Sub Lead

ഹാഥ്‌റസ്: ജയില്‍വാസത്തിന് ഒരു വര്‍ഷം; പിതാവ് എവിടെയെന്ന കുട്ടികളുടെ ചോദ്യത്തിന് താന്‍ എന്താണ് മറുപടി പറയേണ്ടത്?; ഉള്ള് പൊള്ളിക്കുന്ന ചോദ്യവുമായി യുപി പോലിസ് തുറങ്കിലടച്ച അതീഖുര്‍റഹ്മാന്റെ ഭാര്യ

ജയില്‍വാസത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിചാരണത്തടവുകാരായി ജയിലില്‍ കഴിയുന്നവരുടെ കുടുംബം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സന്‍ജിത മനസാക്ഷിയുള്ളവരുടെ ഉള്ളുപൊള്ളിക്കുന്ന ചോദ്യമുയര്‍ത്തിയത്.

ഹാഥ്‌റസ്: ജയില്‍വാസത്തിന് ഒരു വര്‍ഷം; പിതാവ് എവിടെയെന്ന കുട്ടികളുടെ ചോദ്യത്തിന് താന്‍ എന്താണ് മറുപടി പറയേണ്ടത്?; ഉള്ള് പൊള്ളിക്കുന്ന ചോദ്യവുമായി യുപി പോലിസ് തുറങ്കിലടച്ച അതീഖുര്‍റഹ്മാന്റെ ഭാര്യ
X

ന്യൂഡല്‍ഹി: 'തന്റെ കുട്ടികള്‍ അവരുടെ പിതാവ് എവിടെയാണെന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്നു. അവരോട് എന്താണ് താന്‍ പറയേണ്ടത്? - മാധ്യമ പ്രവര്‍ത്തകരോടായി സന്‍ജിത റഹ്മാന്‍ ചോദിച്ചു.സവര്‍ണ ജാതിയില്‍പെട്ട യുവാക്കള്‍ ബലാല്‍സംഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെയാണ് കഴിഞ്ഞ വര്‍ഷം സന്‍ജിതയുടെ ഭര്‍ത്താവ് അതീഖുര്‍റഹ്മാനെയും മറ്റു മൂന്നു പേരെയും യുപി പോലിസ് കള്ളക്കേസില്‍കുടുക്കി തുറങ്കിലടച്ചത്. ജയില്‍വാസത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിചാരണത്തടവുകാരായി ജയിലില്‍ കഴിയുന്നവരുടെ കുടുംബം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സന്‍ജിത മനസാക്ഷിയുള്ളവരുടെ ഉള്ളുപൊള്ളിക്കുന്ന ചോദ്യമുയര്‍ത്തിയത്.

അതീഖുര്‍റഹ്മാനൊപ്പം മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ) നേതാക്കളായ റൗഫ് ഷെരീഫ്, മസൂദ് അഹമ്മദ്, അവരുടെ ഡ്രൈവര്‍ ആലം എന്നിവരാണ് ജയിലില്‍ കഴിയുന്നത്.

ഹാഥ്‌റസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് സംഘം ഡല്‍ഹിയില്‍നിന്ന് യാത്രതിരിച്ചത്. വഴി മധ്യേ യുപി പോലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും യുഎപിഎ ഉള്‍പ്പെടെ ചുമത്തി തുറങ്കിലടയ്ക്കുകയുമായിരുന്നു.

ഇരകളുടെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ആ സമയത്ത് കാംപസ് ഫ്രണ്ടിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന റൗഫ് ശരീഫിനെ ഇഡി പിന്നീട് അറസ്റ്റ് ചെയ്യുകയാണുണ്ടായത്. രാജ്യദ്രോഹം, കലാപത്തിന് പ്രേരിപ്പിക്കല്‍, ഭീകരവാദത്തിന് ഫണ്ട് സ്വരൂപിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. അറസ്റ്റിന്റെ സമയത്ത് അതീഖുര്‍റഹ്മാന്‍ കടുത്ത ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. രോഗബാധിതനായ ഇദ്ദേഹത്തെ വിദഗ്ധ ചികില്‍സയ്ക്കായി എയിംസിലേക്ക് മാറ്റണമെന്ന് കഴിഞ്ഞയാഴ്ച യുപി ജയില്‍ ഡിഐജി ഉത്തരവിട്ടിട്ടും ഇതുവരെ നടപ്പായിട്ടില്ല.

