Sub Lead

പൗരത്വനിയമഭേദഗതി വിരുദ്ധസമരം: മുസ്‌ലിം യുവാക്കളെ കൊണ്ട് ദേശീയഗാനവും വന്ദേമാതരവും പാടിപ്പിച്ച പോലിസുകാരനെതിരെ കേസെടുക്കണം; പോലിസുകാര്‍ ചെയ്തത് വിദ്വേഷക്കുറ്റം

പൗരത്വനിയമഭേദഗതി വിരുദ്ധസമരം: മുസ്‌ലിം യുവാക്കളെ കൊണ്ട് ദേശീയഗാനവും വന്ദേമാതരവും പാടിപ്പിച്ച പോലിസുകാരനെതിരെ കേസെടുക്കണം; പോലിസുകാര്‍ ചെയ്തത് വിദ്വേഷക്കുറ്റം
X

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ സമരകാലത്ത് മുസ്‌ലിം യുവാക്കളെ കൊണ്ട് ദേശീയഗാനവും വന്ദേമാതരവും നിര്‍ബന്ധമായി പാടിപ്പിച്ച പോലിസുകാരനെതിരെ കേസെടുക്കാന്‍ ഉത്തരവ്. 2020ല്‍ ഡല്‍ഹിയില്‍ സമരങ്ങള്‍ നടന്ന കാലത്ത് അതിക്രമം കാണിച്ച ജ്യോതിനഗര്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന തോമറിനെതിരെ കേസെടുക്കാനാണ് കാര്‍ക്കദൂമ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ പോലിസുകാരനും മറ്റു പോലിസുകാരും വിദ്വേഷക്കുറ്റം ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295എ (മതവികാരങ്ങളെയോ മതവിശ്വാസങ്ങളെയോ അപമാനിച്ചുകൊണ്ട് അവരെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വ്വവും ദ്രോഹപരവുമായ പ്രവൃത്തികള്‍), 323(പരിക്കേല്‍പ്പിക്കല്‍), 342 (നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കേണ്ടത്.

ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനായിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും ആരോപണവിധേയരായ മറ്റു പോലിസുകാര്‍ക്കെതിരേയും അന്വേഷണം നടത്തണമെന്നും ജെഎഫ്‌സിഎം ഉഭവ് കുമാര്‍ ജെയിനിന്റെ ഉത്തരവ് പറയുന്നു. 2020 ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലിസ് അതിക്രമത്തിന് ഇരയായ മുഹമ്മദ് വസീം നല്‍കിയ കേസിലാണ് ഉത്തരവ്.

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം നടത്തിയ തങ്ങളെ ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ഒരു സംഘം 2020 ഫെബ്രുവരി 24ന് ആക്രമിച്ചതായി മുഹമ്മദ് വസീം കോടതിയെ അറിയിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ കപില്‍ മിശ്രയുടെ സംഘം വെടിയുതിര്‍ത്തു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലിസ് പിടികൂടി മര്‍ദ്ദിച്ചു. കപില്‍ മിശ്രയെ പിന്തുണക്കുന്നവരായിരുന്നു പോലിസുകാര്‍. നിരവധി പേരെ മര്‍ദിച്ച് അവശരാക്കി ഒരു സ്ഥലത്ത് കൂട്ടിയിട്ടു. അതിന് ശേഷമാണ് ബലം പ്രയോഗിച്ച് ദേശീയഗാനവും വന്ദേമാതരവും പാടിപ്പിച്ചത്. ജയ് ശ്രീ റാം മുദ്രാവാക്യവും വിളിപ്പിച്ചു. തുടര്‍ന്ന് ജ്യോതിനഗര്‍ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഫൈസാന്‍ എന്ന 23 കാരന്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തിലെ അന്വേഷണം 2024 ആഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐക്ക് കൈമാറിയതായും മുഹമ്മദ് വസീം കാര്‍ക്കദൂമ കോടതിയെ അറിയിച്ചു.

വിദ്വേഷക്കുറ്റം ചെയ്ത പോലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് വസീം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടികളൊന്നുമുണ്ടാവാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ പരാതി നല്‍കിയത്. ജ്യോതിനഗര്‍ എസ്എച്ച്ഒയും മറ്റു പോലിസ് ഉദ്യോഗസ്ഥരും വസീമിനും സംഘത്തിനുമെതിരെ വിദ്വേഷക്കുറ്റങ്ങള്‍ ചെയ്തതായി വാദം കേട്ട കോടതി കണ്ടെത്തി. ഇത്തരം പ്രവൃത്തികള്‍ ചെയ്ത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ മറവില്‍ രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

സംഭവത്തില്‍ കപില്‍ മിശ്രക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എംപി/എംഎല്‍എ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. കപില്‍ മിശ്രക്കെതിരായ ആരോപണങ്ങള്‍ മൂടിവെക്കാന്‍ പോലിസ് ശ്രമിച്ചതായും കോടതി പറഞ്ഞു.


കപില്‍ മിശ്ര

രാഷ്ട്രീയ നേതാവായ കപില്‍മിശ്രക്കെതിരായ ആരോപണത്തില്‍ സൂക്ഷ്മമായ അന്വേഷണം ആവശ്യമാണ്. ഇവര്‍ പൊതുജനങ്ങളെ നയിക്കുന്നവരാണ്. അതിനാല്‍, ഭരണഘടനാപരമായ പ്രവൃത്തികളാണ് അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. സാമുദായിക ഐക്യത്തെ ബാധിക്കുന്ന പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ജനാധിപത്യവിരുദ്ധമാണ്. മതേതരത്വം അടങ്ങിയ ഭരണഘടനയെ മുറുകെ പിടിക്കേണ്ടവരില്‍ നിന്നുള്ള ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it