Sub Lead

ബിജെപി വക്താവിന്റെ പ്രവാചക നിന്ദ: ഭീഷണിയുണ്ടെന്ന നുപുര്‍ ശര്‍മയുടെ പരാതിയില്‍ കേസെടുത്തു

ബിജെപി വക്താവിന്റെ പ്രവാചക നിന്ദ: ഭീഷണിയുണ്ടെന്ന നുപുര്‍ ശര്‍മയുടെ പരാതിയില്‍ കേസെടുത്തു
X

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ ഭീഷണിയുണ്ടെന്ന പരാതിയില്‍ ഡല്‍ഹി പോലിസ് കേസെടുത്തു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ് ദിവസം നുപുര്‍ ശര്‍മ്മ പറഞ്ഞിരുന്നു.

'എന്റെ മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്ന് എല്ലാ മാധ്യമസ്ഥാപനങ്ങളോടും എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്റെ കുടുംബത്തിന് നേരെ ഭീഷണിയുണ്ട്'. ഇന്നലെ വൈകിട്ട് മുപുര്‍ ശര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡല്‍ഹി പോലിസ് കേസ് എടുത്തിരിക്കുന്നത്.

ടെലിവിഷന്‍ വാര്‍ത്താ സംവാദത്തിനിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ച് പരാമര്‍ശം നടത്തിയതിന് ബിജെപി വക്താവായ നുപുര്‍ ശര്‍മ്മയെ പാര്‍ട്ടി ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവര്‍ക്കെതിരെ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പുനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറും എന്‍സിപി പ്രാദേശിക നേതാവുമായ അബ്ദുള്‍ ഗഫൂര്‍ പത്താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അറബ് രാഷ്ട്രങ്ങളില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തറും, കുവൈറ്റും പ്രതിഷേധമറിയിച്ചു.ഒമാന്‍ ഗ്രാന്റ് മുഫ്ത്തിയും പ്രസ്തവനകളെ ശക്തമായി അപലപിച്ചു. വക്താക്കളുടേത് സര്‍ക്കാര്‍ നിലപാടല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ നുപുര്‍ ശര്‍മ്മയേയും,നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി പുറത്താക്കുകയായിരുന്നു.

ബിജെപി വക്താക്കളായ നുപുര്‍ ശര്‍മ്മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവര്‍ നടത്തിയ നബി വിരുദ്ധ പ്രസ്താവനകളും ട്വീറ്റുകളുമാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഖത്തറിലെ സമൂഹമാധ്യമങ്ങളില്‍ വിവാദം കൊഴുത്തു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളുടെ നിലപാട് ഇതാണെങ്കില്‍ ഉപരാഷ്ട്രപതിയെ ബഹിഷക്കരിക്കണമെന്ന ആഹ്വാനം പോലുമുയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയ ഖത്തര്‍ പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയും നിരാശയുമറിയിച്ചു. കുവൈറ്റും സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ഒമാന്‍ ഗ്രാന്റ് മുഫ്തിയും നിലപാട് കടുപ്പിച്ചു. സര്‍ക്കാര്‍ നിലപാട് ഇതല്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ സാമൂഹിക വിരുദ്ധരാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്ന് പറഞ്ഞു. തുടര്‍ന്ന് ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ബിജെപി, നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു. ഉഭയകക്ഷി ബന്ധത്തെ പോലും ബാധിക്കുമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നത് സര്‍ക്കാരിനുണ്ടാക്കിയ സമ്മര്‍ദ്ദം ചെറുതല്ല. ഇരുവര്‍ക്കുമെതിരായ നിയമ നടപടികളിലെ തുടര്‍നീക്കങ്ങളും അന്താരാഷ്ട്ര തലത്തില്‍ നിര്‍ണ്ണായകമാകും.

Next Story

RELATED STORIES

Share it