'ഇത് എന്ത് നീതിയാണ്? ഈ ശിക്ഷ എന്തിനുവേണ്ടിയാണ്? തങ്ങള്‍ മുസ്‌ലിംകളായതുകൊണ്ടും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തിയതുകൊണ്ടും മാത്രമാണ്'-രണ്ട് കുട്ടികളുടെ മാതാവായ ലക്‌നൗവില്‍നിന്നുള്ള സന്‍ജിത പറഞ്ഞു.അവളുടെ ഭര്‍ത്താവ് മീററ്റിലെ ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്.

'അദ്ദേഹത്തെ കുടുക്കിയതാണ് ... അദ്ദേഹത്തിന് ഒരു രാഷ്ട്രീയക്കാരനുമായും ബന്ധമില്ല. അദ്ദേഹത്തെ മോചിപ്പിക്കണം'-ഡല്‍ഹി സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ ആലത്തിന്റെ ഭാര്യ ബുഷ്‌റ ആവശ്യപ്പെട്ടു.

വിവേകമുള്ള ഇന്ത്യക്കാര്‍ ഇപ്പോള്‍ ശബ്ദമുയര്‍ത്തണമെന്ന് കന്നഡ കവിയും കോണ്‍ഗ്രസ് എംപിയുമായ എല്‍ ഹനുമന്തയ്യ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അവര്‍ ഭരണത്തെ ഭയപ്പെടുന്നതിനാല്‍ മിണ്ടാതിരിക്കരുത്. വിവേകമുള്ള പൗരന്മാരും ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെടുന്നവരും വായ തുറക്കുന്നില്ലെങ്കില്‍ തങ്ങള്‍ ജനാധിപത്യത്തില്‍ ജീവിക്കില്ല. ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറാന്‍ പോകുകയാണെന്നും എംപി മുന്നറിയിപ്പ് നല്‍കി.

ഹാഥ്‌റസില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇപ്പോഴും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പലചരക്ക് കടയില്‍ പോവുമ്പോള്‍ പോലും അര്‍ധസൈനിക വിഭാഗം സുരക്ഷയ്‌ക്കെന്ന പേരില്‍ അവരെ പിന്തുടരുകയാണ്.അവര്‍ക്ക് ആ ഗ്രാമത്തില്‍ ജീവിക്കാന്‍ കഴിയാത്തതിനാല്‍ അവരെ മാറ്റാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും സര്‍ക്കാര്‍ അത് നിരസിക്കുകയായിരുന്നു. മേയ്ക്കാന്‍ കഴിയാത്തതിനാല്‍ അവരുടെ ഏഴ് പോത്തുകളില്‍ ആറെണ്ണവും വിറ്റിരിക്കുകയാണ്-ഹനുമന്തയ്യ കുറ്റപ്പെടുത്തി.

ഡല്‍ഹി കലാപം, ഹാഥ്‌റസ് കൊലപാതകം, ഈയിടെ അസമിലെ ദാരാംഗ് കൊലപാതകങ്ങള്‍ തുടങ്ങിയവയില്‍ പോപുലര്‍ഫ്രണ്ടിനേയും കാംപസ് ഫ്രണ്ടിനേയും പോലുള്ള ബഹുജന പ്രസ്ഥാനങ്ങളെ പഴിചാരുന്നത് ഭരണകൂടം ഒരു പതിവാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഭരണകൂടത്തിന്റെ അനുമതി ആവശ്യമില്ല. പിഎഫ്‌ഐയ്ക്കും സിഎഫ്‌ഐയ്ക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള എല്ലാ അവകാശവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it