Sub Lead

ഗുജറാത്തില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി; ലക്ഷ്യം വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ്

ഗുജറാത്തില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി; ലക്ഷ്യം വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ്
X

ഗാന്ധിനഗര്‍: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലേക്ക്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് മോദിയുടെ മെഗാ റോഡ് ഷോ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഗുജറാത്തിലെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച വൈകുന്നേരം മേംനഗറിലെ ജിഎംഡിസി മൈതാനത്ത് നടക്കുന്ന പഞ്ചായത്ത് മഹാസമ്മേളനം 'ഗുജറാത്ത് പഞ്ചായത്ത് മഹാ സമ്മേളന്‍' അദ്ദേഹം അഭിസംബോധന ചെയ്യും.

ത്രിതല പഞ്ചായത്തുകളെ പ്രതിനിധീകരിച്ചുള്ളവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വന്‍ റോഡ് ഷോ നടത്തിയാണ് പ്രധാനമന്ത്രി ഗാന്ധിനഗറിലെത്തിയത്. അഹമ്മദാബാദ് കമലം വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി അവിടെനിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ബിജെപി ആസ്ഥാനത്തേക്ക് തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു. തുറന്ന ജീപ്പില്‍ വഴിയരികില്‍ കാത്തുനിന്ന ആളുകളെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി യാത്ര തുടര്‍ന്നത്. കാവി നിറത്തിലുള്ള തൊപ്പി ധരിച്ചാണ് അദേഹം റോഡ് ഷോയില്‍ പങ്കെടുത്തത്.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീലും വാഹനത്തിലുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 11ന് രാഷ്ട്രീയ രക്ഷാ സര്‍വകലാശാലയുടെ (ആര്‍ആര്‍യു) കെട്ടിടം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. അതിനുശേഷം രാജ്ഭവനിലും അവിടുന്ന് നവരംഗപുരയിലെ സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 11ാമത് 'ഖേല്‍ മഹാകുംഭ്' പരിപാടി ഉദ്ഘാടനം ചെയ്യും. അതിനുശേഷമാവും മോദി ഡല്‍ഹിയിലേക്ക് തിരികെ പോവുക. ഈ വര്‍ഷം അവസാനത്തോടെയാണ് ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇപ്പോഴുള്ള മോദിയുടെ സന്ദര്‍ശനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകരുള്‍പ്പടെ കാണുന്നത്.

Next Story

RELATED STORIES

Share it