Sub Lead

ഖത്തര്‍ ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ പാക് സൈന്യവും

നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയുള്ള മെഗാ ഫുട്‌ബോള്‍ ഇവന്റില്‍ ഖത്തറിനെ സഹായിക്കാന്‍ പാക് സൈന്യത്തെ അയക്കുന്നതിന് പാകിസ്താന്‍ മന്ത്രിസഭ അനുമതി നല്‍കിയതായി ദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ പാക് സൈന്യവും
X

ദോഹ/ഇസ്‌ലാമാബാദ്: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ പാക് സൈന്യവുമെത്തും. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയുള്ള മെഗാ ഫുട്‌ബോള്‍ ഇവന്റില്‍ ഖത്തറിനെ സഹായിക്കാന്‍ പാക് സൈന്യത്തെ അയക്കുന്നതിന് പാകിസ്താന്‍ മന്ത്രിസഭ അനുമതി നല്‍കിയതായി ദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്റെ വാര്‍ത്താ വിതരണ മന്ത്രി മറിയം ഔറംഗസീബിനെ ഉദ്ധരിച്ചാണ് ദ ന്യൂസിന്റെ റിപോര്‍ട്ട്. ഒരു ഗള്‍ഫ് രാജ്യം ആദ്യമായാണ് ഒരു ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യമരുളുന്നത്.

ഇതിന് പ്രത്യുപകാരമെന്നോണം പാകിസ്താന്‍ ഖത്തര്‍ ഭരണകൂടം വന്‍ സാമ്പത്തിക സഹായവും നല്‍കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഖത്തര്‍ സന്ദര്‍ശിക്കുന്ന പാകിസ്താന്‍ പ്രധാനന്ത്രി ഷഹ്ബാസ് ഷരീഫ് ഖത്തര്‍ ഭരണകൂടവുമായി നടത്തുന്ന ചര്‍ച്ചയില്‍ പാകിസ്താന് സാമ്പത്തിക സഹായം നല്‍കാന്‍ ധാരണയാകുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് പാകിസ്താന്‍. സൗദിയുടെയും യുഎഇയുടെയും ചൈനയുടെയും സഹായമായിരുന്നു പാകിസ്താനെ തകര്‍ച്ചയില്‍ നിന്ന് ഒരു പരിധി വരെ സഹായിച്ചത്. ഇത് നിലയ്ക്കുകയും നേരത്തെ പാകിസ്താനെ സഹായിച്ചിരുന്ന അമേരിക്ക മുഖംതിരിഞ്ഞു നില്‍ക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

സൗദി അറേബ്യയും യുഎഇയും പാകിസ്താന് നേരത്തെ വായ്പ അനുവദിച്ചിരുന്നു. വീണ്ടും വായ്പ ആവശ്യപ്പെട്ടെങ്കിലും രണ്ടു രാജ്യങ്ങളും അനുവദിച്ചില്ല. പകരം പരോക്ഷമായ സാമ്പത്തിക സഹായമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ദോഹയിലെത്തിയത്. ഖത്തറില്‍ ദ്വിദിന സന്ദര്‍ശനത്തിലാണ് ഷഹ്ബാസ് ഷരീഫ്. 200 കോടി ഡോളര്‍ ഖത്തറില്‍ നിന്ന് പാകിസ്താന് ലഭിക്കുമെന്നാണ് പുതിയ വിവരം. 100 കോടി ഡോളറിന്റെ എണ്ണ സഹായം നേരത്തെ സൗദി വാഗ്ദാനം ചെയ്തിരുന്നു. 100 കോടി ഡോളറിന്റെ നിക്ഷേപം യുഎഇയും ഉറപ്പ് നല്‍കിയിട്ടുണ്ട്. യുഎഇയുടെയും സൗദിയുടെയും സഹായം പരോക്ഷമാണ്. എന്നാല്‍ ഖത്തറിന്റേത് നേരിട്ടുള്ള സഹായമാണ് എന്നതാണ് എടുത്തുപറയേണ്ടത്.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ സഹായം പാകിസ്താന് ഉടന്‍ ലഭിക്കുമെന്നാണ് മറ്റൊരു വിവരം. ഈ മാസം 29ന് ഐഎംഎഫിന്റെ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കിലേ ഐഎംഎഫ് പണം അനുവദിക്കൂ. 120 കോടി ഡോളര്‍ സഹായമാണ് ഐഎംഎഫില്‍ നിന്ന് ലഭിക്കുക. ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ പാകിസ്താന്റെ രൂപ കരുത്താര്‍ജിച്ചു.

ആഗോള തലത്തില്‍ നിലവില്‍ വലിയ നേട്ടമുണ്ടാക്കുന്ന ഏക നാണയം പാകിസ്താന്റെ രൂപയാണ്. 11 ശതമാനം നേട്ടമാണ് രൂപയുണ്ടാക്കിയത്. കഴിഞ്ഞ മാസം വലിയ ഇടിവാണ് പാകിസ്താന്‍ രൂപയുടെ മൂല്യത്തിലുണ്ടായിരുന്നത്. വിദേശ സഹായം ലഭിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ രൂപ കരുത്താര്‍ജ്ജിച്ചു. ഇതിനിടെയാണ് ഖത്തറിലേക്ക് പാകിസ്താന്‍ സൈന്യത്തെ അയക്കുമെന്ന വാര്‍ത്തയും വന്നിരിക്കുന്നത്.

പാകിസ്താന്‍ സൈന്യത്തിന്റെ ജോയിന്റ് സ്റ്റാഫ് ഹെഡ്ക്വാട്ടേഴ്‌സും വിദേശകാര്യ മന്ത്രാലയവും ഖത്തറിലേക്ക് സൈന്യത്തെ അയക്കുന്നത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. രഹസ്യാന്വേഷണ വിഭാമഗമായ ഐഎസ്‌ഐയും സൈന്യത്തെ അയക്കുന്നതിനെ എതിര്‍ത്തില്ലെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയുടേയും നാറ്റോയുടെയും സൈനിക സഹായവും ഖത്തറിലെ ഫുട്‌ബോള്‍ ലോകകപ്പിന് ഉപയോഗപ്പെടുത്തും.

Next Story

RELATED STORIES

Share it