Sub Lead

ഹരിദ്വാറിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം: യുഎപിഎ ചുമത്താനാവില്ലെന്ന് പോലിസ്

ഹരിദ്വാറിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം: യുഎപിഎ ചുമത്താനാവില്ലെന്ന് പോലിസ്
X

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച ഹിന്ദുത്വ സമ്മേളനത്തില്‍ വിദ്വേഷപ്രസംഗം നടത്തുകയും മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത സംഭവത്തില്‍ യുഎപിഎ ചുമത്താനാവില്ലെന്ന് പോലിസ്. സംഭവം അക്രമത്തിനോ കൊലപാതകത്തിനോ വഴിയൊരുക്കാത്തതിനാല്‍ യുഎപിഎ ചുമത്തി കേസെടുക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ ആണ് വ്യക്തമാക്കിയത്. വിദ്വേഷപ്രസംഗത്തില്‍ ഹിന്ദുത്വ നേതാക്കളെ ഒഴിവാക്കി ഈയിടെ മതം മാറിയ വസീം റിസ്‌വിക്കെതിരേ മാത്രമാണ് പോലിസ് കേസെടുത്തിരുന്നത്.

വംശഹത്യാ ആഹ്വാനം നടത്തിയിട്ടും യുഎപിഎ വകുപ്പ് ചുമത്താത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഡിജിപി രംഗത്തുവന്നത്. ചെറിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്ന ആരോപണം ഡിജിപി നിഷേധിച്ചു. ഐപിസി സെക്ഷന്‍ 153 എ (മതത്തിന്റെ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) പ്രകാരം അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. ഞങ്ങള്‍ എഫ്‌ഐആറില്‍ ഐപിസി 153 എ സെക്ഷന്‍ (i) ഉം (ii) ഉം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ നിയമപ്രകാരമാണ് മുന്നോട്ടുപോവുന്നത്. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെ വിദ്വേഷ വീഡിയോകള്‍ ഫേസ്ബുക്കില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. 'വസിം റിസ്‌വിയെയും മറ്റുള്ളവരെയും' മാത്രം പരാമര്‍ശിച്ച് പ്രദേശവാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്ന വസിം റിസ്‌വിയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വര്‍ ആയുധങ്ങള്‍ സംഭരിക്കുന്നുവെന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. ഒരു ആയുധ ഫാക്ടറിയും കണ്ടെത്താനായിട്ടില്ല. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമാണ്. പരിപാടിയില്‍ കുട്ടികള്‍ വാളുകളും ത്രിശൂലങ്ങളും വീശിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അവ പരമ്പരാഗതമായ കാര്യങ്ങളാണെന്നായിരുന്നു മറുപടി.

പരിപാടിയില്‍ യതി നരസിംഹാനന്ദ് ഹിന്ദു യുവാക്കളോട് 'പ്രഭാകരന്‍' ആയും 'ഭിന്ദ്രന്‍വാലെ' ആയും മാറാന്‍ ആഹ്വാനം ചെയ്യുകയും മുസ്‌ലിംകള്‍ക്കെതിരേ ആയുധമെടുക്കാന്‍ ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. വീഡിയോയില്‍ പ്രസംഗിക്കുന്ന നരസിംഹാനന്ദിനെയും മറ്റുള്ളവരെയും നിയമപ്രകാരം ചോദ്യം ചെയ്യുമെന്ന് കുമാര്‍ പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ 'ധര്‍മ സന്‍സദില്‍' എന്ന പരിപാടിയില്‍ ഹിന്ദു സന്യാസികള്‍ മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം നല്‍കിയത്.

മുസ്‌ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ മാതൃകയില്‍ വംശശുദ്ധീകരണം നടത്തണമെന്നാണ് പ്രബോധാനന്ദ് ഗിരി സമ്മേളനത്തില്‍ പറഞ്ഞത്. ''മ്യാന്‍മര്‍ മാതൃകയില്‍ നമ്മുടെ പോലിസും, രാഷ്ട്രീയക്കാരും സൈന്യവും മുഴുവന്‍ ഹിന്ദുക്കളും ആയുധമെടുത്ത് ഒരു വംശശുദ്ധീകരണം നടത്തണം. അതല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നില്‍ അവശേഷിക്കുന്നില്ല'' നിങ്ങള്‍ ഇത് ഡല്‍ഹി അതിര്‍ത്തിയില്‍ കണ്ടിട്ടുണ്ട്, അവര്‍ ഹിന്ദുക്കളെ തൂക്കിക്കൊല്ലുന്നു. ഇനി സമയമില്ല, ഒന്നുകില്‍ നിങ്ങള്‍ ഇപ്പോള്‍ മരിക്കാന്‍ തയ്യാറെടുക്കുക, അല്ലെങ്കില്‍ കൊല്ലാന്‍ തയ്യാറാവുക, വേറെ വഴിയില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

അതുകൊണ്ടാണ്, ഇവിടുത്തെ പോലിസും, രാഷ്ട്രീയക്കാരും, പട്ടാളവും, ഓരോ ഹിന്ദുവും ആയുധമെടുക്കണം, നമ്മള്‍ ഈ ശുചിത്വയജ്ഞം നടത്തണം. ഇതല്ലാതെ ഒരു പരിഹാരവുമില്ലെന്ന് സ്വാമി പ്രബോധാനന്ദ ഗിരി പറഞ്ഞു. മുസ്‌ലിംകള്‍ക്കെതിരേ അക്രമത്തിന് ആഹ്വാനം ചെയ്ത പരിപാടി സംഘടിപ്പിക്കാന്‍ സഹായിച്ചതിന് മുമ്പ് അറസ്റ്റിലായ ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും ബിജെപി മഹിളാ മോര്‍ച്ച നേതാവ് ഉദിത ത്യാഗിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ വിദ്വേഷപ്രസംഗം നടത്തിയ നരസിംഹാനന്ദിനെതിരേയും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും നിരവധി കേസുകളുണ്ട്.

Next Story

RELATED STORIES

Share it