Sub Lead

എന്‍ആര്‍സി ആഭ്യന്തര യുദ്ധത്തിന് വഴിവെക്കുമെന്ന് ചേതന്‍ ഭഗത്

ദേശീയ പൗരത്വ രജിസ്റ്റര്‍ പീഡനമാണെന്ന തന്റെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍ആര്‍സി ആഭ്യന്തര യുദ്ധത്തിന് വഴിവെക്കുമെന്ന് ചേതന്‍ ഭഗത്
X

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പാക്കപ്പെടുന്ന നിമിഷം തന്നെ അതു ദുരുപയോഗപ്പെടുത്തുമെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ദേശീയ പൗരത്വ രജിസ്റ്റര്‍ പീഡനമാണെന്ന തന്റെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍ആര്‍സി നടപ്പിലാക്കുന്നത് രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് വഴിവെക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. ജനങ്ങളെ വിഭജിക്കാനാണ് ബിജെപി എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. എന്‍ആര്‍സി മതേതരമായിരിക്കാം. എന്നാല്‍ ഇത് ജനങ്ങള്‍ക്ക് വലിയ ഉപദ്രവമാണ്. വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ആധാര്‍ ഒന്നും ബാധകമല്ല. എത്ര തവണ ജനങ്ങള്‍ വ്യക്തിത്വം തെളിയിക്കേണ്ടി വരും. ഇത് എപ്പോഴാണ് അവസാനിക്കുന്നത്? എന്‍ആര്‍സി പീഡനമാണെന്നും ചേതന്‍ ഭഗത് പറഞ്ഞു.

സര്‍ക്കാര്‍ വലിയ ഭയം സൃഷ്ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളില്‍. ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം നടത്താനാണ് എല്ലായ്‌പ്പോഴും ബിജെപിയുടെ ശ്രമം. നിലവില്‍ ജനങ്ങള്‍ക്കുള്ള ഭീതി യാഥാര്‍ഥ്യമാണ്. വലിയ ചെലവ് വരുന്നതും, അര്‍ഥമില്ലാത്തതുമായ പ്രവര്‍ത്തനമാണ് എന്‍ആര്‍സി. എല്ലാ രേഖകളും നഷ്ടപ്പെട്ടവര്‍ എന്താണ് ചെയ്യുക? എല്ലാ രേഖകളും ഉണ്ടെങ്കില്‍ തന്നെയും ഉദ്യോഗസ്ഥര്‍ക്ക് അത് നിരസിക്കാം. അങ്ങനെ വരുമ്പോള്‍ കോടതിയെ സമീപിക്കുക മാത്രമാണ് വഴി. രേഖകള്‍ ഇല്ലാതെ വരുന്നത് അഞ്ച് ശതമാനം ആളുകള്‍ മാത്രമായിരിക്കാം. ഈ അഞ്ച് ശതമാനമെന്ന് പറഞ്ഞാല്‍ ആറ് കോടിയോളം വരും. ഇവരെ പുറത്താക്കാന്‍ കഴിയില്ല. ഇവരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ചേതന്‍ ഭദത് പറഞ്ഞു.

ഭരണകക്ഷിയായ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ എന്‍ആര്‍സി ഇതിനകം അസമില്‍ നടപ്പാക്കിയിട്ടുണ്ട്. 19 ലക്ഷം പേരാണ് ആ പട്ടികയില്‍ ഇടംപിടിക്കാതെ പോയത്. ഇതു രാജ്യവ്യാപകമായി നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

എന്നാല്‍ ഇതിനെതിരേ രാജ്യവ്യാപകം പ്രതിഷേധം ഉയരുകയും മുസ്‌ലിംകളോട് വിവേചനം കാണിക്കുമെന്ന വ്യാപക ആശങ്കയും ഉയര്‍ന്നതോടെ പ്രധാനമന്ത്രി ഇതില്‍നിന്നു പിന്നോട്ട് പോയിരിക്കുകയാണ്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് പ്രധാനമന്ത്രി ഇ്‌പ്പോള്‍ പറയുന്നത്.

ഭയം ന്യായമാണെന്ന് താന്‍ പറയുന്നില്ല. എന്നാല്‍, ഭയം യഥാര്‍ത്ഥമാണ്. ബിജെപി എല്ലായ്‌പ്പോഴും ധ്രുവീകരണത്തിനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് ജനങ്ങള്‍ അത്തരത്തില്‍ ചിന്തിച്ചത്. മറ്റൊരു സര്‍ക്കാരാണ് എന്‍ആര്‍സി കൊണ്ടുവന്നിരുന്നതെങ്കില്‍ ജനങ്ങള്‍ക്കതില്‍ വിശ്വാസ്യത ഉണ്ടാവുകയും അത് മികച്ച സ്വീകാര്യത നേടുകയും ചെയ്യുമെന്ന് ഭഗത് പറഞ്ഞു.

Next Story

RELATED STORIES

Share it