല്‍ അവരെ നേരിടാം. പക്ഷെ, ജന്മദിന ആഘോഷം പൊതുസ്ഥലത്ത് നടത്തരുതെന്ന് പറയാനാവില്ല. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് റാലി തടയാനും കഴിയില്ല. റാലിയില്‍ പങ്കെടുക്കുന്നവര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അവര്‍ക്കെതിരേ കേസുമെടുക്കാം. അതല്ലാതെ റാലി തടയാന്‍ പോലിസിന് അവകാശമില്ലെന്നും കോടതി പറഞ്ഞു.

തുടര്‍ന്ന് പൂനെ എസ്പിയും ഫയാസ് ശെയ്ഖും കൂടിക്കാഴ്ച്ച നടത്തി റൂട്ടിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് ഡിസംബര്‍ 17ന് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it