Sub Lead

നാഗാലാന്‍ഡ് വെടിവയ്പ്പ് പാര്‍ലമെന്റില്‍; വിശദമായ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം

നാഗാലാന്‍ഡ് വെടിവയ്പ്പ് പാര്‍ലമെന്റില്‍; വിശദമായ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം
X

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി. സംഭവത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യത്തെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരുസഭകളിലും ആവശ്യമുന്നയിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ സഭയുടെ തുടക്കത്തില്‍തന്നെ പ്രസ്താവന നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സംഭവം രാജ്യത്തെ ഞെട്ടിച്ച സംഭവമെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനങ്ങളെ വെടിവച്ചു കൊന്നതാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോര്‍, ആര്‍ജെഡിയുടെ മനോജ് കുമാര്‍ ഝാ എന്നിവരടക്കം നിരവധി എംപിമാര്‍ ഈ വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കൃത്യതയില്ലാത്ത ഇന്റലിജന്‍സ് വിവരങ്ങളുടെ' അടിസ്ഥാനത്തില്‍ നടന്ന സൈനിക നടപടിയെ ഗൊഗോയ് അപലപിച്ചു. ഹൃദയം തകര്‍ക്കുന്ന' മരണങ്ങളാണിതെന്ന് ടാഗോര്‍ വിശേഷിപ്പിച്ചു. കോണ്‍ഗ്രസിന്റെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ 14 സിവിലിയന്‍മാരുടെ മരണത്തെ ഉയര്‍ത്തിയതോടെ പാര്‍ലമെന്റില്‍ ഇന്ന് പ്രക്ഷുബ്ധരംഗങ്ങളാണ് അരങ്ങേറിയത്. പ്രധാനമന്ത്രി മോദി സഭയില്‍ ഹാജരാവണമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പ്രസ്താവന നടത്തണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

ബഹളം രൂക്ഷമായതിനെത്തുടര്‍ന്നാണ് സഭ താല്‍ക്കാലികമായി പിരിഞ്ഞത്. അതേസമയം, സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തും. ലോക്‌സഭയില്‍ വൈകീട്ട് മൂന്നിനും രാജ്യസഭയില്‍ നാലിനുമായിരിക്കും അമിത് ഷായുടെ പ്രസംഗം. നാഗാലാന്‍ഡിലെ അക്രമസംഭവങ്ങളും സര്‍ക്കാരിന്റെ പ്രതികരണവും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.

അതേസമയം, കൊഹിമയില്‍ സൈന്യത്തിനു നേരേ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. സൈന്യം മടങ്ങിപ്പോവണമെന്നാണ് ആവശ്യം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ മരിച്ച ഓരോ വ്യക്തിയുടെയും ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ നല്‍കുമെന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. നാഗാലാന്‍ഡ് സര്‍ക്കാര്‍ എസ്‌ഐടി ഇന്നലെ വൈകീട്ട് മോണ്‍ ജില്ലയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it