Sub Lead

പ്ലസ് വണ്‍ പ്രവേശനം: മൂന്നാംഘട്ട അലോട്ട്‌മെന്റിലും മലപ്പുറത്ത് 33,598 കുട്ടികള്‍ക്ക് സീറ്റില്ല

പ്ലസ് വണ്‍ പ്രവേശനം: മൂന്നാംഘട്ട അലോട്ട്‌മെന്റിലും മലപ്പുറത്ത് 33,598 കുട്ടികള്‍ക്ക് സീറ്റില്ല
X

മലപ്പുറം: ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന്റെ മൂന്നാംഘട്ട അലോട്ട്‌മെന്റ് പുറത്തുവന്നപ്പോഴും മലബാറില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല. മലപ്പുറം ജില്ലയില്‍ മാത്രം 81,022 അപേക്ഷകരില്‍ 33,598 പേര്‍ സീറ്റ് ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്നാം ഘട്ടത്തില്‍ ആകെ 47,424 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. 47,428 സീറ്റിലേക്കാണു പ്രവേശനം നടന്നത്. മൂന്ന് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായതോടെ ജില്ലയില്‍ ജനറല്‍ വിഭാഗത്തിലെ 35,058 സീറ്റുകളും നിറഞ്ഞു. ജനറലില്‍ ആദ്യം അനുവദിച്ച 22,386ഉം പുതുക്കി അനുവദിച്ച 12,672ഉമടക്കം 35,058 സീറ്റുകളാണ് അലോട്ട്‌മെന്റില്‍ നിറഞ്ഞത്. സംവരണ വിഭാഗത്തില്‍ മുസ്‌ലിം 2809, ഭിന്നശേഷിയിലെ 660, ഒ.ഇ.സിയില്‍ 12, വിശ്വകര്‍മ 751 സീറ്റുകളും അലോട്ട്‌മെന്റില്‍ പൂര്‍ണമായി. ഈഴവ തിയ്യ വിഭാഗത്തില്‍ 2914 സീറ്റില്‍ രണ്ടും എസ്.സി വിഭാഗത്തിലെ 4064ല്‍ രണ്ടും സീറ്റ് വീതമാണ് ഒഴിഞ്ഞ് കിടക്കുന്നത്.എല്‍.എസ്.എ വിഭാഗത്തില്‍ 29, ക്രിസ്ത്യന്‍ ഒ.ബി.സി 18, ഹിന്ദു ഒ.ബി.സി 445, എസ്.ടി 208, കാഴ്ചപരിമിതര്‍ 21, ധീവര ആറ്, കുശവന്‍ 66, കുടുമ്പി രണ്ട്, മുന്നാക്ക പിന്നാക്കം 365 എന്നിങ്ങനെയാണ് പ്രവേശനം നേടിയത്. മൂന്നാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശന നടപടി ശനിയാഴ്ച മുതല്‍ നടക്കും.

ഇതോടെ, ജില്ലയിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. പുറത്ത് നില്‍ക്കുന്ന 33,598 പേര്‍ക്ക് ഇനി എങ്ങനെ സീറ്റ് ലഭിക്കുമെന്നാണ് വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നത്. ഇനി സപ്ലിമെന്ററി ഘട്ടത്തിന് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയിലാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ ജൂലൈ 10 മുതലാണ് ആരംഭിക്കുക. നിലവില്‍ മൂന്ന് അലോട്ട്‌മെന്റുകള്‍ക്ക് ശേഷം താലൂക്ക്തല, പഞ്ചായത്ത്തല പരിശോധനകള്‍ ഉണ്ടാവുമെന്നും ഇനിയും പ്രശ്‌നങ്ങളുള്ള മേഖലകള്‍ ഉണ്ടെങ്കില്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിലെങ്കിലും പ്രശ്‌നം പരിഹരിച്ചിലെങ്കില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സമാന്തര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം 17,000ഓളം വിദ്യാര്‍ഥികളാണ് സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്ത് ഉപരിപഠനത്തിന് ചേര്‍ന്നത്. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ, പോളിടെക്‌നിക്, ഐടിഐ എന്നിവിടങ്ങളിലായി 76,970 സീറ്റുകളുണ്ടെന്നാണ് പറയുന്നത്. 81,022 അപേക്ഷകരുള്ള ജില്ലയില്‍ 4,052 പേര്‍ സീറ്റിന് പുറത്തുണ്ട്. ഇതില്‍ അണ്‍ എയ്ഡഡ് മേഖലയിലെ പണം മുടക്കി പഠിക്കേണ്ട 11,286 സീറ്റിന്റെ എണ്ണം കൂടി ചേര്‍ത്താല്‍ 15,338 കുട്ടികളുടെ കാര്യം ഉപരിപഠനം ത്രിശങ്കുവിലാണ്.

Next Story

RELATED STORIES

Share it