Sub Lead

ഇവിഎം തിരിമറി: സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത് 'കാവലൊരുക്കി' പ്രതിപക്ഷ പാര്‍ട്ടികള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശിലെ ഭോപാല്‍ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ദ്വിഗ് വിജയ് സിങും അദ്ദേഹത്തിന്റെ ഭാര്യയും വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിനു പുറത്ത് കാവലിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഇന്നലെ രാത്രി സന്ദര്‍ശിച്ചു.

ഇവിഎം തിരിമറി: സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത്  കാവലൊരുക്കി പ്രതിപക്ഷ പാര്‍ട്ടികള്‍
X

ന്യൂഡല്‍ഹി: ഇവിഎമ്മുകള്‍ വ്യാപകമായി കടത്തുന്നുവെന്നും സുരക്ഷയില്ലാതെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നുവെന്നുമുള്ള ആരോപണങ്ങള്‍ വിവിധയിടങ്ങളില്‍നിന്നുയര്‍ന്നതോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം) സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത് കാവലൊരുക്കി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശിലെ ഭോപാല്‍ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ദ്വിഗ് വിജയ് സിങും അദ്ദേഹത്തിന്റെ ഭാര്യയും വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിനു പുറത്ത് കാവലിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഇന്നലെ രാത്രി സന്ദര്‍ശിച്ചു. ഉത്തര്‍ പ്രദേശില്‍ സോണിയാ ഗാന്ധി മല്‍സരിക്കുന്ന റായ്ബറേലിയിലേയും മീറത്തിലേയും ഇവിഎം സ്‌റ്റോര്‍ റൂമുകള്‍ക്ക് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരുന്നു.


അതേസമയം, ഇവിഎം ക്രമക്കേടുകള്‍ക്കെതിരേ വ്യാപക പരാതി ഉയരുന്ന പശ്ചാത്തലത്തില്‍ 22 പ്രതിപക്ഷ നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കിയിട്ടുണ്ട്. വിവിപാറ്റ് എണ്ണലില്‍ എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

ഒന്നരമാസമായി ഇതുസംബന്ധിച്ചുള്ള തങ്ങളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി ചോദിച്ചു.ജനവിധി ക്രമക്കേടിലൂടെ അട്ടമറിക്കരുതെന്നും അതിനെ ബഹുമാനിക്കണമെന്നും തെലുഗു ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കള്‍ മാര്‍ച്ച് നടത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയത്.

യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും ഇവിഎമ്മുകള്‍ സുരക്ഷയില്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ അടിസ്ഥാനരഹിതമെന്ന് നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടിരുന്നു.

യുപിയിലെ ചന്ദൗലിയില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ നേരിട്ട് പകര്‍ത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. വോട്ടെണ്ണലിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളില്‍ കയറ്റിക്കൊണ്ടുവരുന്ന ഇവിഎമ്മുകള്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

നേരത്തേ തന്നെ ഇവിഎമ്മുകള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. രണ്ട് തവണ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അഞ്ച് ശതമാനം വിവിപാറ്റുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, അഭിഷേക് മനു സിംഗ്!വി, ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ബിഎസ്!പിയുടെ സതീഷ് ചന്ദ്ര മിശ്ര, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐയുടെ ഡി രാജ, ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്!രിവാള്‍, ടിഎംസിയുടെ ഡെറക് ഒബ്രയന്‍, എസ്!പി നേതാവ് രാംഗോപാല്‍ യാദവ്, ഡിഎംകെ നേതാവ് കനിമൊഴി, ആര്‍ജെഡി മനോജ് ഷാ, എന്‍സിപി നേതാവ് മജീദ് മേമണ്‍, എന്‍സി ദേവീന്ദര്‍ റാണ എന്നിവരാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്തത്.

എന്താണ് വിവിപാറ്റ്?

വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കും. അതിനാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. തങ്ങളുടെ വോട്ട് സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയെന്ന് അറിയാന്‍ വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനത്തിലുണ്ട്.


വോട്ടര്‍മാര്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ മാത്രമല്ല, അത് വിവിപാറ്റിലും രേഖപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ വിവിപാറ്റ് സംവിധാനം വളരെ ഉപകാരപ്രദമാണ്.

Next Story

RELATED STORIES

Share it