Sub Lead

വിഴിഞ്ഞം സംഘര്‍ഷം; ആര്‍ച്ച് ബിഷപ്പിനെതിരായ കേസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍

വിഴിഞ്ഞം സംഘര്‍ഷം; ആര്‍ച്ച് ബിഷപ്പിനെതിരായ കേസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍
X

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച അനൂപ് ജേക്കബ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടത്തിയത്. നിയമാനുസൃത നടപടി മാത്രമാണ് പോലിസ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പിനെതിരേ കേസെടുത്തിട്ടുണ്ടോ ? വിശദമാക്കാമോ എന്ന അനൂപ് ജേക്കബിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.

ബിഷപ്പിനെതിരേ കേസെടുത്തിട്ടുണ്ട്. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായങ്ങളിലെ നിര്‍ദേശങ്ങള്‍ ലംഘിച്ച് നടന്ന സമരത്തിനിടെയുണ്ടായ സംഭവങ്ങളില്‍ ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള നിയമാനുസൃതമായ നടപടികളാണ് പോലിസ് സ്വീകരിച്ചത്. ഈ കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേസുകള്‍ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് നിയമാനുസൃതമായ അന്വേഷണം നടക്കുകയാണെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പോലിസ് സ്‌റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള അക്രമസംഭവങ്ങളുണ്ടായതോടെയാണ് ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെ അമ്പതോളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തത്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സഹായമെത്രാന്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന സമരസമിതി കണ്‍വീനര്‍ ഫാ.യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ള വൈദികര്‍ക്കെതിരേ വധശ്രമത്തിനും കേസെടുത്തു. സംഘര്‍ഷമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കണ്ടാലറിയാവുന്ന ആയിരക്കണക്കിന് ആളുകളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it