Sub Lead

''വഖ്ഫ് ഭേദഗതി ബില്ല് മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഹനിക്കുന്നത്; സംയുക്ത പാര്‍ലമെന്ററി സമിതി റിപോര്‍ട്ട് ഭരണഘടനാ വിരുദ്ധം'': വിയോജനക്കുറിപ്പെഴുതി പ്രതിപക്ഷ എംപിമാര്‍

വഖ്ഫ് ഭേദഗതി ബില്ല് മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഹനിക്കുന്നത്; സംയുക്ത പാര്‍ലമെന്ററി സമിതി റിപോര്‍ട്ട് ഭരണഘടനാ വിരുദ്ധം: വിയോജനക്കുറിപ്പെഴുതി പ്രതിപക്ഷ എംപിമാര്‍
X

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ബില്ലിലെ റിപോര്‍ട്ട് ഏകപക്ഷീയമായി അംഗീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ നടപടിയില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു. ബില്ല് മുസ്‌ലിംകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും പാര്‍ലമെന്ററി സമിതിയുടെ റിപോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സംയുക്തപാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ എംപിമാര്‍ വിയോജനക്കുറിപ്പ് നല്‍കി. ഈ വിയോജനക്കുറിപ്പുകളും കൂടി ചേര്‍ത്തായിരിക്കണം റിപോര്‍ട്ട് പാര്‍ലമെന്റ് പരിഗണിക്കേണ്ടതെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് എംപിമാരായ ഗൗരവ് ഗൊഗോയ്, ഇമ്രാന്‍ മസൂദ്, ഡോ. മുഹമ്മദ് ജവാദ്, സയ്യിദ് നസീര്‍ ഹുസൈന്‍, ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എംപി അസദുദ്ദീന്‍ ഉവൈസി, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ കല്യാണ്‍ ബാനര്‍ജി, നദീമുല്‍ ഹഖ്, ഡിഎംകെ എംപിമാരായ എ രാജ, എം എം അബ്ദുല്ല എന്നിവരാണ് വിയോജനക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ വഖ്ഫ് സംവിധാനത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്താനും മുസ്‌ലിംകളുടെ അവകാശങ്ങള്‍ തകര്‍ക്കാനുമാണ് ബിജെപി സര്‍ക്കാര്‍ വഖ്ഫ് നിയമഭേദഗതി ബില്ല് കൊണ്ടുവന്നതെന്ന് അസദുദ്ദീന്‍ ഉവൈസിയുടെ വിയോജനക്കുറിപ്പ് പറയുന്നു. 1995ലെ വഖ്ഫ് നിയമം ഭേദഗതി ചെയ്യാന്‍ കൊണ്ടുവന്ന 44 വകുപ്പുകളും നീതിയിലും ഭരണഘടനാമൂല്യങ്ങളിലും ഊന്നി നീക്കം ചെയ്യണം. സനാതന്‍ സന്‍സ്ത, ഹിന്ദു ജാഗ്രതി സമിതി തുടങ്ങിയ സംഘടനകള്‍ സംയുക്തപാര്‍ലമെന്ററി സമിതിക്കു മുന്നില്‍ വെച്ച ശുപാര്‍ശകള്‍ തള്ളണം. ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെയാണ് അവര്‍ ശുപാര്‍ശകളുമായി വന്നിരിക്കുന്നത്. വഖ്ഫ് സ്വത്ത് കൈയ്യേറ്റം ചെയ്യപ്പെട്ടാല്‍ 12 വര്‍ഷത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന ലിമിറ്റേഷന്‍ ആക്ടിലെ പുതിയ വ്യവസ്ഥ കൈയ്യേറ്റക്കാരെ സഹായിക്കാനുള്ളതാണ്. 12 വര്‍ഷത്തില്‍ അധികമായി വഖ്ഫ് സ്വത്ത് കൈയ്യേറിയിരിക്കുന്നവരെ സഹായിക്കുക എന്നതാണ് ലക്ഷ്യമെന്നും ഉവൈസിയുടെ കുറിപ്പ് പറയുന്നു.

