Sub Lead

ത്രിപുരയില്‍ സിപിഎം- ബിജെപി സംഘര്‍ഷം; സിപിഎം പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു

ത്രിപുരയില്‍ സിപിഎം- ബിജെപി സംഘര്‍ഷം; സിപിഎം പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു
X

അഗര്‍ത്തല: ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎം- ബിജെപി സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സിപിഎം പ്രാദേശിക നേതാവ് സാഹിദ് മിയ (65) കൊല്ലപ്പെട്ടു. സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ഭാനുലാല്‍ സാഹയ്ക്ക് ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഓഫിസ് തുറക്കാന്‍ ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം.

2018 ല്‍ ബിജെപി അധികാരത്തില്‍ വന്നയുടന്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സിപിഎമ്മിന്റെ ഓഫിസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തുറക്കാന്‍ ഒത്തുകൂടിയപ്പോഴാണ് സംഭവം നടന്നതെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. പോലിസിന്റെ അനുമതിയോടെയാണ് പ്രവര്‍ത്തകര്‍ അവിടെ ഒത്തുകൂടിയത്.

എന്നാല്‍, ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിയുകയും വടികളും കുപ്പികളും ഉപയോഗിച്ച് പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. അതില്‍ തങ്ങളുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് ബിജെപി ഭരണത്തിന്‍ കീഴിലുള്ള ത്രിപുരയിലെ പരിതാപകരമായ അവസ്ഥയാണ്. 2018ല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് തൊട്ടുപിന്നാലെ ചാരിലാമിലെ ഓഫിസ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അതിനുശേഷം ഓഫിസ് അടഞ്ഞുകിടക്കുകയാണ്. നാല് വര്‍ഷത്തിന് ശേഷം ഓഫിസ് തുറക്കാന്‍ തീരുമാനിച്ചു.

എന്നാല്‍, ബിജെപി പ്രവര്‍ത്തകര്‍ വീണ്ടും ആക്രമിച്ചു- ചൗധരി അഗര്‍ത്തലയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, ആരോപണം ബിജെപി നിഷേധിച്ചു. സിപിഎം പ്രവര്‍ത്തകരാണ് സംഘര്‍ഷം തുടങ്ങിയതെന്നും തങ്ങള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബിജെപി വാദം. അഗര്‍ത്തലയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ചാരിലം 2018ല്‍ മുതിര്‍ന്ന ബിജെപി നേതാവും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേവ് വര്‍മ സീറ്റ് പിടിച്ചെടുക്കുന്നതുവരെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു.

Next Story

RELATED STORIES

Share it