Sub Lead

ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍; സങ്കടക്കടലായി തലസ്ഥാനം

ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍; സങ്കടക്കടലായി തലസ്ഥാനം
X

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തലസ്ഥാനത്തെത്തിയത് പതിനായിരങ്ങള്‍. പുതുപ്പള്ളി ഹൗസിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച ശേഷം മൃതദേഹം ദര്‍ബാര്‍ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തിയാണ് അന്തിമോപചാരം അര്‍പ്പിച്ചത്. 'ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് നാം കടന്നുപോവുന്നതെന്നും വിദ്യാര്‍ഥി ജീവിത കാലത്ത് തന്നെ സംഘടനാപ്രവര്‍ത്തനത്തില്‍ മുഴുകിയ ഉമ്മന്‍ചാണ്ടി പിന്നീട് ഓരോഘട്ടത്തിലും വളരെ സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഘട്ടത്തിലും മനുഷ്യസ്‌നേഹപരമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. രാഷ്ട്രീയമായി ഞങ്ങള്‍ രണ്ടു ചേരിയില്‍ ആയിരുന്നെങ്കിലും ആദ്യം മുതല്‍ക്കുതന്നെ നല്ല സൗഹൃദം പുലര്‍ത്തിപ്പോരാന്‍ സാധിച്ചിരുന്നു. പൊതുവേ എല്ലാവരോടും നല്ല സൗഹൃദം പുലര്‍ത്തിയ സമീപനമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തും കോണ്‍ഗ്രസിന്റെ നട്ടെല്ലായി തന്നെ പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം, ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യനായ നേതാവായി തന്നെ മാറി. കേരള പൊതുസമൂഹത്തിന് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ തീരാനഷ്ടമാണ് സംഭവിക്കുന്നത്. അതോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇന്നത്തെ സാഹചര്യത്തില്‍ നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്തരായ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഉച്ചയ്ക്ക് 2.20ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് പുതുപ്പള്ളി ഹൗസില്‍ എത്തിച്ചത്. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു. ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനായി വസതിയല്‍ എത്തിയത്. പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പടെ പതിനായിരങ്ങളാണ് ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ പോയിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വച്ചു. ആറു മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിനു വച്ചു. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോകും


സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണു സംസ്‌കാര ചടങ്ങുകള്‍ നടക്കുക.




Next Story

RELATED STORIES

Share it