ഏതൊരു ദുഷ്ടനും വഖ്ഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ അവകാശം നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ വിയോജനക്കുറിപ്പ് പറയുന്നു. രാജ്യത്തെ വഖ്ഫ് സ്വത്തുകളുടെ കൈകാര്യത്തിലും നിയന്ത്രണത്തിലും സര്‍ക്കാരിന് അമിത അധികാരം നല്‍കുന്നത് സമൂഹത്തിന് ദോഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വഖ്ഫ് ഇസ്‌ലാമിലെ കീഴിലുള്ള മതപരമായ സംവിധാനമാണെന്നും അത് ഭരണഘടനയുടെ 25, 26 അനുഛേദങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് എംപിമാരായ സയ്യിദ് നസീര്‍ ഹുസൈന്‍, ഡോ. മുഹമ്മദ് ജവാദ്, ഇമ്രാന്‍ മസൂദ് എന്നിവര്‍ സംയുക്തമായി നല്‍കിയ വിയോജനക്കുറിപ്പ് പറയുന്നു. വഖ്ഫ് സ്വത്ത് സംരക്ഷിക്കാനല്ല, രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് ബില്ല് കൊണ്ടുവന്നിരിക്കുന്നത്. നിര്‍ദിഷ്ട നിയമം അനാവശ്യ വ്യവഹാരങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കും കാരണമാവും. ഇത് വഖ്ഫ് സംവിധാനങ്ങളുടെ സ്വയംഭരണ അവകാശം എടുത്തുകളയുമെന്നും മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുമെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

സംയുക്ത പാര്‍ലമെന്ററി സമിതിയുടെ യോഗങ്ങളുടെ മിനുട്ട്‌സുകള്‍ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ കല്യാണ്‍ ബാനര്‍ജിയും നദീമുല്‍ ഹഖും പറഞ്ഞു. സമിതി ചെയര്‍മാനും ബിജെപി നേതാവുമായ ജഗദാംബിക പാലിന്റെ നിര്‍ദേശപ്രകാരമാണ് മിനുട്ട്‌സ് തയ്യാറാക്കിയിരിക്കുന്നതെന്നും ഇരുവരുടെയും വിയോജനക്കുറിപ്പ് പറയുന്നു.

സമിതി റിപോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തിന്റെ മതേതര ഘടനയെ നശിപ്പിക്കുമെന്നും ഡിഎംകെ എംപിമാരായ എ രാജയും എം എം അബ്ദുല്ലയും വിയോജനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ''ഉപയോക്താവ് വഴി വഖഫ്'' എന്ന വ്യവസ്ഥ മുഹമ്മദ് നബിയുടെ കാലം മുതല്‍ നിലവിലുണ്ടെന്നും അത് ഒഴിവാക്കാനുള്ള ഏതൊരു നീക്കവും മുസ്‌ലിം സമൂഹത്തിന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇരുവരും അറിയിച്ചു.

വഖ്ഫ് ബോര്‍ഡുകളില്‍ മുസ്‌ലിംകള്‍ അല്ലാത്തവരെ ഉള്‍പ്പെടുത്തുന്നതിനെ ശിവസേന യുബിടി അംഗം അരവിന്ദ് സാവന്തിന്റെ വിയോജനക്കുറിപ്പ് ചോദ്യം ചെയ്യുന്നു. ഹിന്ദുക്കളുടെ മതസ്ഥാപനങ്ങളില്‍ ഇതരസമുദായ അംഗങ്ങളെ വിലക്കിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ക്കുള്ള ഹിന്ദു സ്ഥാപനങ്ങളിലും ഹിന്ദുക്കള്‍ മാത്രമേ ഉണ്ടാവൂ. നാളെ മുതല്‍ എല്ലാ സ്ഥാപനങ്ങളിലും മറ്റു വിഭാഗങ്ങള്‍ വന്നു കയറാനുള്ള സാധ്യതയാണ് തുറന്നിടുന്നതെന്നും അദ്ദേഹത്തിന്റെ കുറിപ്പ് പറയുന്നു. ജനുവരി 25ന് രാജ്യസഭാംഗം സ്ഥാനം രാജിവയ്ക്കുന്നതിന് മുമ്പ് വൈഎസ്ആര്‍സിപി അംഗം വിജയ് സായ് റെഡ്ഡി തന്റെ വിയോജനക്കുറിപ്പ് സമര്‍പ്പിച്ചിരുന്നു.

ബിജെപി അംഗങ്ങളും എന്‍ഡിഎ സഖ്യകക്ഷികളും നിര്‍ദ്ദേശിച്ച 14 മാറ്റങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് 15-11 ഭൂരിപക്ഷത്തോടെയാണ് സംയുക്തപാര്‍ലമെന്ററി സമിതി അംഗീകരിച്ചിരിക്കുന്നത്. പ്രതിപക്ഷം നിര്‍ദ്ദേശിച്ച 44 ഭേദഗതികളും നിരസിച്ചു.

Next Story

RELATED STORIES

Share it