Sub Lead

പാലാ ബിഷപ്പിന്റെ പ്രസ്താവന അപകടകരവും നിരുത്തരവാദപരവും; എന്തുവിലകൊടുത്തും തടയണമെന്ന് സക്കറിയ

പാലാ ബിഷപ്പിന്റെ പ്രസ്താവന അപകടകരവും നിരുത്തരവാദപരവും; എന്തുവിലകൊടുത്തും തടയണമെന്ന് സക്കറിയ
X

കോഴിക്കോട്: കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന അപകടകരവും നിരുത്തരവാദപരവുമാണെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ. പ്രസ്താവന ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ പണ്ട് പയറ്റിയ ആശയത്തിന് സമാനമാണ്. നാസികളെ കൂട്ടക്കൊല ചെയ്യുന്നതിന് ഹിറ്റ്‌ലര്‍ പറഞ്ഞ് പേടിപ്പിച്ചിരുന്നതിന്റെ മാറ്റൊലിയാണ് ഇപ്പോള്‍ കാണുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനകളെ എന്തുവിലകൊടുത്തും തടയണമെന്നും സക്കറിയ ആവശ്യപ്പെട്ടു. ഏഷ്യവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പാലാ ബിഷപ്പിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന് യാതൊരു തെളിവുമില്ലാതെയാണ് അദ്ദേഹം നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത്.

ഐസ്‌ക്രീം പാര്‍ലറുകളില്‍ ഡ്രഗ്‌സ് കൊടുത്ത് ക്രിസ്ത്യനികളെ പറ്റിച്ചുകൊണ്ടുപോവുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവുമുണ്ട് എന്നത് സത്യമാണ്. എന്നാല്‍, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ജീര്‍ണിച്ച അവസ്ഥയാണ്. കേരളത്തിലെ ഏറ്റവും വലിയൊരു സമൂഹത്തിനെതിരേ ഒരു മതത്തിന്റെ അധ്യക്ഷന്‍ ഇത്തരത്തില്‍ ആരോപണമുന്നയിക്കുമെന്നത് വിശ്വസിക്കാന്‍ പറ്റില്ല. സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുന്ന ഇത്തരത്തിലുള്ള പ്രസ്താവന യഥാര്‍ഥത്തില്‍ സെല്‍ഫ് ഗോളാണ്. അവനവന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ സെല്‍ഫ് ഗോളെന്ന് പറയും. അവര്‍ക്ക് വേറെ അര്‍ഥങ്ങളുണ്ടാവാം.

വാസ്തവത്തില്‍ ഏതൊരു മതത്തിലെയും പുരോഹിതന്‍മാരില്‍ നല്ല പങ്കും ഇത്തരത്തില്‍ സംസാരം നടത്തില്ല. അവരില്‍ നല്ല പങ്കും മാന്യമായി തൊഴിലെടുക്കുന്നവരാണ്. അവര്‍ ഔചിത്യമില്ലാത്ത പ്രസ്താവന നടത്തില്ല. ക്രൈസ്തവരെ പോലെ തന്നെ കേരളത്തില്‍ വേരുറപ്പിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിനെതിരേയാണ് ശത്രുതയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയിരിക്കുന്നത്. ലൗ ജിഹാദ് ആര്‍എസ്എസ്സിന്റെ പ്രചാരണ തന്ത്രമായിരുന്നു. അത് മാധ്യമങ്ങളും ചില ബിഷപ്പുമാരും ഏറ്റുപിടിച്ചു. ഇപ്പോള്‍ നാര്‍ക്കോട്ടിക് ജിഹാദ് കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

തെളിവുകളില്ലാതെ അപവാദം പറഞ്ഞുപരത്തുകയാണ്. സംഘപരിവാര്‍ പ്രചാരണത്തിന്റെ മറ്റൊരു മുഖമാണിത്. ഇതിന്റെ പിന്നിലെ അജണ്ട, ആരൊക്കെയാണ് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്, പ്രസ്താവന നടത്തിയതിലെ താല്‍പര്യം, ചില ശക്തികളുടെ സാമ്പത്തിക, രാഷ്ട്രീയ താല്‍പര്യം എന്നിവ വളരെ ആപല്‍ക്കരമാണ്. പുരോഹിതന്‍മാരുടെ ഒരു മാഫിയ ഇത്തരത്തിലുള്ള സ്ഥാപിത താത്പര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. മെത്രാന്‍മാര്‍ ജീവിക്കുന്ന മൂഢസ്വര്‍ഗത്തിലേക്ക് വിശ്വാസികളെയും എത്തിക്കാന്‍ ശ്രമിക്കുകയാണ്.

എന്നാല്‍, ഭൂരിഭാഗം വരുന്ന ക്രൈസ്തവരും പ്രസ്താവന കേട്ടിട്ട് മൂക്കത്ത് വിരല്‍വയ്ക്കും. സദ്ബുദ്ധിയും സാമാന്യബുദ്ധിയുള്ളവര്‍ ഇതൊന്നും കേട്ടിരിക്കില്ല. അതേസമയം, ബിഷപ്പുമാരുടെ പരമ്പരാഗത പദവികളില്‍ വിശ്വസിക്കുന്ന ചില വിശ്വാസികളുണ്ട്. അവരില്‍ ചിലര്‍ ഇത് ഗൗരവമായെടുത്തേക്കാം. അത് ന്യൂനപക്ഷമാണ്. എങ്കിലും പത്തുപേരുടെ തലച്ചോറില്‍ വിഷയം കലര്‍ത്തിയെങ്കില്‍ അതും അപകടമാണെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it