- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പയ്യന്നൂരിലെ ഫണ്ട് വിവാദം: സാമ്പത്തിക ക്രമക്കേടില്ല; ടി ഐ മധുസൂദനനെ സംരക്ഷിച്ച് കണ്ണൂര്‍ സിപിഎം
കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയിലെ ഫണ്ട് വിവാദത്തില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എയെ സംരക്ഷിച്ച് കണ്ണൂരിലെ സിപിഎം നേതൃത്വം. ഫണ്ട് ക്രമക്കേട് കണ്ടെത്തിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്കും ഏരിയാ കമ്മിറ്റിയംഗമായ ടി വിശ്വനാഥനെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയതും കെ കെ ഗംഗാധരന്‍, കെ പി മധു എന്നിവരെ ശാസിക്കാനുമാണ് തീരുമാനമായത്.
ഫണ്ട് തട്ടിപ്പിനെതിരേ പരാതി നല്‍കിയ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചതോടെ നേതൃത്വത്തിനെതിരേ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷം പുകഞ്ഞു. ടി ഐ മധുസൂദനനെതിരേ പേരിന് മാത്രം അച്ചടക്ക നടപടിയെടുത്ത് തടി തപ്പുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്തിരിക്കുന്നതെന്നാണ് വിമര്‍ശനം. മധുസൂദനനെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തണമെന്നാണ് പ്രാദേശിക ഘടകത്തിന്റെ ആവശ്യം. പയ്യന്നൂര്‍ ഫണ്ട് വിവാദം വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചതോടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നും കണക്കുകള്‍ യഥാസമയം ഏരിയാ കമ്മിറ്റിയില്‍ റിപോര്‍ട്ട് ചെയ്യാത്തതിന്റെ പേരിലാണ് അച്ചടക്ക നടപടിയെന്നുമാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം.
പയ്യന്നൂര്‍ ഏരിയയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ വിശദമായ അന്വേഷണങ്ങള്‍ക്കും പരിശോധനയ്ക്കും ശേഷമാണ് സംഘടനാ മാനദണ്ഡമനുസരിച്ച് പാര്‍ട്ടി ജില്ലാ കമ്മിറ്റി ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. പാര്‍ട്ടി അന്വേഷണത്തില്‍ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തികനേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫണ്ടിലോ, എകെജി ഭവന്‍ നിര്‍മാണത്തിലോ, ധനരാജ് കുടുംബസഹായ ഫണ്ടിലോ യാതൊരുവിധ പണാപഹരണവും നടന്നിട്ടില്ല.
പാര്‍ട്ടി പണം നഷ്ടപ്പെട്ടിട്ടുമില്ല. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും സമാഹരിച്ച തുക കൊണ്ടാണ് സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് വേണ്ടി എകെജി ഭവന്‍ 2017 ല്‍ നിര്‍മിച്ചത്. സമാനരീതിയിലാണ് ബഹുജനങ്ങളില്‍ നിന്നും ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ട് സമാഹരിച്ചത്. അതില്‍ നിന്നും കുടുംബസഹായ ഫണ്ട് നല്‍കുകയും വീട് നിര്‍മിക്കുകയും കേസിന് വേണ്ടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന്റെയും, ധനരാജ് ഫണ്ടിന്റെയും വരവ്- ചെലവ് കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയാ കമ്മിറ്റിയില്‍ അവതരിപ്പിക്കുന്നതില്‍ ചുമതലക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. ഇപ്പോഴാണ് ഇതുസംബന്ധിച്ച് ഓഡിറ്റും പരിശോധനയും നടത്തിയത്.
ഗൗരവമായ ജാഗ്രതക്കുറവും യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണ് പയ്യന്നൂരിലുണ്ടായ വീഴ്ച. തിരഞ്ഞെടുപ്പ് ഫണ്ടില്‍ സാമ്പത്തിക ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണം നടത്തിയ കമ്മീഷന്‍ കണ്ടെത്തിയത്. എന്നാല്‍, ഓഫിസ് ജീവനക്കാര്‍ക്ക് ചില വീഴ്ച സംഭവിച്ചതായി കണ്ടെത്തി. അത് സാമ്പത്തിക കാര്യങ്ങളിലല്ല. അവരോട് വിശദീകരണം തേടിയപ്പോള്‍ വീഴ്ചകള്‍ സ്വയം വിമര്‍ശനപരമായി അംഗീകരിച്ചതിനാല്‍ രണ്ടുപേരുടെ പേരില്‍ നടപടി സ്വീകരിച്ചു. ഇതിനെല്ലാം സംസ്ഥാന കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്.
