Sub Lead

ഇന്ധന വില നാളെയും കൂട്ടും; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ധിക്കും

ഇന്ധന വില നാളെയും കൂട്ടും; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ധിക്കും
X

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടുന്നു. വെള്ളിയാഴ്ച പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 94 രൂപയുമായിരിക്കും. നവംബര്‍ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. നാലുമാസത്തിനുശേഷം മൂന്ന് തവണയായി പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.45 രൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വില 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇന്നലെ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്.

കഴിഞ്ഞ് രണ്ടുദിവസത്തില്‍ പെട്രോളിന് കൂടിയത് ഒരുരൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമായിരുന്നു വില. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വര്‍ധന മിക്ക ദിവസവുമുണ്ടാവാം.

ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം അടിക്കടിയായി വില ഉയര്‍ത്തുന്ന രീതിയാവും കമ്പനികള്‍ സ്വീകരിക്കുക. അതുകൊണ്ട് വരും ദിവസങ്ങളിലും വില വര്‍ധന പ്രതീക്ഷിക്കാം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എണ്ണവില വര്‍ധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയില്‍ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതുകൊണ്ട് വില ഇനിയും കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലവര്‍ധന പ്രതിഫലിക്കും.

റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഇതുസംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധനവില വര്‍ധന നിര്‍ത്തിവച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അന്താരാഷ്ട്ര വില വര്‍ധനക്കനുസരിച്ച് എണ്ണക്കമ്പനികളാണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴെല്ലാം രാജ്യത്ത് ഇന്ധനവില നിര്‍ത്തിവയ്ക്കാറുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

Next Story

RELATED STORIES

Share it