Sub Lead

പെരുമ്പാവൂര്‍ ജിഷ വധം: പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ വധശിക്ഷ സുപ്രിം കോടതി സ്‌റ്റേ ചെയ്തു

പെരുമ്പാവൂര്‍ ജിഷ വധം: പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ വധശിക്ഷ സുപ്രിം കോടതി സ്‌റ്റേ ചെയ്തു
X

ന്യൂഡല്‍ഹി: പെരുമ്പാര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ് ലാമിന്റെ വധശിക്ഷ സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്. പ്രതിയുടെ മനശാസ്ത്ര-ജയില്‍ റിപോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശിക്ഷ ലഘൂകരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ അതു പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വധശിക്ഷ ശരിവച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് പ്രതി സുപ്രിം കോടതിയെ സമീപിച്ചത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ടത്. ഡിഎന്‍എ സാംപിളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍, അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത് അമീറുല്‍ ഇസ് ലാമിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പറക്കാട്ട് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അനുമാനങ്ങള്‍ക്ക് നിയമത്തില്‍ നിലനില്‍പ്പില്ല. പ്രതിയുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലമോ കുറ്റകൃത്യ ചരിത്രമില്ലെന്നതോ ഹൈക്കോടതി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, ജയിലിലും നല്ലസ്വഭാവമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. കൊലപാതകത്തില്‍ പ്രതിയുടെ ഉദ്ദേശ്യലക്ഷ്യം എന്തായിരുന്നുവെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതിക്ക് മുന്‍ വൈരാഗ്യമോ ശത്രുതയോ ഉണ്ടായിരുന്നില്ല. സാഹചര്യത്തെളിവുകളും ശക്തമല്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെ യുവതിയെ പീഡിപ്പിച്ചശേഷം അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി വധശിക്ഷയ്ക്ക് അര്‍ഹനാണെന്നാണ് ഹൈക്കോടതി വിധിച്ചിരുന്നത്.

Next Story

RELATED STORIES

Share it