Sub Lead

കനത്ത മൂടല്‍ മഞ്ഞ്; ചൈനയില്‍ 200 വാഹനങ്ങള്‍ കൂട്ടിയിടിച്ചു (വീഡിയോ)

കനത്ത മൂടല്‍ മഞ്ഞ്; ചൈനയില്‍ 200 വാഹനങ്ങള്‍ കൂട്ടിയിടിച്ചു (വീഡിയോ)
X

ബെയ്ജിങ്: വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടാവുന്നത് കണ്ടിട്ടുണ്ടാവും. എന്നാല്‍, 200 വാഹനങ്ങള്‍ ഒരുമിച്ച് കൂട്ടിയിടിക്കുന്ന കാഴ്ച അപൂര്‍വമായിരിക്കും. സെന്‍ട്രല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷെങ്‌സോ നഗരത്തിലെ ഹുവാങ്‌ഹെ പാലത്തിലായിരുന്നു വന്‍ അപകടമുണ്ടായത്. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമായത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു ഈ കൂട്ടിയിടി. 200 ഓളം വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അപകടത്തില്‍ ഒരാള്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. കൂറ്റന്‍ ട്രക്കുകളും കാറുകളും എസ്‌യുവികളും ചെറുവാഹനങ്ങളുമെല്ലാം കൂട്ടിയിടിച്ച് കിടക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിയന്ത്രണം വിട്ട വാഹനങ്ങള്‍ റോഡിലെ ബാരിയറുകളിലേക്കും ഡിവൈഡറുകളിലേക്കും ചില വാഹനങ്ങള്‍ ഇടിച്ചുകയറുന്നുണ്ട്. വാഹനങ്ങള്‍ മറ്റു വാഹനങ്ങളുടെ മുകളിലേക്ക് ഇടിച്ചുകയറുന്നതും വിഡിയോയില്‍ കാണാം. നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി മീറ്ററുകളോളം പായുന്ന വാഹനങ്ങളില്‍നിന്ന് സഹായത്തിനായി നിലവിളിക്കുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നു.

പലരും വാഹനത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അഗ്‌നിശമനസേന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് റിപോര്‍ട്ട് പറയുന്നു. പരിക്കേറ്റവരെ ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. 11 ഫയര്‍ഫോഴ്‌സ് യൂനിറ്റുകളും 66 ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയതായി അധികൃതര്‍ അറിയിച്ചു. മൂടല്‍മഞ്ഞുള്ള കാലാവസ്ഥ കാരണം ലോക്കല്‍ ട്രാഫിക് പോലിസ് എല്ലാ വാഹനങ്ങളും പാലത്തിലൂടെ കടന്നുപോകുന്നത് നിരോധിച്ച് നോട്ടിസ് നല്‍കിയതായി ഷെങ്‌സോ ട്രാഫിക് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Next Story

RELATED STORIES

Share it