Sub Lead

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലേര്‍ട്ട്; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

ചാലക്കുടി പുഴയില്‍ പൊതുജനങ്ങളും കുട്ടികളും ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലേര്‍ട്ട്;  ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം
X

ചാലക്കുടി: ശക്തമായ മഴയെ തുടര്‍ന്നുള്ള നീരൊഴുക്ക് മൂലം പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 419 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. ഡാമിലെ ഷട്ടറുകള്‍ തുറന്നുവെച്ചിരിക്കുന്നതിനാല്‍ വൃഷ്ടി പ്രദേശത്തിലെ മഴയ്ക്കനുസരിച്ച് ജലനിരപ്പ് 419.41 മീറ്ററില്‍ എത്തുമ്പോള്‍ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുഴയിലെ ജലനിരപ്പ് 418 മീറ്റര്‍ ആയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് ജലനിരപ്പ് 419 മീറ്ററായത്.

ചാലക്കുടി പുഴയില്‍ പൊതുജനങ്ങളും കുട്ടികളും ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണമുണ്ടാവും. പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തും. കര്‍ശന സുരക്ഷയും ഒരുക്കും. അടിയന്തിര സാഹചര്യം നേരിടുന്നതിന് റൂറല്‍, സിറ്റി ജില്ലാ പോലിസ് മേധാവികള്‍ക്കും ചാലക്കുടി, വാഴച്ചാല്‍ ഡിഎഫ്ഒമാര്‍ക്കും ജില്ലാ ഫയര്‍ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കി.

പുഴയിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ചാലക്കുടി നഗരസഭാ സെക്രട്ടറിക്കും ആതിരിപ്പിള്ളി, പരിയാരം, മേലൂര്‍, കാടുകുറ്റി, അന്നമനട, കുഴൂര്‍, കൊരട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി. കൊവിഡ്19 മാനദണ്ഡമനുസരിച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരായിരിക്കുമെന്നും ഉത്തരവില്‍ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it