Sub Lead

ക്രൈസ്തവ പുരോഹിതരുടെ ലൈംഗിക ചൂഷണം: അന്വേഷിക്കണമെന്ന് ആര്‍എസ്എസ് വാരിക

കേരളത്തില്‍ കന്യാസ്ത്രീകളുടെ എണ്ണം 25 ശതമാനമായി കുറഞ്ഞു. അതിനാല്‍തന്നെ ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചും വഞ്ചിച്ചും വശീകരിച്ചും സഭയിലെത്തിക്കുകയാണെന്നും പാഞ്ചജന്യ ആരോപിക്കുന്നു.

ക്രൈസ്തവ പുരോഹിതരുടെ ലൈംഗിക ചൂഷണം: അന്വേഷിക്കണമെന്ന് ആര്‍എസ്എസ് വാരിക
X

ന്യൂഡല്‍ഹി: ക്രൈസ്തവ സഭയ്‌ക്കെതിരേയും ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്കെതിരേയും രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് വാരികയായ 'പാഞ്ചജന്യ'. ക്രൈസ്തവ പുരോഹിതന്‍മാരുടെ ലൈംഗിക ചൂഷണങ്ങള്‍ ഇന്ത്യയിലും വര്‍ധിച്ചുവരികയാണെന്നും ഇത് പ്രത്യേകമായി അന്വേഷിക്കണമെന്നും വാരിക ആവശ്യപ്പെടുന്നു. ഒക്ടോബര്‍ 17ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന വാരികയുടെ പുതിയ ലക്കം കവര്‍ സ്റ്റോറിയിലാണ് ലോകമെമ്പാടും കുട്ടികള്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരേ ലൈംഗിക ചൂഷണം നടക്കുന്നതായ പരാതികളുയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയിലും പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്.

ഇന്ത്യയിലും ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് സ്ഥാപിക്കുന്നതിന്, ജാര്‍ഖണ്ഡിലെയും കേരളത്തിലെയും നിരവധി സംഭവങ്ങള്‍ പാഞ്ചജന്യ കവര്‍ സ്റ്റോറിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ചെന്നൈയിലെ മിഷനറി കോളജിലെ ഒരു സ്ത്രീയെയും കേരളത്തില്‍നിന്നുള്ള ഒരു കന്യാസ്ത്രീയെയും ബലാല്‍സംഗം ചെയ്തു. കന്യാസ്ത്രീകളുടെ എണ്ണത്തില്‍ ലോകമെമ്പാടുമുള്ള ഇടിവിന് കാരണം സഭയുടെ പ്രവര്‍ത്തന ശൈലിയാണെന്ന് വാരിക കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ കന്യാസ്ത്രീകളുടെ എണ്ണം 25 ശതമാനമായി കുറഞ്ഞു. അതിനാല്‍തന്നെ ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചും വഞ്ചിച്ചും വശീകരിച്ചും സഭയിലെത്തിക്കുകയാണെന്നും പാഞ്ചജന്യ ആരോപിക്കുന്നു.

ഇന്ത്യയിലെ ജനങ്ങള്‍ പള്ളിക്കും പുരോഹിതര്‍ക്കുമെതിരേ അന്വേഷണം ആവശ്യപ്പെടുന്നുണ്ടെന്ന് വാരിക അടിവരയിടുന്നു. 1950 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഫ്രാന്‍സിലെ കത്തോലിക്കാ ചര്‍ച്ചുകളിലെ പുരോഹിതരും മറ്റും പീഡനത്തിനിരയാക്കിയത് മൂന്ന് ലക്ഷത്തിലേറെ കുട്ടികളെയെന്ന് അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതില്‍ ഭൂരിഭാഗവും 10നും 13നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണെന്നും ഇരകള്‍ക്കുനേരെ കത്തോലിക്ക സഭ നിന്ദ്യമായ സമീപനമാണ് സ്വീകരിച്ചതെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

2018 ല്‍ രൂപീകരിച്ച സ്വതന്ത്ര അന്വേഷണ സമിതിയാണ് ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്തുവിട്ടത്. അന്വേഷണ റിപോര്‍ട്ടിനെക്കുറിച്ചറിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധമായ ദു:ഖവും പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് പാഞ്ചജന്യ ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരേ പ്രത്യേക അന്വേഷണമാവശ്യപ്പെട്ടത്. പാഞ്ചജന്യയുടെ ഒക്ടോബര്‍ 10ലെ എഡിഷന്റെ കവര്‍ സ്റ്റോറിയില്‍ കോണ്‍ഗ്രസിനെയും മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയും ആക്ഷേപിച്ചിരുന്നു. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയപ്പാര്‍ട്ടി ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെന്നായിരുന്നു വിമര്‍ശനം. ഇന്‍ഫോസിസിനെയും അതിന്റെ നേതാവ് എന്‍ ആര്‍ നാരായണമൂര്‍ത്തിയെയും പാഞ്ചജന്യ കടന്നാക്രമിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Next Story

RELATED STORIES

Share it