Sub Lead

നൂഹ് കലാപക്കേസിലെ മുഖ്യപ്രതിയുടെ സഹോദരന്‍ പൊള്ളലേറ്റു മരിച്ചു

നൂഹ് കലാപക്കേസിലെ മുഖ്യപ്രതിയുടെ സഹോദരന്‍ പൊള്ളലേറ്റു മരിച്ചു
X

ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ മുസ് ലിംവിരുദ്ധ കലാപത്തിനു നേതൃത്വം നല്‍കിയ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ ബിട്ടു ബജ്‌റംഗിയുടെ സഹോദരന്‍ പൊള്ളലേറ്റ് മരിച്ചു. പശുക്കടത്ത് ആരോപിച്ച് ആക്രമണം നടത്തുന്ന സംഘത്തിന്റെ തലവനായ ബിട്ടു ബജ്‌റങ്ഗിയുടെ ഇളയ സഹോദരന്‍ മഹേഷ് പഞ്ചലാണ് ഡല്‍ഹിയിലെ എയിംസില്‍ മരണപ്പെട്ടത്. ഡിസംബര്‍ 13നാണ് പഞ്ചലിന് പൊള്ളലേറ്റത്. ഫരീദാബാദില്‍ വച്ച് ഏതാനുംപേര്‍ തന്നെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായി ഇയാള്‍ പോലിസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാനായി കനാലില്‍ ചാടിയെന്നുമാണ് പഞ്ചല്‍ മൊഴി നല്‍കിയിരുന്നത്. 60 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ ഫരീദാബാദിലെ ബികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നില വഷളായതിനെത്തുടര്‍ന്ന് എട്ടുദിവസം മുമ്പ് ഡല്‍ഹി എയിംസിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തന്റെ സഹോദരനെ ചിലര്‍ ആക്രമിക്കുകയും പിന്നീട് തീകൊളുത്തുകയും ചെയ്തതാണെന്ന് ബിട്ടു ബജ്‌രങ്ഗി പോലിസിനോട് പറഞ്ഞിരുന്നു. ഏഴുപേര്‍ക്കെതിരേ പരാതി നല്‍കിയ ബിട്ടു ബജ്‌റങ്ഗി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ വിഷയം താന്‍ തന്നെ ഏറ്റെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഹരിയാനയിലെ നുഹില്‍ നടന്ന അക്രമവുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് ഇയാളുടെ ആരോപണം. എന്നാല്‍, ആക്രമണത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് സംഭവം അന്വേഷിക്കുന്ന ഫരീദാബാദ് പോലിസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എസിപി അമന്‍ യാദവ് പറയുന്നത്. പ്രദേശത്ത് ജ്യൂസ് കട നടത്തിയിരുന്നയാളെ ഉള്‍പ്പെടെയാണ് പഞ്ചല്‍ പ്രതികളിലൊരാളായി ആരോപിച്ചിരുന്നത്. എന്നാല്‍, ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. പ്രതിയുടെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ സംഭവസമയത്ത് ഇയാളുള്‍പ്പെടെ മൂന്ന് പേര്‍ വീട്ടിലുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കാനായി പോളിഗ്രാഫ് ടെസ്റ്റ് നടത്താനും പോലിസ് തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയ പഞ്ചലിന്റെ മൃതദേഹം ഫരീദാബാദിലെ വീട്ടിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് നൂറോളം പേര്‍ സംഘടിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നമില്ലെന്നും എസ്ഡിഎം പ്രദേശം സന്ദര്‍ശിച്ച് ബിട്ടുവുമായി സംസാരിച്ചതായും പോലിസ് അറിയിച്ചു.

2023 ജൂലൈയില്‍ ഹരിയാനയിലെ നുഹില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കലാപത്തിനും ആക്രമണത്തിനും ബിട്ടു ബജ്‌റങ്ഗിയെ അറസ്റ്റ് ചെയ്തിരുന്നു. വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ പ്രകോപനപരമായ വീഡിയോകള്‍ പുറത്തുവിട്ടതിനാണ് ബജ്‌റംഗിയെയും സഹായിയും ഹരിയാനയിലെ ജുനൈദ്-നാസര്‍ ഇരട്ടക്കൊലക്കേസ് പ്രതിയുമായ മോനു മനേസറിനെയും അറസ്റ്റ് ചെയ്തത്. ബിട്ടു ബജ്‌രങ്ഗി ഇപ്പോള്‍ ജാമ്യത്തിലാണ്. ആറ് പേരുടെ മരണത്തിനിടയാക്കിയ ജൂലൈ 31ലെ നുഹ് കലാപത്തില്‍ പങ്കെടുത്തതിന് ഗോ രക്ഷാ ബജ്‌റങ് ഫോഴ്‌സിന്റെ ഫരീദാബാദ് വിഭാഗം തലവനായ ബജ്‌രങ്ഗിയെ കഴിഞ്ഞ ആഗസ്തിലാണ് അറസ്റ്റ് ചെയ്തത്. അതേമാസം തന്നെ ജാമ്യത്തില്‍ പുറത്തിറങ്ങിയ ബജ്‌രങ്ഗിക്കെതിരേ വിദ്വേഷപ്രസംഗത്തിനും നിരവധി കേസുകളുണ്ട്.

Next Story

RELATED STORIES

Share it