യഥാസമയം കണക്ക് ഏരിയാ കമ്മിറ്റിയില്‍ അവതരിപ്പിക്കാതെ വന്നപ്പോള്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റിക്ക് ബന്ധപ്പെട്ടവരെ കൊണ്ട് അത് ചെയ്യിക്കുന്നതില്‍ വീഴ്ച സംഭവിക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ മറിച്ചുള്ള പ്രചരണങ്ങളെല്ലാം പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ്. പയ്യന്നൂര്‍ ഏരിയയിലെ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കാന്‍ ഉയര്‍ന്ന ഘടകമായ സംസ്ഥാന കമ്മിറ്റിയംഗത്തിന് സെക്രട്ടറിയുടെ ചുമതല കൊടുക്കുകയാണുണ്ടായതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നു.
പുതിയ ഏരിയാ കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ പേരില്‍ നടന്ന ഫണ്ട് വെട്ടിപ്പാണ് ആദ്യം പുറത്തുവന്നത്. 2017ലാണ് സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസായ എകെജി ഭവന്‍ നിര്‍മിക്കുന്നത്. ആ കാലയളവില്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്നത് എംഎല്‍എ ടി ഐ മധുസൂദനന്‍ ആയിരുന്നു. 15,000 പേരില്‍ നിന്ന് 1,000 രൂപ വീതം പിരിച്ച് ചിട്ടി നടത്തിയാണ് ഏരിയാ കമ്മിറ്റി കെട്ടിടനിര്‍മാണത്തിന് പണം കണ്ടെത്തിയത്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുക ചിട്ടിക്കണക്കില്‍ ഉള്‍പ്പെടുത്താതെയായിരുന്നു ലക്ഷങ്ങള്‍ വെട്ടിച്ചത്.
ഏരിയാ കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ പേരില്‍ നടന്ന ഫണ്ട് വെട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടന്നെന്ന വാര്‍ത്ത പുറത്തായത്. 42 ലക്ഷം രൂപ രണ്ട് നേതാക്കളുടെ പേരില്‍ ജോയിന്റ് അകൗണ്ട് ആയി പയ്യന്നൂര്‍ റൂറല്‍ ബാങ്കില്‍ നിക്ഷേപിച്ചെങ്കിലും അത് പാര്‍ട്ടി അറിയാതെ പിന്‍വലിച്ചിരുന്നു. പണം പൂര്‍ണമായും പിന്‍വലിക്കുന്നതിന് മുമ്പ് തന്നെ പലിശയിനത്തിലെ തുകയും ഇവര്‍ കൈപ്പറ്റിയിരുന്നു.
എന്നാല്‍, ഇത് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അന്വേഷിച്ചിട്ടില്ല. 2021 ലെ തിരഞ്ഞെടുപ്പ് ഫണ്ടിലാണ് പിന്നീട് തട്ടിപ്പ് നടന്നത്. പയ്യന്നൂരിലെ മലബാര്‍ പ്രിന്റിങ് പ്രസില്‍ നിന്ന് വ്യാജ രസീതി അടിച്ചായിരുന്നു വെട്ടിപ്പ്. ടി വി രാജേഷ് ചെയര്‍മാനായ പാര്‍ട്ടി അന്വേഷണ കമ്മീഷന് മുന്നില്‍ എംഎല്‍എയുടെ പേര് സ്വകാര്യ പ്രസ് ഉടമ വെളിപ്പെടുത്തിയിരുന്നു. ഈ തെളിവോടെയാണ് വെട്ടിപ്പിന് കൂട്ടുനിന്നവരുടെ തലയില്‍ കുറ്റംകെട്ടിവച്ച് രക്ഷപ്പെടാനുള്ള എംഎല്‍എയുടെ നീക്കം പാളിയത്.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT