Sub Lead

കേരളാ പോലിസിനെ സംഘപരിവാറിന്റെ കളിസ്ഥലമാക്കിയ പിണറായി രാജിവയ്ക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

കേരളാ പോലിസിനെ സംഘപരിവാറിന്റെ കളിസ്ഥലമാക്കിയ പിണറായി രാജിവയ്ക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
X

കോഴിക്കോട്: കേരളാ പോലിസിനെ സംഘപരിവാറിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനുള്ള കളിസ്ഥലമാക്കി മാറ്റിയ പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഉടന്‍ രാജിവയ്ക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2016ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സന്ദര്‍ഭം മുതല്‍ പോലിസ് സംവിധാനത്തെ സംഘപരിവാര്‍ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിച്ചുവരുകയാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ക്ക് കേരളം ഇതിനകം സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അതാത് സന്ദര്‍ഭങ്ങളില്‍ കേരളത്തിന്റെ മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആ സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും കേരളത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് ഇത് ധ്രുവീകരണം ഉണ്ടാക്കാനുള്ള ചിലരുടെ സംഘടിത ശ്രമം മാത്രമാണ് എന്നായിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയനായ ഒരു ഉദ്യോഗസ്ഥനെ ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ആയി നിലനിര്‍ത്തി ഏതുതരത്തിലുള്ള നിഷ്പക്ഷ അന്വേഷണം നടക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെ ഒരു കീഴ്‌വഴക്കം ചരിത്രത്തിലുണ്ടോ? ആരോപണ വിധേയരായവരെ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തിക്കൊണ്ടേ നിഷ്പക്ഷന്വേഷണം നടക്കൂ എന്നത് ഒരു സത്യമായിരിക്കെ, അജിത് കുമാറിനെ ആ സ്ഥാനത്ത് നിലനിര്‍ത്തി അന്വേഷണത്തെ നിര്‍വീര്യമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആരോപണ വിധേയനായ സുജിത് ദാസിനെതിരെയും അച്ചടക്ക നടപടി ഉണ്ടായിട്ടില്ല. കേരളാ പോലിസില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ധാരാളമുണ്ടെന്നും അവര്‍ പോലിസ് സംവിധാനത്തെ ഉപയോഗിച്ച് പണം സമ്പാദിക്കുകയും പ്രതിയോഗികളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട് എന്നും വാര്‍ത്തകള്‍ നിരന്തരമായി വന്നുകൊണ്ടിരുന്നിട്ടും അതിനൊന്നും പരിഹാരമുണ്ടാക്കാന്‍ ഒരു ശ്രമവും ഇടതു സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആരോപണ വിധേയനായ മുന്‍ മലപ്പുറം എസ്പി സുജിത് ദാസ് മലപ്പുറത്ത് നിരന്തരമായ കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടും മൂന്നുവര്‍ഷത്തോളം അദ്ദേഹത്തിന് അവിടെ തുടരാന്‍ സൗകര്യമൊരുക്കി കൊടുത്തു. താമിര്‍ ജഫ്രി എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് എസ്പി നേരിട്ട് നിയന്ത്രിക്കുന്ന പോലിസ് സംഘമാണ്. എന്നിട്ടും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് എസ്.പിക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കി കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കര്‍ശനമായ നടപടികള്‍ക്ക് വിധേയമാക്കുന്നതിന് പകരം പരിശീലനത്തിന് പോകാന്‍ സൗകര്യം ചെയ്തു കൊടുക്കുകയും മറ്റൊരു ജില്ലയില്‍ എസ്പി ആയി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തത് സുജിത്ത് ദാസിന് സര്‍ക്കാരിലുള്ള സ്വാധീനം വ്യക്തമാക്കുന്ന കാര്യമാണ്.

പി വി അന്‍വര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ശരിയായ അന്വേഷണത്തിന് വിധേയമാക്കി വസ്തുതകള്‍ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഇതിന് പോലിസ് അന്വേഷണം മതിയാവുകയില്ല. സിറ്റിങ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ എന്‍ക്വയറി ആണ് നടക്കേണ്ടത്. ഒപ്പം നിയമസഭാംഗത്തിന്റെ വെളിപ്പെടുത്തല്‍ എന്ന നിലയില്‍ സംയുക്ത നിയമസഭാ സമിതിയുടെ പരിശോധനയും നടക്കേണ്ടതുണ്ട്. വസ്തുതാപരമായ അന്വേഷണം നടക്കണമെങ്കില്‍ ഇത്തരത്തിലുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാത്തലം ഒരുക്കിക്കൊടുത്ത മുഖ്യപ്രതിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ തല്‍സ്ഥാനത്ത് തുടരാന്‍ പാടില്ല. രാഷ്ട്രീയ ധാര്‍മികത അല്‍പം എങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ പിണറായി വിജയന്‍ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടാന്‍ തയ്യാറാവണം. ആര്‍എസ്എസ് ബന്ധം അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാന്‍ സിപിഎം കേന്ദ്ര നേതൃത്വം തയ്യാറാവണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ഖജാഞ്ചി സജീദ് ഖാലിദ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി കെ മാധവന്‍, വൈസ് പ്രസിഡന്റ് പി സി മുഹമ്മദ് കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it