Sub Lead

കേന്ദ്ര സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയം തള്ളിക്കളയാന്‍ ജനങ്ങള്‍ മുന്നിട്ടറിങ്ങണം: മുഹമ്മദ് ഷെഫി

ഡല്‍ഹി ജന്തര്‍മന്തറില്‍ 'ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയം തള്ളിക്കളയാന്‍ ജനങ്ങള്‍ മുന്നിട്ടറിങ്ങണം: മുഹമ്മദ് ഷെഫി
X

ന്യൂഡല്‍ഹി: കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയം തള്ളിക്കളയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. വഖ്ഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കും. 1991ലെ ആരാധനാലയ സംരക്ഷണം നിയമം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക, ആരാധനാലയ സംരക്ഷണ നിയമം നടപ്പാക്കുക, വഖ്ഫ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി ജന്തര്‍മന്തറില്‍ 'ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്ന പ്രമേയത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ അനധികൃത സര്‍വേയ്‌ക്കെതിരേ പ്രതിഷേധിച്ച ആറ് മുസ്‌ലിം യുവാക്കളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തെ അദ്ദേഹം അപലപിച്ചു. വെടിവയ്പിന് ഉത്തരവാദികളായ പോലീസുകാരെയും ജില്ലാ ഭരണകൂടത്തെയും ശിക്ഷിക്കണമെന്നും ഷെഫി ആവശ്യപ്പെട്ടു.


തോല്‍ തിരുമാവളവന്‍ എംപി, മുന്‍ എംപിമാരായ മൗലാന ഒബൈദുള്ള ഖാന്‍ അസ്മി, ലാല്‍മണി പ്രസാദ്, സുപ്രീം കോടതി അഭിഭാഷകന്‍ ഭാനു പ്രതാപ്, ബിര്‍ജു നായക് (ലോകരാജ് ഓര്‍ഗനൈസേഷന്‍), ഓള്‍ ഇന്ത്യ ശിയ മുസ്‌ലിം ബോര്‍ഡ് ദേശീയ വൈസ് പ്രസിഡന്റ് മൗലാന സഹീര്‍ അബ്ബാസ്, പരമവീര ചക്ര ജേതാവ് ക്യാപ്റ്റന്‍ അബ്ദുല്‍ ഹമീദിന്റെ കൊച്ചുമകന്‍ ഡോ. ജാവേദ്, എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഇല്യാസ് തുംബെ, യാസ്മിന്‍ ഫാറൂഖി, എസ്ഡിപിഐ മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിദ്യ രാജ് മാള്‍വിയ എന്നിവര്‍ സംസാരിച്ചു.


ജനങ്ങളുടെ മനസ്സില്‍ വിദ്വേഷം സൃഷ്ടിച്ച് അധികാരത്തിലെത്തിയ ബിജെപി രാജ്യത്ത് അരാജകത്വം പടര്‍ത്തുകയാണെന്ന് മൗലാന ഒബൈദുള്ള ഖാന്‍ അസ്മി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നു. ബിജെപിയുടെ മുദ്രാവാക്യം തന്നെ ഇതു വ്യക്തമാക്കുന്നു. ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ഏര്‍പ്പെടുമ്പോള്‍, രാജ്യത്ത് ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ നാം ജനങ്ങളെ ഒന്നിപ്പിക്കുകയാണ്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ നമ്മള്‍ ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നമ്മുടെ രാജ്യത്ത് ഭരണഘടന പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്ന് ലാല്‍മണി പ്രസാദ് പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനും സാമൂഹിക നീതി സ്ഥാപിക്കാനും ത്യാഗം സഹിക്കാന്‍ തയാറാകേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മോദി സര്‍ക്കാരിനെതിരായ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യ സമരമെന്നാണ് ഭാനു പ്രതാപ് വിശേഷിപ്പിച്ചത്. 'നാം ഇവിടെ രണ്ടാം സ്വാതന്ത്ര്യസമരം നടത്തുന്നത് ഫാഷിസ്റ്റ് ഭരണത്തിനെതിരെയാണ്. ഇവിഎം ഉപയോഗിച്ച് നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുന്ന ബിജെപിക്കും മോദി ഭരണത്തിനുമെതിരെയാണ് നമ്മുടെ പോരാട്ടം'- അദ്ദേഹം പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങള്‍ക്ക് പകരം ഫാഷിസ്റ്റ് അജണ്ടയാണ് ഈ സര്‍ക്കാര്‍ ആദ്യം മുതലേ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അതിനെ എതിര്‍ത്ത് ഭരണഘടനയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തോല്‍ തിരുമാവളവന്‍ എംപി പറഞ്ഞു.

എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമതിയംഗങ്ങളായ സഹീര്‍ അബ്ബാസ്, അസ്ഹര്‍ തംബോലി, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് ഡോ. ഐ എ ഖാന്‍, വൈസ് പ്രസിഡന്റ് ഷഹീന്‍ കൗസര്‍, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഹാഷിം മാലിക്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ആസിയ സൈഫി, എസ്ഡിപിഐ ഡല്‍ഹി സ്‌റ്റേറ്റ് ഇന്‍ചാര്‍ജ് അബ്ദുല്‍ ഖാദര്‍ എന്നിവരും പങ്കെടുത്തു. ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍ സ്വാഗതവും ദേശീയ പ്രവര്‍ത്തക സമതിയംഗം ഡോ. നിസാമുദ്ദീന്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it